നാടകം കളിച്ച് ഒരോണം.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
അടച്ചുപൂട്ടൽ കാലത്തിനുശേഷം ചെറിയ ചെറിയ അതിജീവനങ്ങളിലൂടെ നമ്മുടെ നാടകവേദി ഉയിർത്തെഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ നാടകം കളിച്ചു ജീവിച്ചിരുന്ന കോഴിക്കോടും മലപ്പുറത്തുമുള്ള കുറച്ച് നാടക പ്രവർത്തകർ ചേർന്ന്, അതിജീവനത്തിന്റെ ഭാഗമായ് നാടകം കളിച്ചുകൊണ്ടൊരോണക്കച്ചോടം നടത്തി ഓണമുണ്ണാൻ ഒരുങ്ങുകയാണ്. "ചക്രം" എന്നാണ് നാടകത്തിനിട്ടിരിക്കുന്ന പേര്. ആഗസ്റ്റ് 28 മുതൽ കോഴിക്കോട് മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിലാണ് ചക്രമുരുട്ടിക്കൊണ്ട് ഓണക്കച്ചോടം നടത്തി നാടകം കളിക്കുന്നത്.
ഒരു ട്രയൽ എന്ന നിലയിൽ ആഗസ്റ്റ് 25ന് വൈകീട്ട് 5 മണിക്ക് കോഴിക്കോട് ജില്ലാ ലൈബ്രറിക്ക് മുൻ വശത്ത് "ചക്രം" ഉരുട്ടുന്നുണ്ട്. ഉദ്ഘാടകനായി ഡോ.കെ ശ്രീകുമാറും മുഖ്യാതിഥിയായ് അപ്പുണ്ണി ശശിയും ഒപ്പം കോഴിക്കോട്ടെ നാടക പ്രവർത്തകരും. റഫീഖ് മംഗലശ്ശേരിയാണ് നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. സുധാകരൻ ചൂലൂർ ലിനീഷ് നരയകുളം, ആർ കെ താനൂർ, പ്രസൂദ, സുമന, ഹാരിസ് എന്നിവരാണ് അഭിനേതാക്കൾ .