ചാത്തന്നൂർ മോഹൻ പുരസ്കാരം വി. ഷിനിലാലിന് സമ്മാനിച്ചു
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കവിയും ഗാനരചയിതാവും പത്രപ്രവർത്തകനുമായ ചാത്തന്നൂർ മോഹൻ്റെ സ്മരണക്കായി ഏർപ്പെടുത്തിയ പുരസ്കാരം പെരുമ്പടവം ശ്രീധരൻ വി. ഷിനിലാലിന് സമ്മാനിച്ചു. കൊല്ലം പ്രസ് ക്ലബ്ബിൽ നടന്ന പരിപാടിയിൽ ചവറ കെ.എസ്. പിള്ള അധ്യക്ഷനായി. ചലച്ചിത്ര നിരുപകൻ വിജയകൃഷ്ണൻ, ഡോ.പ്രസന്ന രാജൻ, പി.കെ.ശ്രീനിവാസൻ, എസ്.സുധീരൻ, ചലച്ചിത്ര സംവിധായകൻ ആർ.ശരത് തുടങ്ങിയവരും ചാത്തന്നൂർ മോഹൻ്റെ ഭാര്യ ഡി.ജയകുമാരിയും പങ്കെടുത്തു.
വി. ഷിനിലാലിൻ്റെ DC ബുക്സ് പ്രസിദ്ധീകരിച്ച സമ്പർക്ക ക്രാന്തി എന്ന നോവലിനാണ് പുരസ്കാരം ലഭിച്ചത്.
ഇതിവൃത്തത്തിൻ്റെ പുതുമ കൊണ്ടും ശില്പഭദ്രത കൊണ്ടും വേറിട്ടു നിൽക്കുന്ന നോവലാണ് സമ്പർക്ക ക്രാന്തി. ദേശചരിത്രവും ദാർശനിക പരിണതികളും ഒരേ രൂപകത്തിലൂടെ അനാവരണം ചെയ്യാനുള്ള ശ്രമം പ്രശംസനീയമാണ്. ഇന്ത്യയുടെ ചരിത്രവും വർത്തമാനവും തീവണ്ടിക്കുള്ളിലെ കഥാപാത്രങ്ങളിലൂടെയും സംഭവങ്ങളിലൂടെയും വരച്ചിടുന്നു. മനുഷ്യ മനസിൻ്റെ ആസുരതകൾ സമൂഹ മനസിൻ്റെ ആസുരതകളായി പരിണമിക്കുന്നതെങ്ങനെയെന്നും ചരിത്രത്തിൻ്റെ ഹാസ്യ കലാപ്രകടനമായി വർത്തമാനകാലം മാറുന്നതെങ്ങനെയെന്നും സമ്പർക്ക ക്രാന്തി വെളിപ്പെടുത്തുന്നു. പുരസ്കാര സമിതി അഭിപ്രായപ്പെട്ടു.