കർണാടക രംഗഹബ ദേശീയ നാടകോത്സവം മാർച്ച് 20 മുതൽ
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കർണാടക, ഉടുപ്പി, സുമാനസ കൊടവൂർ 2011ൽ ആരംഭിച്ചു എല്ലാവർഷവും സംഘടിപ്പിച്ചുവരുന്ന രംഗഹബ -10 ദേശീയ നാടകോത്സവത്തിലേക്ക് നാടകാസ്വാദകരെയും നാടക പഠിതാക്കളെയും ക്ഷണിക്കുന്നു.
നൂതനമായ രംഗ പ്രയോഗങ്ങളും ആവിഷ്കാരങ്ങളും ആസ്വദിക്കുവാനും വിലയിരുത്തുവാനും അവസരമൊരുക്കുന്ന
നാടക രാംഗാവിഷ്കാരങ്ങൾ ക്ഷേത്ര നഗരമായ ഉടുപ്പി ബുജനാഗ ഗാർഡനിലെ തുറന്ന വേദിയിൽ ആയിരിക്കും നടത്തപ്പെടുക. വിവിധ ഭാഷകളിലായി അവതരിപ്പിക്കപ്പെടുന്ന നാടകങ്ങളിലൂടെ സമകാലിക നാടക സങ്കേതങ്ങളും രംഗാവിഷ്കാരങ്ങളും പുതു പരീക്ഷണങ്ങളും അനാവരണം ചെയ്യപ്പെടും.
സുമാനസ കൊടവൂർ രൂപീകൃതമായി ഇരുപത് വർഷങ്ങളും നാടകോത്സവം പത്തു വർഷങ്ങളും പിന്നിടുന്നതിന്റെ ആഘോഷമായി സംഘടിപ്പിക്കുന്ന നാടകോത്സവത്തോടൊപ്പം എക്സിബിഷനുകളും, നാടക രംഗത്തെ സമഗ്ര സംഭാവനക്കുള്ള ബഹുമതികളും പുരസ്കാരങ്ങളും, വിവിധ വിഷയങ്ങളിൽ ചർച്ചകളും സെമിനാറുകളും, പ്രഗത്ഭരുമായി അഭിമുഖങ്ങളും സംവാദങ്ങളും കോളേജ് വിദ്യാർത്ഥികൾക്കായി നാടക ശിൽപ്പശാലയും തെരുവ് നാടകങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
മാർച്ച് 20ന് ആരംഭിച്ചു ഏപ്രിൽ 1ന് സമാപിക്കുന്ന ദേശീയ നാടകോത്സവം രാജ്യത്തും സംസ്ഥാനത്തും നിലനിൽക്കുന്ന പാൻഡമിക് പ്രോട്ടോകോൾ നിബന്ധനകൾ പാലിച്ചു കൊണ്ടാണ്, അഭിനേതാക്കളും പ്രേക്ഷകരും എത്തിച്ചേരുന്നതിനു 72 മണിക്കൂർ മുൻപ് RTPCR ടെസ്റ്റ് നടത്തിയവരും രണ്ട് ഡോസ് വാക്സിനേഷൻ എടുത്ത സർട്ടിഫിക്കറ്റ് ഉള്ളവരും ആയിരിക്കണം.
നാടകോത്സവത്തിനു ലോക നാടക വാർത്തകൾ കൂട്ടായ്മയുടെ സ്നേഹാഭിവാദ്യങ്ങൾ.