'കക്കുകളി' നാടകത്തിനെതിരെ വ്യാപക പ്രതിഷേധം
- വാർത്ത - ലേഖനം
'കക്കുകളി' നാടകം ക്രൈസ്തവവിശ്വാസത്തെ ആക്ഷേപിക്കുന്നത് - കത്തോലിക്ക കോൺഗ്രസ്
തൃശ്ശൂർ: ഗുരുവായൂർ നഗരസഭയുടെ സർഗോത്സവത്തിന്റെ ഭാഗമായി നടത്തിയ 'കക്കുകളി' നാടകാവതരണം ക്രൈസ്തവ സമുദായത്തോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് തൃശ്ശൂർ അതിരൂപത സമിതി കുറ്റപ്പെടുത്തി. തൃശ്ശൂരിൽ കഴിഞ്ഞമാസം 'ഇറ്റ് ഫോക്ക് ഇൻറർനാഷണൽ തീയേറ്റർ ഫെസ്റ്റിവലിലും ഇതേ നാടകം അവതരിപ്പിച്ചിരുന്നു. അന്ന് ഉയർന്നുവന്ന പ്രതിഷേധങ്ങളെ അവഗണിച്ചുകൊണ്ടാണ് സർക്കാർ ഫണ്ട് ഉപയോഗിച്ച് സർക്കാർ സംവിധാനങ്ങളുടെ ഭാഗമായി ഈ നാടകാവതരണം തുടരുന്നത്.
ഇറ്റ് ഫോക്ക് നാടകവേദിയിൽ അവതരിപ്പിക്കുമ്പോൾ സംസ്ഥാന മന്ത്രിതന്നെ കാഴ്ചക്കാരനായെത്തി. ഇത്തരം നടപടികളുമായി മുന്നോട്ടുപോകാൻ സർക്കാർ മുതിർന്നാൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് കത്തോലിക്കാ കോൺഗ്രസ് അതിരൂപതാസമിതി മുന്നറിയിപ്പ് നൽകി.
അതിരൂപതാ ഡയറക്ടർ ഫാ. വർഗീസ് കൂത്തൂർ, ജോഷി വടക്കൻ, എൻ.പി. ജാക്സൻ, ജോൺസൺ ആളൂർ, തോമസ് ചിറമ്മൽ, റോണി ആഗസ്റ്റിൻ, തോമസ് ചിറമ്മൽ, കരോളി ജോഷ്വ, മേഫി ഡെൽസൻ എന്നിവർ പ്രസംഗിച്ചു.
അനാവശ്യ വിവാദങ്ങളിൽ നിന്ന് സഭ പിന്മാറണം- യുവകലാസാഹിതി
തൃശ്ശൂർ: ഗുരുവായൂർ നഗരസഭയുടെ സർഗോത്സവം പരിപാടിയുടെ ഭാഗമായി അരങ്ങേറിയ ‘കക്കുകളി' നാടകത്തിനെതിരേ കത്തോലിക്കാസഭാ കേന്ദ്രങ്ങളിൽനിന്നുണ്ടായ അനാവശ്യ വിവാദങ്ങളിൽനിന്ന് സഭാനേതൃത്വം പിന്മാറണമെന്ന് യുവകലാസാഹിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ അന്താരാഷ്ട്ര നാടകോത്സവത്തിൽ ഉൾപ്പെടെ പ്രശംസ പിടിച്ചുപറ്റിയ നാടകമാണിത്.
നാടകപ്രവർത്തകരുടെ ആത്മവിശ്വാസത്തെയും ആവിഷ്കാരസ്വാതന്ത്ര്യത്തെയും ഹനിക്കുന്ന നീക്കങ്ങളിൽനിന്ന് ബന്ധപ്പെട്ടവർ പിന്മാറണം. നെയ്തൽ നാടകസംഘത്തിന്റെ പ്രവർത്തകർക്ക് സംരക്ഷണം നൽകാൻ സർക്കാർ തയ്യാറാകണമെന്നും യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് സോമൻ താമരക്കുളം, സെക്രട്ടറി സി.വി. പൗലോസ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.
NB: ലോക നാടക വാർത്തകൾ അംഗങ്ങൾ
നെയ്തൽ നാടകസംഘത്തിനു പിന്തുണ അറിയിക്കുന്നു. ആവിഷ്കാര സ്വാതന്ത്രത്തിനെതിരെയുള്ള കടന്നു കയറ്റമായാണ് എൽ.എൻ.വി മാഗസിൻ പത്രാധിപ സമിതി നാടകത്തിനെതിരെ നടക്കുന്ന പ്രചാരണത്തെ വിലയിരുത്തുന്നത്.
നാടകം നാടിന്റെ നന്മക്ക്.