അരങ്ങൊഴിഞ്ഞ വിജയശേഖരന് വിട
ഗോപൻ പഴുവിൽ
കലാ ലോകത്തിന് ഇന്ന് വലിയ രണ്ട് നഷ്ടങ്ങളാണുണ്ടായത്. ഒരാൾ എല്ലാരുമറിയുന്ന കെപിഎസി. ലളിത, മറ്റേയാൾ അധികമാരുമറിയാത്ത വിജയ ശേഖരൻ.
വിജയശേഖരൻ. അതുല്യനായ, അമൂല്യനായ നാടക കൃത്ത്. നാടക രചനയിൽ അദ്ദേഹം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കിൽ വയലാ വാസുദേവപ്പിള്ളക്കും ജി. ശങ്കരപ്പിള്ളക്കും കാവാലത്തിനുമൊക്കെയൊപ്പം കേരളം അദ്ദേഹത്തേയും ആദരിച്ചേനെ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നിറഞ്ഞ അറിവും നിറയെ പുത്തൻ ആശയങ്ങളും എന്നും വിജയ ശേഖരന്റെ കൂടെ ഉണ്ടായിരുന്നു. പക്ഷെ അവ അത്രയും അറിയാൻ ഭാഗ്യമുണ്ടായത് ബഹ്‌റൈൻ മലയാളിക്കാണെന്ന് മാത്രം. ഞാനും അതറിഞ്ഞ, അനുഭവിച്ച ബഹ്‌റൈൻ മലയാളി. ബഹ്‌റൈൻ കേരളീയ സമാജത്തിന് അല്ലെങ്കിൽ ബഹ്‌റൈൻ മലയാളിക്ക് തന്നെ ഒരിക്കലും മറക്കാനാത്ത നാടക കൂട്ടായിരുന്നു വിജയൻ-വിജയശേഖരന്മാർ. വിജയൻ ചിത്രകാരനാണ്, ശില്പിയാണ്. നൂതനാവിഷ്ക്കാരങ്ങൾക്കായി ദാഹിച്ചു നടക്കുന്ന സംവിധായകനാണ്. ഈ രണ്ട് പേരും ഒന്ന് ചേർന്നപ്പോൾ ബഹ്‌റൈൻ നാടക വേദിയിൽ അതിശയങ്ങൾ പിറക്കുകയിരുന്നു.
വലിയൊരു ഉടക്കിലൂടെയാണ് ഞാൻ അവരുമായി പരിചയമാകുന്നത്. 1988 അവസാനമാണ് ഞാൻ ബഹ്‌റൈനിൽ എത്തുന്നത്. 1989 ലോ 90 ലോ ആണ് ബഹ്‌റൈൻ കേരളീയ സമാജത്തിൽ ഈ കൂട്ടുകെട്ടിലെ ആദ്യ നാടകം 'മോഹഞ്ജദാരോ' അരങ്ങേറുന്നത്. എന്നിലെ നാടകാസ്വാദകനെ ആ നാടകം നിരാശപ്പെടുത്തി. വളരെ ദുരൂഹമായ നാടകം എന്നാണ് എനിക്ക് തോന്നിയത്. മാതൃ ഭൂമി ദിന പത്രത്തിൽ (അന്ന് ഗൾഫ് പേജ്കൾ ആയിട്ടില്ല) മോഹഞ്ജദാരോവിനെ ശക്തമായി വിമർശിച്ചുകൊണ്ട് ഞാൻ ഒരു ലേഖനമെഴുതി. (മനസ്സിൽ ആർട്ടും കമേഴ്സ്യലിസവും ചേർന്ന സങ്കൽപ്പമായിരുന്നതിന്റെ അഹങ്കാരമാകാം അന്നെന്നെക്കൊണ്ട് അങ്ങനെ കുറിപ്പിച്ചത്). അതോടെ അവർക്ക് അന്നെന്നെ യാതൊരു പരിചയവും ഇല്ലാത്ത ശത്രുവായി. പിന്നീടവർ സമാജത്തിൽ തന്നെ സൂര്യ പടം എന്ന പേരിൽ ഒരു നാടകം അവതരിപ്പിച്ചെങ്കിലും നാട്ടിൽ ആയിരുന്നതിനാൽ എനിക്കത് കാണാനായില്ല.
1992 ഓഗസ്റ്റിൽ വിജയശേഖരൻ എഴുതി വിജയൻ സംവിധാനം ചെയ്ത 'ശാർവ്വരം' എന്ന നാടകം സമാജത്തിൽ തന്നെ അരങ്ങേറി. അന്നുവരെ അവിടെയുള്ളവർക്ക് പരിചിതമായ നാടക അനുഭവങ്ങളെയും സങ്കൽപ്പങ്ങളെയും അപ്പാടെ മാറ്റി മറിച്ച നാടകമായിരുന്നു അത്. സദസ്സിൽ തന്നെ കുറെ സ്ഥലം സാമ്പ്രാദായീക രീതിയിൽ മഞ്ഞൾ പൊടി, കരിപ്പൊടി തുടങ്ങിയ വിവിധ പൊടികൾ കൊണ്ട് കളമെഴുതി ആ കളത്തിലായിരുന്നു കഥാപാത്രങ്ങൾ ജീവിച്ചത്. നാടകം നടക്കുമ്പോൾ കളം അൽപ്പാൽപ്പം മാഞ്ഞു വന്ന് അവസാനം കളം (തറ) പൂർണ്ണമായും മാഞ്ഞു പോകുന്നു. അരങ്ങ് തന്നെ പ്രധാന കഥാ പാത്രമായ നാടകം. യുദ്ധങ്ങൾ ഭൂമിയെ തന്നെ ഇല്ലാതാക്കുകയാണ് എന്ന മഹാ സാരം ആരും ചൂണ്ടികാണിക്കാതെത്തന്നെ ഏതൊരു പ്രേക്ഷകനും ഉൾക്കൊണ്ട നാടകമായിരുന്നു അത്. എന്നെയും ഏറെ സന്തോഷിപ്പിച്ച നാടകം. ആ സന്തോഷം മാതൃ ഭൂമി പത്രത്തിൽ തന്നെ അയച്ചു കൊടുത്ത് പ്രസിദ്ധീകരിച്ചു. അതിന് ശേഷമാണ് ഞങ്ങൾ പരിചയപ്പെടുന്നത്. അന്ന് സമാജം കലാ വിഭാഗം സെക്രട്ടറി ആയിരുന്ന ശ്രീ ബോബൻ ഇടിക്കുളയാണ് നിങ്ങൾ തല്ലാൻ നടന്ന ഗോപനാണിത് എന്ന് പറഞ്ഞ് എന്നെ പരിചയപ്പെടുത്തിയത് എന്നോർക്കുന്നു.
അന്ന് തുടങ്ങിയ സ്നേഹ സൗഹൃദം ഇപ്പോഴും തുടരുന്നു.
പിന്നീട് ഇന്ത്യൻ ക്ലബ്ബിൽ വലിയൊരു മരത്തിന്റെയും അതിന്റെ ചുറ്റുമുള്ള തറയുടെയും സെറ്റിട്ട് ആ മരത്തറക്ക് ചുറ്റുമായി അവതരിപ്പിച്ച 'കാളിദാസ'. കടൽത്തീരത്ത് 120 അടി (നൂറ്റി ഇരുപത് ) സ്റ്റേജിൽ 85 കലാകാരന്മാരെയും കലാ കാരികളെയും വേദിയിലേറ്റി അവതരിപ്പിച്ച 'സ്വാതി തിരുനാൾ' എന്നീ നാടകങ്ങൾക്ക് സാക്ഷികൾ ആയത് ഭാഷാഭേദമന്യേ ആയിരക്കണക്കിന് ആസ്വാദകർ ആയിരുന്നു. വിജയ ശേഖരൻ മലയാളത്തിൽ എഴുതിയ കാളിദാസയും സ്വാതി തിരുനാളും ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തിയത് സുധീർ അച്ചനായിരുന്നു. അങ്ങനെ വിജയനും വിജയ ശേഖരനും ബഹ്‌റൈനിൽ ഒരുവിധം എല്ലാവർക്കും അറിയാവുന്ന നാടക പ്രതിഭകളായി.
ബഹ്‌റൈൻ കേരളീയ സമാജത്തിൽ പതിവ് പോലെ വിജയ ശേഖരൻ എഴുതി വിജയൻ സംവിധാനം ചെയ്യുന്ന വാസവ ദത്ത അവതരിപ്പിക്കാൻ ഒരുങ്ങുന്ന സമയം. ഒരു ദിവസം സമാജത്തിൽ വെച്ച് ഇവർ വാസവദത്തയിലെ ഗാനങ്ങൾ എന്നോട് എഴുതാൻ ആവശ്യപ്പെടുന്നു. അന്ന് വിജയ ശേഖരൻ പറഞ്ഞത് ഇന്നും എന്റെ മനസ്സിലുണ്ട്.
"ഗോപൻ, എന്റെ വാസവദത്ത പൂർണ്ണമായും കുമാരനാശാന്റെ വാസവ ദത്തയല്ല. പ്രാചീന മണി പ്രവാള പാട്ട് സാഹിത്യത്തിൽ മേദിനി വെണ്ണിലാവ് എന്ന ഗണിക സ്ത്രീയും അവരുടെ മകളുമുണ്ട്. ഗണികമാരുടെ ഉത്സവമായ ചന്ദ്രോത്സവം നടത്തുന്നത് മേദിനി വെണ്ണിലാവാണ്. എന്റെ സുരസേന മേദിനി വെണ്ണിലാവും വാസവ ദത്ത അവരുടെ മകളുമാണ്. അത് കൊണ്ട് തന്നെ ഉപഗുപ്തനിൽ വാസവ ദത്ത കാണുന്നത് ഗന്ധർവ്വനെയാണ്. ഇതൊക്കെ മനസ്സിൽ വെച്ച് വേണം വരികൾ എഴുതി."
ആ നിബന്ധനയിൽ വാസവദത്തക്ക് വേണ്ടി 4 പാട്ടുകൾ എഴുതി. തിരുവനന്തപുരംകാരൻ ജിനോബി എന്ന യുവ സംഗീതജ്ഞൻ സംഗീത സംവിധാനം നിർവ്വഹിച്ച പാട്ടുകൾ അത്രയും അന്ന് ശ്രദ്ധേയമായി എന്നും കൂട്ടിചേർക്കട്ടെ.
വർഷങ്ങൾ കടന്നു പോയി. ഞാനും വിജയനും വിജയ ശേഖരനുമെല്ലാം എക്സ് ബഹ്‌റൈനികളായി. ഇതിനിടയിൽ വിജയൻ ഇടയ്ക്കു ഫോണിൽ ബന്ധപ്പെടാറുണ്ട്. മൂന്ന് നാല് മാസം മുമ്പ് വിജയന്റെ കയ്യിൽ നിന്ന് വിജയ ശേഖരന്റെ ഫോൺ നമ്പർ സംഘടിപ്പിച്ച് വിളിക്കുന്നു. നീണ്ട കാലത്തിന് ശേഷമുള്ള സംഭാഷണങ്ങൾക്ക് ശേഷം അദ്ദേഹം ആവശ്യപ്പെടുന്നു.
"ഗോപൻ, വാസവദത്ത അവതരിപ്പിച്ചതിന്റെ ഒരു ശേഷിപ്പും എന്റെ കയ്യിലില്ല. സുന്ദരി... എന്ന ആ പാട്ടിന്റെ വരികൾ അയച്ചു തരുമോ. ഒരു ഓർമ്മ സുഖത്തിന്".
കഷ്ട കാലത്തിനു ആ വരികൾ മുഴുവൻ എനിക്കും ഓർമ്മയുണ്ടായിരുന്നില്ല. എവിടെയോ എഴുതി വെച്ചത് കാണാനും ഉണ്ടായിരുന്നില്ല. എന്നാലും പല്ലവി ഓർമ്മയുണ്ടായിരുന്നു.അത് അയച്ചു.
"സുന്ദരീ... വന ജ്യോൽസ്നകൾ കാതിൽ ചൊല്ലി മന്ദം
ഗന്ധമാദന രാവിന്റെ സാരം
ഈ തളിരുടൽ പൂത്തൂലഞ്ഞതെന്നറിഞ്ഞു ഞാൻ
സുഭഗേ... സഖേ...
നല്ലൊരു നർത്തകൻ കൂടിയായ കുളത്തൂപ്പുഴ ശിവകുമാറും ഡാൻസ് ടീച്ചർ കൂടിയായ ഉഷാ രമേശും ഗന്ധർവ്വനും വാസവ ദത്തയുമായി ചെറിയ നൃത്ത ചുവടുകളോടെ ആ രംഗം മനോഹരമാക്കി. സിനിമതാരം വിനീതിന്റെ ഭാര്യയുടെ അമ്മയായ പുഷ്പ ടീച്ചർ ആയിരുന്നു സുരസേന.
ഈയിടെ നടന്ന മകളുടെ വിവാഹത്തിന് ക്ഷണിച്ചിരുന്നു. അവസാനത്തെ വാട്സപ്പ് സന്ദേശം.
തിരുവനന്തപുരത്ത് വെച്ചായതിനാൽ പോകാൻ കഴിഞ്ഞില്ല.
ഇന്ന് രാവിലെ വാട്സപ്പിൽ വിജയന്റെ സന്ദേശം.
വിജയശേഖരന് യാത്രാ മൊഴി. കോവിഡ് ആയിരുന്നു.
പ്രിയ കൂട്ടുകാരാ.. യാത്രാമംഗളങ്ങൾ. (മരണത്തിൽ മംഗളമാശംസിക്കാമോ? അറിയില്ല. അറിയണ്ട )
വിജയ ശേഖരൻ എന്ന അതുല്യ പ്രതിഭയെ പറ്റി ഈ വാക്കുകൾ കുറിക്കേണ്ടത് എന്റെ കടമയാണെന്ന് വിശ്വസിക്കുന്നു.
രചനാ രംഗത്ത് ഉയരങ്ങളിൽ ആരൊക്കെയോ ആയിത്തീ രേണ്ടിയിരുന്ന പ്രഗത്ഭ വ്യക്തി അധികമാരുമറിയാതെ, ആരുമായി ആയിത്തീരാതെ തിരിച്ചു പോകുമ്പോൾ അദ്ദേഹത്തെ ആവും വിധം ചെറുതായൊന്നു ചൂണ്ടികാണിക്കുകയെങ്കിലും ചെയ്യണ്ടേ?
പക്ഷെ, അങ്ങനെ എത്രയെത്ര പ്രതിഭകളാണ് കാല യവനിക്കപ്പുറം വിസ്‌മൃതരായി മറഞ്ഞു പോയത് അല്ലേ?