അടാട്ട് ഗോപാലൻ നയിക്കുന്ന ദ്വിദിന അഭിനയ പരിശീലനക്കളരി അവസാനിച്ചു.
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
മെയ് 14, 15 ദിവസങ്ങളിലായി നടന്നു വന്ന ദ്വിദിന അഭിനയ പരിശീലനക്കളരി ശ്രീ അടാട്ട് ഗോപാലന്റെ സോളോ പെർഫോമൻസോട് കൂടി അവസാനിച്ചു. ദുബായിൽ ഖിസൈസ്സിൽ വച്ച് അൽ ഖൂസ് തിയേറ്റർ ദുബായ് സംഘടിപ്പിച്ച അഭിനയ പരിശീലന കളരിയിൽ അൽ ഖൂസ് തിയേറ്റർ ദുബായുടെ സെക്രട്ടറി ശ്രീ അജയ് അന്നൂർ അൽ ഖൂസ് തീയേറ്റർ ദുബായിയുടെ സ്നേഹോപഹാരം ശ്രീ അടാട്ടു ഗോപാലന് സമ്മാനിച്ചു. അഭിനയ പരിശീലന കളരിയിൽ പങ്കെടുത്ത എല്ലാവർക്കും പ്രശസ്ത സംവിധായകനും കവിയുമായ ശ്രീ ഹസ്സൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
കഴിഞ്ഞ 33 വർഷമായി നാടകരംഗത്തും സിനിമാ രംഗത്തും സജീവ പ്രവർത്തകൻ ആണ് ശ്രീ അടാട്ട് ഗോപാലൻ. അഭിനയരംഗത്ത് ചുവടുറപ്പിക്കുന്നത് ജോസ് ചിറമ്മലിന്റെ നാടകവേദിയായ തൃശൂർ റൂട്ടിലൂടെയാണ്(1989). തുടർന്ന് തിയേറ്റർ ഐ, ഓക്സിജൻ തിയേറ്റർ, അഭിനയ തിരുവനന്തപുരം, തൃശ്ശൂർ നാടക സംഘം തുടങ്ങി നിരവധി നാടക സംഘങ്ങളുമായി കൈകോർത്ത് പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി നിരവധി നാടകങ്ങൾ അരങ്ങിൽ എത്തിച്ചിട്ടുണ്ട്. 2013ൽ ഗോൾബൽ തീയേറ്ററിൽ സംഘടിപ്പിച്ച ഷേക്സ്പിയർ ഫെസ്റ്റിവലിൽ ഷേക്സ്പിയറുടെ പ്രശസ്ത കഥയായ ദി ടെമ്പേസ്റ്റിലെ എരിയൽ എന്ന കഥാപാത്രം അഭിനയിച്ച് ശ്രദ്ധേയമാക്കി. സിനിമകളിൽ വലുതും ചെറുതുമായി നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ചു. അവസാനമായി പ്രേക്ഷകരുടെ മുന്നിൽ എത്തിയ പട എന്ന സിനിമയിലെ ഉസ്മാൻ എന്ന വേഷം ശ്രദ്ധേയമായിരുന്നു.