ആകാശത്തിനും ഭൂമിക്കുമിടയിൽ നാടകത്തിന്റെ സൂര്യത്തിളക്കം
- ലേഖനം
ബിനേഷ് നാമത്ത്
നാടകം ജീവിതം പറയുന്നു... നാട്ടുസ്നേഹത്തിന്റെ കടലിരമ്പം നെഞ്ചകത്തെന്നും കരുതി വെച്ചൊരാള്‍
ഒറ്റപ്പെടുത്തലില്‍ നിന്നും ഒറ്റയാനായി പരിണമിക്കുന്ന സര്‍ഗ്ഗാത്മക ദര്‍ശനങ്ങളുടെ ആര്‍ജ്ജവം വിജയന്‍ ആയാടത്തില്‍
എന്ന കലാകാരന്റെ ജീവിതത്തിലും നാടകത്തിലും നമുക്ക് ദര്‍ശിക്കാം.1980കളില്‍ ഏകാങ്ക നാടകങ്ങളിലൂടെ രംഗപ്രവേശം ചെയ്ത് അരങ്ങില്‍ പുതിയ ഇടം സ്വയം കണ്ടെത്തിയ രംഗശില്‍പിയാണ് വിജയന്‍ ആയാടത്തില്‍. പഠനകാലത്താണ് ആദ്യമായി പ്രൊഫഷണല്‍ നാടകം സംവിധാനം ചെയ്യുന്നത്.
ചുട്ടുപൊള്ളുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയിലും കലയെ കൂടുതല്‍ സ്നേഹിക്കുവാനും മറ്റുള്ളവരെ രംഗത്തേക്ക് കൊണ്ടുവരുവാനും ഇതൊരു സാംസ്‌കാരിക ദൗത്യമായി ഏറ്റെടുക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു.
വടകര ആരതി തിയേറ്റേഴ്സിനു വേണ്ടി സിനിമ സീരിയല്‍ തിരക്കഥകൃത്ത് ശ്രീ. ശശീന്ദ്രന്‍ വടകര എഴുതിയ ജ്യോതിര്‍ഗ്ഗമയ എന്ന നാടകം സംവിധാനം ചെയ്തുകൊണ്ടാണ് തുടക്കം. നാടകത്തിന്റെ പ്രമേയത്തില്‍ മാത്രമല്ല ദൃശ്യകലയെന്ന നിലയില്‍ അതിന്റെ സങ്കേതികത്വത്തിലും അവതരണത്തിലും തികച്ചും നാടകക്കാരന്‍ ആ അര്‍ത്ഥത്തില്‍ സംവിധാനം, അഭിനയം, രംഗസജ്ജീകരണം തുടങ്ങിയവയുമായി ക്രിയാത്മകമായ സംവേദനം അദ്ദേഹം നടത്തിയിരുന്നു.
നാടകരംഗപ്രവേശം യാദ്യശ്ചികമാണെങ്കിലും പിന്നീട് നാടകങ്ങളില്‍ കൂടുതല്‍ ആകൃഷ്ടനാകുകയും നാടകത്തോടുള്ള അമിതമായ അഭിനിവേശം കാരണം ഒരു തൊഴില്‍ പരിശീലിക്കേണ്ട സമയത്ത് അതില്‍നിന്നെല്ലാം മാറി ഇതാണ് തന്റെ തൊഴില്‍ മേഖലയെന്ന് കണ്ടത്തുകയും ചെയ്ത നാടകക്കാരനാണ് വിജയന്‍ ആയാടത്തില്‍.
നാടകഅവതരണത്തിന്റെ സാധ്യതകളെല്ലാം സുക്ഷ്മമായി
തൊട്ടറിയാനും കാലഘട്ടത്തെ ഉള്‍ക്കൊള്ളാന്‍ തയ്യാറാവുന്ന ഏതു പരീക്ഷണത്തേയും അംഗീകരിക്കാന്‍ വിജയന്‍ ആയാടത്തില്‍ എന്ന സംവിധായകന്‍ സന്നദ്ധനായിരുന്നു. അതേ സമയം നാടകം ജനങ്ങളിലേക്ക് കൂടുതല്‍ അടുക്കണമെന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.
വിശപ്പും, കലാപങ്ങളും മണ്ണും, മതവും നിറയുന്ന മനുഷ്യാവസ്ഥകളിലൂടെ വര്‍ത്തമാനകാലത്തിലെ നേരും നെറിയും അരങ്ങിലൂടെ വെളിച്ചത്തിലെത്തിക്കാന്‍ എഴുത്തുകാരന്‍ കണ്ട ചിത്രങ്ങള്‍ക്ക് കഥാപാത്രങ്ങളിലൂടെ ജീവന്‍ നല്‍കി പ്രണയവും , വിരഹവും, ഗാനങ്ങളും ചേര്‍ത്ത് അതിമനോഹരമായ നാടകങ്ങളായി മാറി. ഫ്രാന്‍സിസ് ടി . മാവേലിക്കര, അഡ്വ: മണിലാല്‍, ജയന്‍
തിരുമന, പ്രൊ: ജയകുമാര്‍ പള്ളിമണ്‍, പ്രദീപ് കാവുംതറ, അഭയന്‍ കലവൂര്‍, വി.ആര്‍.സുരേന്ദ്രന്‍, കെ.സി ജോര്‍ജ് കട്ടപ്പന, ആലത്തൂര്‍ മധു, കതിരേഷ് മാന്നന്നൂര്‍, വിനോദ്.പി. കാനായി, ബിജൂ. കെ.ശാന്തിപുരം തുടങ്ങിയ നാടക രചിതാക്കളുടെ നാടകങ്ങള്‍ ചെയ്യുന്നതോടൊപ്പം ഗ്രാമീണനാടക രചിതാക്കളുടെയും രചനകള്‍ ഒരു മടിയുമില്ലാതെ അരങ്ങില്‍ അവതരിപ്പിക്കാന്‍ ഈ കലാകാരന് സാധിച്ചിട്ടുണ്ട്.
ഒരു പക്ഷേ ഈ ഭാവനാ ലോകത്ത് കഥാപത്രങ്ങള്‍ അനുഭവിക്കുന്ന പൂര്‍ണ്ണതാ ബോധം അരങ്ങില്‍ അതിന്റെ ആയിരം മടങ്ങു വികസിതമാവുമ്പോള്‍ അതിന് സാക്ഷ്യം നില്‍ക്കുന്ന പ്രേക്ഷകന് അതനുഭവബോധ്യമാക്കാന്‍ വിജയന്‍ ആയാടത്തില്‍ എന്ന സംവിധായകന് കഴിഞ്ഞു.
തങ്ങള്‍ ജീവിച്ച കാലഘട്ടത്തെ സത്യസന്ധതയോടെ അരങ്ങത്ത് ആവിഷ്‌കരിക്കാന്‍ ശ്രമിച്ചവരായിരുന്നു രാമകൃഷ്ണന്‍ മേപ്പയില്‍, വിക്രമന്‍ നായര്‍ , ഇബ്രാഹിം വേങ്ങര, കെ.പി.എ.സി. പ്രേമചന്ദ്രന്‍ എന്നിവരുടെ നാടകങ്ങളില്‍ അഭിനയിച്ചുട്ടുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ അഭിനയിച്ചത് സ്വന്തം സംവിധാനം ചെയ്ത നാടകങ്ങളിലാണ്. ഗ്രാമീണ കലാസമിതികള്‍ക്ക് വേണ്ടി സംവിധാനം ചെയ്ത നാടകങ്ങളുടെ നീണ്ടനിരതന്നെയുണ്ട്. പ്രൊഫഷണല്‍ നാടകങ്ങളെന്നും അമേച്വര്‍ നാടകങ്ങളെന്നുമുള്ള വേര്‍തിരിവ് നാടകങ്ങള്‍ക്ക് പ്രത്യേകിച്ചൊരു ഗുണവും ചെയ്യില്ലായെന്നും ഈ വേര്‍തിരിവ് തട്ടിത്തകര്‍ക്കേണ്ടത് എല്ലാ നാടക സ്നേഹികളുടെയും കടമയാണെന്ന് വിശ്വസിക്കുന്ന എളിയ നാടക പ്രവര്‍ത്തകനാണ് വിജയന്‍ ആയാടത്തില്‍.
കാലവും മനുഷ്യനും മാറി മാറി മണ്ണില്‍ മാറ്റത്തിന്റെ തേര്‍ തെളിക്കുമ്പോഴും ഒരിക്കലും നശിക്കാത്ത ജൈവകലയായ നാടകത്തെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുകയാണ് ഈ മനുഷ്യ സ്നേഹിയായ നാടകക്കാരന്‍.
ഈ മഹാമാരി കാലത്തും മലയാള നാടക വേദിയെ രചന കൊണ്ട് പ്രകാശ പൂരിതമാക്കി വീണ്ടും അരങ്ങ് ഉണരും എന്ന് കാലാകാരനെ ബോധിപ്പിച്ച്.... ഒരു മഹാമാരിയ്ക്കും ഒരു കലാകാരനേയും തടവറയില്‍ അടയ്ക്കാനാവില്ലെന്നും അവര്‍ക്ക് പ്രതീക്ഷയുടെ ഒരു നറു വെളിച്ചംപകര്‍ന്ന് ... സാന്ത്വനത്തിന്റെ സുര്യ പ്രകാശമായിമാറിയ അഡ്വ: വെണ്‍കുളം ജയകുമാറിന്റെ രചനയില്‍
'അക്ഷരസ്‌നേഹിതന്‍'എന്നനാടകം ഉള്‍പ്പെടെ നാല് ശബ്ദനാടകങ്ങള്‍ ചെയ്യാന്‍
കോഴിക്കോട് ആകാശവാണി നിലയാംഗം കൂടിയായ ഈ കാലാകാരന് സാധിച്ചിട്ടുണ്ട്.
ലോക മലയാളി നാടകമത്സരത്തില്‍ മണിയപ്പന്‍ ആറന്മുള രചനയും, വിജയന്‍ ആയാടത്തില്‍ സംവിധാനവും ചെയ്ത 'ആകാശത്തിനും ഭൂമിക്കുമിടയില്‍' എന്ന ശബ്ദനാടകം ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.
കുറച്ച് കാലമായി സംവിധാനത്തില്‍ മാത്രം ശ്രദ്ധിക്കുന്ന ഇദ്ദേഹം നവലോകത്തിന്റെ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് കാലത്തിനൊപ്പം സഞ്ചരിച്ച് നിരവധി ഷോര്‍ട്ട് ഫിലിമുകളും ആല്‍ബങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
സ്നേഹത്തിന്റെ അതിര്‍വരമ്പുകള്‍ കാത്തുസൂക്ഷിച്ച്, കലാരംഗത്തെ തെറ്റുകള്‍ പരിഭവങ്ങള്‍ മനസ്സില്‍ വെക്കാതെ സ്നേഹ ശകാരങ്ങളാല്‍ ചൂണ്ടിക്കാട്ടി നന്മയും സ്നേഹവും കരുതലും ആവോളം പകര്‍ന്ന് അരങ്ങില്‍ നിന്ന് അരങ്ങിലേക്ക് ഇനിയും പ്രയാണം നടത്താന്‍ നാടകത്തിലെ മനഷ്യസ്നേഹിക്ക് കഴിയട്ടെയെന്ന് ആശംസിക്കുന്നു. അതുപോലെ ഷോര്‍ട്ട് ഫിലിമുകളും ആല്‍ബങ്ങളും ചെയ്യുന്നതോടൊപ്പം
നാളത്തെ വാഗ്ദാനമായി വെള്ളിത്തിരയിലും തിളങ്ങട്ടെയെന്നും ആശംസിക്കുന്നു.
സ്‌നേഹപൂര്‍വ്വം...
ബിനേഷ് നാമത്ത്