ഭരത് മുരളി നാടകോത്സവം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
- വാർത്ത - ലേഖനം
അബുദാബി കേരളസോഷ്യൽ സെന്റർ (കെ.എസ്.സി.) സംഘടിപ്പിച്ച 12 - മത് ഭരത് മുരളി നാടകോത്സവം പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു.
ഓർമ ദുബായ് അവതരിപ്പിച്ച "ഭൂതങ്ങൾ' ആണ് മികച്ച നാടകം. ഒ.ടി. ഷാജഹാൻ (ഭൂതങ്ങൾ) ആണ് മികച്ച സംവിധായകൻ. മികച്ച നടൻ പ്രകാശൻ തച്ചങ്ങാട് (സോവിയറ്റ് സ്റ്റേഷൻ കടവ്) തിരഞ്ഞെടുക്കപ്പെട്ടു.
ജീവലത എന്ന നാടകത്തിലെ അഭിനയത്തിന് ദിവ്യാ ബാബുരാജ്, ടോയ്മാൻ എന്ന നാടകത്തിലെ അഭിനയത്തിന് സുജ അമ്പാട്ട് എന്നിവർ മികച്ച നടിക്കുള്ള പുരസ്ക്കാരം പങ്കിട്ടു.
ഭൂതങ്ങളിലെ അഭിനയത്തിന് അക്ഷയ് ലാൽ മികച്ച ബാലതാര മായി. സോവിയറ്റ് സ്റ്റേഷൻ കടവ് (ശക്തി തീയറ്റേഴ്‌സ് അബുദാബി), കാമമോഹിതം (ഒൻ്റാരിയൊ തിയറ്റേഴ്‌സ് ദുബായ്) എന്നിവ മികച്ച രണ്ടാമത്തെ നാടകങ്ങളായിതിരഞ്ഞെടുക്കപ്പെട്ടു.
ചമയം തിയറ്റേഴ്‌സ് ഷാർജയുടെ ടോയ്മാൻ എന്ന നാടകത്തിനാണ് മൂന്നാംസ്ഥാനം.
മറ്റു പുരസ്കാരങ്ങൾ: മികച്ച രണ്ടാമത്തെ സംവിധായകൻ - സുവീരൻ (കാമമോഹിതം), രണ്ടാമത്തെ ബാലതാരം അഞ്ജന രാജേഷ് (ജീവലത), രണ്ടാമത്തെ നടി - ആദിത്യ പ്രകാശ് (ട്വിങ്കിൽ റോസയും 12 കാമുകന്മാരും), രണ്ടാമത്തെ നടൻ അരുൺ ശ്യാം (ആറാം ദിവസം), മികച്ച പ്രവാസി സംവിധായകൻ - ബിജു കൊട്ടില (കെ.പി. ബാബുവിൻ്റെ പൂച്ച), ചമയം - 'ചമയം ഷാർജ (ടോയ്മാൻ), പശ്ചാത്തലസംഗീതം - വിജു ജോസഫ് (കാമ മോഹിതം), രംഗ സജ്ജീകരണം അലിയാർ അലി (ഭൂതങ്ങൾ), പ്രകാശവിതാനം - അനൂപ് പൂന (മരണക്കളി), സ്പെഷ്യൽ ജൂറി പുരസ്‌കാരങ്ങൾ - ക്ലിൻ്റ് പവിത്രൻ (മേകപ്പ്, ആറാംദിവസം, ഭൂതങ്ങൾ, സോവ്യറ്റ് സ്റ്റേഷൻ കടവ്, ജീവലത) ഡ്രമാറ്റജി - ഹസിം അമരവിള (സോവിയറ്റ് സ്റ്റേഷൻ കടവ്), മികച്ച ഏകാങ്ക നാടകരചന - ബാബുരാജ് പിലിക്കോട്, നാടകോത്സവത്തിൽ സംഗീതം നിർവഹിച്ച 12-കാരി നന്ദിത ജ്യോതിഷിന് കെ.എസ്.സി.യുടെ പ്രത്യേക ഉപഹാരംനേടി.
വിധികർത്താക്കളായ പ്രമോദ് പയ്യന്നൂർ, പി.ജെ. ഉണ്ണികൃഷ്ണൻ എന്നിവരാണ് പുരസ്കാരങ്ങൾ പ്ര ഖ്യാപിച്ചത്.
മേളയിലവതരിപ്പിച്ച നാടകങ്ങളെ അവലോകനം നടത്തുകയും ചെയ്തു. കെ.എസ്.സി. പ്രസിഡന്റ് എ.കെ. ബീരാൻകുട്ടിയും മറ്റു ഭാരവാഹികളും പുരസ്ക്കാരങ്ങൾ സമ്മാനിച്ചു.
അഡ്വ. അൻസാരി സൈനുദ്ധീൻ, കലാവിഭാഗം സെക്രട്ടറി ലതീഷ് ശങ്കർ എന്നിവർ സംസാരിച്ചു. കെ. സത്യൻ സ്വാഗതവും ബാദുഷ നന്ദിയും പറഞ്ഞു.