'ഹല്ലാ ബോൽ' സഫ്ദർ ഹാഷ്മിയുടെ മരണവും ജീവിതവും പുസ്തകത്തിന്റെ പുറം ചട്ട ആയിരം നാടക കലാകാരൻമാർ പ്രകാശനം ചെയ്തു.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
'ഹല്ലാ ബോൽ' സഫ്ദർ ഹാഷ്മിയുടെ മരണവും ജീവിതവും എന്ന പുസ്തകത്തിന്റെ പുറം ചട്ട കഴിഞ്ഞ ദിവസം ആയിരം നാടക കലാകാരൻമാർ അവരുടെ ഫേസ് ബുക്ക് പേജുകളിലൂടെയാണ് പ്രകാശനം ചെയ്തു. സഫ്ദറിന്റെ സർഗ്ഗ കലാപങ്ങൾക്ക് സാക്ഷിയായ സുധൻവാ ദേശ് പാണ്ഡെയുടെ തീച്ചൂടുള്ള അനുഭവ സാക്ഷ്യങ്ങൾക്ക് പ്രശസ്ത നാടക/ചലച്ചിത്രകാരനും ഭാരത് ഭവന്റെ സക്രട്ടറിയുമായ പ്രമോദ് പയ്യന്നൂരിന്റെ വിവർത്തനത്തോടൊപ്പം സഫ്ദറിന്റെ വിഖ്യാത കൃതിയായ 'ഹല്ലാബോലി'ന്റെ പരിഭാഷയും ചേർത്താണ് ചിന്ത ബുക്ക്സ് "ഹല്ലാ ബോൽ' സഫ്ദർ ഹാഷ്മിയുടെ മരണവും ജീവിതവും " എന്ന പേരിൽ ഉടൻ പ്രസിദ്ധീകരിക്കാനൊരുങ്ങുന്നത്. തെരുവരങ്ങ്കളിലൂടെ ഫാസിസത്തിനെതിരെ നിരന്തരം കലഹിക്കുകയും, സന്ധിയില്ലാതെ പോരാടുകയും ചെയ്തു തെരുവിലെ അരങ്ങിൽ ജീവിതം അവസാനിപ്പിക്കേണ്ടി വന്ന രക്തസാക്ഷിക്ക് നാടകപ്രവർത്തകരുടെ ശ്രദ്ധാഞ്ജലി കൂടിയാകും ഈ പുസ്തകം.
സഫ്ദർ ഹാഷ്മിയുടെ ജ്വലിക്കുന്ന സ്മരണകൾ പുതുക്കി കൊണ്ട് ജനുവരി-ഫെബ്രുവരി മാസങ്ങളിലായി ലോകനാടക വാർത്തകൾ , കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന സഫ്ദർ ഹാഷ്മി അനുസ്മരണ ജനകീയ തെരുവ് നാടകോത്സവത്തിന്റെ മുന്നൊരുക്കം എന്ന നിലയിൽ ലോക നാടക വാർത്തകൾ എന്ന നാടക പ്രവർത്തകരുടെ അന്താരാഷ്ട്ര നവമാധ്യമ കൂട്ടായ്മയിലെ കലാകാരന്മാരും പുസ്തകത്തിന്റെ പുറംചട്ടയുടെ പ്രകാശന കർമ്മത്തിൽ പങ്കാളികളായി. 26 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ലോക നാടക വാർത്തകൾ എന്ന നവമാധ്യമ കൂട്ടായ്മയിലെ നിരവധി നാടക പ്രവർത്തകരാണ് തങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെ പുസ്തകത്തിൻറെ പുറംചട്ട പ്രകാശനം ചെയ്തത്.