ജോണ്‍ ഏബ്രഹാം പ്രവാസി അവാര്‍ഡ് മനോജ് കാനയ്ക്ക്.
ഖത്തറിലെ സാംസ്ക്കാരിക സംഘടനയായ ജോൺ ഏബ്രഹാം സാംസ്കാരിക വേദി ഏർപ്പെടുത്തി ഏർപ്പെടുത്തിയ ജോൺ ഏബ്രഹാം അവാർഡിന് മനോജ് കാനയെ തെരഞ്ഞെടുത്തു.
ജൂറി റിപ്പോർട്ടിൽ
സിനിമയ്ക്ക് സാങ്കേതികവും സാമ്പത്തികവും രാഷ്ട്രീയവും സാംസ്‌ക്കാരികവും സാമൂഹികവുമായ ചരിത്രങ്ങളുണ്ട്. വ്യാവസായികവും വാണിജ്യപരവുമായ നിയമങ്ങളനുസരിച്ച് നിര്‍മ്മിക്കപ്പെടുകയും വ്യാപകമായി വിപണനം ചെയ്യപ്പെടുകയും ചെയ്യുന്ന സിനിമകള്‍ക്ക് ജനങ്ങളെ സ്വാധീനിക്കാനും അതിലൂടെ സൃഷ്ടിക്കപ്പെടുന്ന ജനപ്രിയതയ്ക്ക് സമൂഹത്തെ കീഴ്‌പ്പെടുത്താനും മയക്കിക്കിടത്താനും സാധിക്കുന്നുണ്ട്.
ഈ പശ്ചാത്തലത്തിലാണ്, ജനകീയമായി സംഘടിപ്പിക്കപ്പെടുകയും ചരിത്രധാരണകളിലുറച്ചു നില്ക്കുകയും കലാമാധ്യമത്തിന്റെ നവഭാവുകത്വത്തെ ഉടച്ചു വാര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന നൂതന സംരംഭങ്ങളുടെ പ്രസക്തി വര്‍ദ്ധിക്കുന്നത്. ജനകീയ സിനിമയുടെ മേഖലയില്‍ സമാനതകളില്ലാത്ത മാതൃകയാണ് ജോണ്‍ ഏബ്രഹാം മുന്നോട്ടുവെച്ചത്. പുതിയ കാലത്തെ വെല്ലുവിളികള്‍ക്കിടയിലും സ്വാഗതാര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ ഈ രംഗത്ത് നടന്നു വരുന്നതു തന്നെ അതിന്റെ പ്രചോദനത്തിലാണ് എന്ന് പ്രത്യേകം പരാമർശിക്കുകയുണ്ടായി.
ചലച്ചിത്രകാരനും നാടകപ്രവര്‍ത്തകനുമായ മനോജ് കാനയുടെ സര്‍ഗാത്മക സംഭാവനകള്‍ സമഗ്രമായി കണക്കിലെടുത്തുകൊണ്ട്, അദ്ദേഹത്തെ ഈ വര്‍ഷത്തെ ജോണ്‍ ഏബ്രഹാം പ്രവാസി അവാര്‍ഡിനായി ഈ ജൂറി ശുപാര്‍ശ ചെയ്യുന്നു. ചായില്യം, അമീബ, കെഞ്ചിറ എന്നിവയാണ് മനോജ് കാനയുടെ സിനിമകള്‍. സ്ത്രീയുടെ ലിംഗപദവി അടിച്ചമര്‍ത്തിയും നിയന്ത്രിച്ചും കീഴ്‌പ്പെടുത്തേണ്ട ഒന്നായിട്ടാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലും കേരളീയ പൊതുബോധം നിര്‍ണയിക്കുന്നത്. ഈ സാമാന്യമായ പ്രശ്‌നത്തെ സ്ത്രീശരീരത്തിന്റെ ജൈവ രാഷ്ട്രീയ പശ്ചാത്തലത്തിലന്വേഷിക്കുന്ന സിനിമയാണ് ചായില്യം. കാസറഗോഡെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ നീറുന്നതും തീരാത്തതുമായ ജീവല്‍ പ്രശ്‌നത്തെ, ഡോക്കുമെന്ററിയുടെ ശരിമയും ഫിക്ഷന്റെ സര്‍ഗാത്മകതയും സമന്വയിപ്പിച്ചുകൊണ്ടെടുത്ത അമീബ, സമകാലിക മലയാള സിനിമയിലെ അത്യപൂര്‍വ്വമായ സിനിമയാണ്. മലയാളം, കേരളം എന്നിങ്ങനെ സംസ്‌ക്കാരം, ഭാഷ, ദേശം എന്നീ മേഖലകളിലെ പ്രതിനിധാനത്തെ തലതിരിച്ചിടുന്ന സിനിമയാണ് കെഞ്ചിറ. ആദിമ ഗോത്രജീവിതത്തിന്റെ താളങ്ങളും മാനുഷികതയും വീണ്ടെടുക്കാനുള്ള പരിശ്രമമായി ഈ സിനിമയെ പരിഗണിക്കാം.
നാടകാവതരങ്ങളിലൂടെയും മറ്റുമായി സാമാന്യജനങ്ങളില്‍ നിന്ന് സമാഹരിച്ചെടുക്കുന്ന പണം കൊണ്ടാണ് മനോജ് കാന ഈ മൂന്നു സിനിമകളും പൂര്‍ത്തിയാക്കിയിട്ടുള്ളത്. നിര്‍മ്മാണ-വിതരണ-പ്രദര്‍ശന വേളകളിലാകെ ജനകീയമായ ഒരു സമീപനമാണ് മനോജ് സ്വീകരിച്ചു വരുന്നത്.
--
ജി പി രാമചന്ദ്രൻ, ഡോ. സി എസ് വെങ്കിടേശ്വരൻ, വി ടി മുരളി, നവാസ് പൂനൂർ (ജൂറി അംഗങ്ങൾ).
ഇന്ന് കോഴിക്കോട് പ്രസ്ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിലാണ് അവാർഡ് പ്രഖ്യാപിച്ചത്.
ജോൺ ഏബ്രഹാം സാംസ്ക്കാരിക വേദി പ്രവർത്തകരായ ബീജ വി സി, എം ടി നിലമ്പൂർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.