കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. നാടകത്തിനുള്ള അവാർഡ് ലോക നാടക വാർത്തകൾ മാഗസിൻ വർക്കിങ് എഡിറ്റർ ശ്രീജിത്ത് പൊയിൽക്കാവിന്.
നാടക ലേഖകൻ
നാടകത്തിനുള്ള 2020ലെ കേരള സാഹിത്യ അക്കാദമി അവാർഡ് എൽ എൻ വി മാഗസിൻ വർക്കിങ് എഡിറ്ററും എൽ എൻ വി ചീഫ് അഡ്മിനുമായ ശ്രീജിത്ത് പൊയിൽക്കാവിനു ലഭിച്ചു. ദ്വയം എന്ന നാടകമാണ് ശ്രീജിത്തിനെ പുരസ്‌കാരത്തിന് അർഹനാക്കിയത്. കോഴിക്കോട് സ്വദേശി ആയ ശ്രീജിത്ത് തൃശ്ശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശേഷം പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റിയിൽ റിസർച് സ്കോളർ ആയിരുന്നു.
നൂറോളം നാടകങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ശ്രീജിത്തിന് കേരള സംഗീത നാടക അക്കാദമി ദേശീയ പ്രവാസി അമേച്ചർ നാടക മത്സരത്തിൽ സംവിധാനത്തിനും രചനയ്ക്കും അവാർഡുകൾ ലഭിച്ചിട്ടുണ്ട് .
2017ൽ ഭരത് മുരളി നാടക മത്സരത്തിൽ മികച്ച സംവിധായകനുള്ള അവാർഡ് നേടിയ ശ്രീജിത്തിന്റെ എൻ എച് 77 ദുരന്തത്തിലേക്ക് ഒരു പാത എന്ന നാടകത്തിനു 2017ലെ സഫ്ദർ ഹാഷ്മി അവാർഡ് ലഭിച്ചിട്ടുണ്ട്.
മദർ കറേജും അവരുടെ മക്കളും, അരാജകവാദിയുടെ അപകട മരണം, ലൈറ്റ് ഔട്ട്, ജനശത്രു തുടങ്ങി നൂറോളം നാടകങ്ങൾ സംവിധാനം ചെയ്ത ശ്രീജിത്തിന്റെ ദ്വയം പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട് .
ശ്രീജിത്ത് സംവിധാനം ചെയ്‌ത സഹചാരി എന്ന ഹ്രസ്വ ചിത്രം IDSFFK യിൽ പ്രദർശിപ്പിച്ചിരുന്നു. ആദ്യ സംവിധാന സംരംഭമായ വരി എന്ന ചലച്ചിത്രത്തിന്റെ കഥയ്ക്ക് കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിരുന്നു .