തമ്പ്രേരി ഗോപാലകൃഷ്ണൻ മാസ്റ്റർ സ്മാരക നവജീവൻ പുരസ്ക്കാരം യു. കലാനാഥൻ മാസ്റ്റർക്ക്
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
പരപ്പനങ്ങാടി: ഗ്രന്ഥശാല പ്രവർത്തകനും പൊതുപ്രവർത്തകനും രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന തമ്പ്രേരി ഗോപാലകൃഷ്ണൻ മാസ്റ്ററുടെ സ്മരണാർത്ഥം നവജീവൻ വായനശാല നൽകുന്ന പ്രഥമ പുരസ്ക്കാരത്തിന് വള്ളിക്കുന്ന് മുൻ പഞ്ചായത്ത് പ്രസിഡണ്ടും യുക്തിവാദിയും ശാസ്ത്ര പ്രചാരകനും പ്രഭാഷകനും ഗ്രന്ഥകർത്താവുമായ യു കലാനാഥൻ മാസ്റ്ററെ തിരഞ്ഞെടുത്തു.
ജൂൺ 12ന് ഞായറാഴ്ച രാവിലെ 9.30ന് പരപ്പനങ്ങാടി ഫെഡറൽ ബാങ്കിന് സമീപത്തെ പുളിക്കലത്ത് ഹാളിൽ വെച്ച് മുൻ ധനകാര്യമന്ത്രി ഡോ. ടി എം തോമസ് ഐസക് യു കലാനാഥൻ മാസ്റ്റർക്ക് പുരസ്ക്കാരം സമർപ്പിക്കും.
20000 രൂപയും ശില്പവും പ്രശസ്തിപത്രവും ചടങ്ങിൽ കലാനാഥൻ മാസ്റ്റർക്ക് ഉപഹാരമായി നൽകും.
ചടങ്ങിൽ പരപ്പനങ്ങാടി മുനിസിപ്പൽ ചെയർമാൻ
ശ്രീ. എ ഉസ്മാൻ മുഖ്യാതിഥിയാവും. സാംസ്ക്കാരിക പൊതുരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിക്കും.
കേരളത്തിലെ അറിയപ്പെടുന്ന സാംസ്ക്കാരിക പ്രവർത്തകയും മലയാളം സർവ്വകലാശാലയിലെ അധ്യാപികയുമായ ഡോ. ടി വി സുനീത ടീച്ചർ അധ്യക്ഷയായ റഫീഖ് മംഗലശ്ശേരി, ശ്രീജിത് അരിയല്ലൂർ, റഷീദ് പരപ്പനങ്ങാടി തുടങ്ങിയവരടങ്ങിയ ഒൻപത് അംഗ പുരസ്ക്കാര നിർണ്ണയ സമിതിയാണ് പ്രഥമ പുരസ്ക്കാരത്തിന് യു കലാനാഥൻ മാസ്റ്ററെ തിരഞ്ഞെടുത്തത്.
പരിപാടിയുടെ വിജയത്തിനായി ടി കെ അരവിന്ദൻ ചെയർമാനും സനിൽ നടുവത്ത് ജനറൽ കൺവീനറുമായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.