കൂത്തുപറമ്പിൽ ഡ്രീമാ തിയേറ്റർ കാർണിവെൽ; നാടകങ്ങളുടെ മഹാമേള ഒരുങ്ങുന്നു
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കണ്ണൂര്‍: തിയേറ്റര്‍ കിച്ചണ്‍ തലശ്ശേരി സംഘടിപ്പിക്കുന്ന നാടകോത്സവം സപ്തംബര്‍ 4 മുതല്‍ 9 വരെ കൂത്തുപറമ്പില്‍ നടക്കും. കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തൊക്കിലങ്ങാടിയാണ് വേദി. ഏഴു വേദികളിലായി 30ലധികം നാടകങ്ങള്‍ അരങ്ങേറുന്ന നാടകോത്സവത്തില്‍ 400 ല്‍പരം കലാകാരന്മാര്‍ മാറ്റുരയ്ക്കും.
ഡ്രീമ തിയേറ്റര്‍ കാര്‍ണിവല്‍ 2022 എന്ന് പേരിട്ട നാടകോത്സവത്തിന്റെ ലോഗോ കൊച്ചിയില്‍ പത്മശ്രീ മമ്മൂട്ടി പ്രകാശനം ചെയ്തു.
അമച്വര്‍ നാടകങ്ങള്‍, പ്രൊഫഷണല്‍ നാടകം, കുട്ടികളുടെ നാടകം, തെരുവ് നാടകം, പരീക്ഷണ നാടകങ്ങള്‍, ഡിജിറ്റല്‍ നാടകങ്ങള്‍ തുടങ്ങി നാടകത്തിന്റെ വിവിധ സങ്കേതങ്ങള്‍ ഒരു കുടക്കീഴില്‍ അണിനിരക്കും. കേരളത്തിനകത്തും പുറത്തും പ്രശസ്തരായ സംവിധായകര്‍ അണിയിച്ചൊരുക്കിയ ശ്രദ്ധേയ നാടകങ്ങള്‍ മേളയുടെ ഭാഗമാകും.
തിയേറ്റര്‍ കാര്‍ണിവലിനോട് അനുബന്ധിച്ച് സപ്തംബര്‍ 3 മുതല്‍ 7 വരെ അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന നാടക കളരിയും സംഘടിപ്പിക്കുന്നു. നിരവധി പ്രശസ്തരായ നാടക പ്രവര്‍ത്തകര്‍ ക്ലാസുകള്‍ നയിക്കുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കാണ് ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുക.
സുവീരന്‍ സംവിധാനം ചെയ്ത ഭാസ്‌കര പട്ടേലരും തൊമ്മിയുടെ ജീവിതവും, സന്തോഷ് കീഴാറ്റൂരിന്റെ പെണ്‍നടന്‍, അപ്പുണ്ണി ശശി അഭിനയിക്കുന്ന ചക്കരപ്പന്തല്‍, അമല്‍രാജ് രാജേഷ് ശര്‍മ എന്നിവര്‍ അരങ്ങിലെത്തുന്ന ശുദ്ധമദ്ദളം, ശശിധരന്‍ നടുവില്‍ സംവിധാനം ചെയ്ത കിഴവനും കടലും, ഹിഗ്വിറ്റ, തിരുവനന്തപുരം സൗപര്‍ണികയുടെ ഇതിഹാസം, ഹസീം അമരവിള സംവിധാനം ചെയ്ത സോവിയറ്റ് സ്റ്റേഷന്‍ കടവ്, പാലക്കാട് ലിറ്റില്‍ എര്‍ത്ത് സ്‌കൂള്‍ ഓഫ് തയേറ്ററിന്റെ വില്ലന്മാര്‍, മാര്‍ത്താണ്ഡന്റെ സ്വപ്നങ്ങള്‍, കാറ്റ് പാഞ്ഞ വഴി എന്ന കുട്ടികളുടെ നാടകം, ആലപ്പുഴ നെയ്തല്‍ നാടക സംഘത്തിന്റെ കക്കുകളി, എന്നീ നാടകങ്ങളോടൊപ്പം പൊക്കന്‍, എലിക്കെണി, പ്രേമലേഖനം, അവാര്‍ഡ്, ആര്‍ട്ടിക്ക്, ഫ്‌ളോട്ടിങ് ബോഡീസ് തുടങ്ങിയ നാടകങ്ങളും അരങ്ങേറും.
അവതരണത്തിലെ വ്യത്യസ്തതകള്‍ കൊണ്ട് ശ്രദ്ധേയമായ എമില്‍ മാധവിയുടെ മരണാനുകരണം, അഭീഷ് ശശിധരന്റെ ഭ്രാന്ത് എന്നീ നാടകങ്ങള്‍ ആറു ദിവസവും അവതരിപ്പിക്കും.
മേളയുടെ ഡെലിഗേറ്റ് പാസുകള്‍ ഓഗസ്റ്റ് ഏഴ് മുതല്‍ വിതരണം ചെയ്യും. നാടക ചലച്ചിത്രരംഗത്തെ നിരവധി പ്രശസ്തര്‍ അതിഥികളായി എത്തും.
വാര്‍ത്താസമ്മേളനത്തില്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ ജോസഫ്, തിയേറ്റര്‍ കിചന്‍ ഭാരവാഹികളായ സുമേഷ് ചെണ്ടയാട്, വിനോദ് നാരോത്ത്, ശിവദാസ് തുടങ്ങിയവര്‍ പങ്കെടുത്തു.