തേവർതോട്ടം സുകുമാരൻ - ജീവിത രേഖ
അഭിലാഷ് ഹരിതം
കൊല്ലം ജില്ലയിലെ പുനലൂർ താലൂക്കിൽ അറയ്ക്കൽ വില്ലേജിലെ തേവർതോട്ടം എന്ന ഗ്രാമത്തിൽ പുരാതനമായ ക്ലാവോട്ട് കുടുംബത്തിൽ 1941 മാർച്ചിലാണ് തേവർതോട്ടം സുകുമാരൻ ജനിച്ചത്. തടിക്കാട് ജി.എൽ.പി.എസ്, എ.കെ.എം ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം. സർദാർ കെ.എം. പണിക്കരുടെ അംബ പാലി എന്ന കഥയെ ആസ്പദമാക്കി 1956 ൽ എ.കെ.എം ഹൈസ്കൂൾ വാർഷികത്തോടനുബന്ധിച്ച് ഗുരുനാഥനും മലയാളം അദ്ധ്യാപകനുമായ ശ്രീ തേവലപ്പുറം ഭാസിയുടെ അനുഗ്രഹാശിസ്സുകളോടെ ആദ്യ കഥയുടെ അവതരണം . പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം1959 ൽ മുത്തുക്കുടം (കാവാലം വിശ്വനാഥപ്പണിക്കർ), മാമ്പഴം (വൈലോപ്പിളളി ) എന്നീ കഥകൾ ഭാസി സാറിന്റെ സഹായത്തിൽ ലഭ്യമായ വേദികളിലവതരിപ്പിച്ചു. തുടർന്ന് ചെറുതും വലുതുമായ വേദികളിൽ കഥാപ്രസംഗ അവതരണവും ഒപ്പം പഠനവും തുടർന്നു. 1966 ഒക്ടോബർ 1969 സെപ്റ്റംബർ മാസങ്ങളിൽ കുടുംബാസൂത്രണ പ്രചരണാർത്ഥം കേരളാ ഗവൺമെന്റ് സംഘടിപ്പിച്ച പരിപാടിയിൽ മികച്ച കഥാപ്രസംഗകനായി തിരഞ്ഞെടുക്കപ്പെട്ടു. സ്വന്തമായി കഥയും കവിതയും ചിട്ടപ്പെടുത്തിയ താമസിച്ചു വന്ന ദൈവം', 'ഒരു പോസ്റ്റ്മാന്റെ കഥ' എന്നീ കഥകൾ കേരളത്തിലുടനീളം 1500 ലധികം വേദികളിലവതരിപ്പിച്ചു.
1985 മാർച്ച് 26ന് കേരളത്തിൽ ദൂരദർശൻ പ്രവർത്തനമാരംഭിച്ചപ്പോൾ ആദ്യ കാഥികനായി. ചൂതാട്ടം, ഇതിഹാസം, വേഗത പോരാ പോരാ, രക്ത സാക്ഷി, രാവണപുത്രി, ചണ്ഡാലഭിക്ഷുകി, വത്സല എന്നീ കഥകൾ സംപ്രേഷണം ചെയ്തിട്ടുണ്ട്.
കഥാപ്രസംഗ മേഖലയിൽ നിന്ന് ആകാശവാണിയിലെ ഏക A ഗ്രേഡ് ആർട്ടിസ്റ്റായി തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ 55 വർഷത്തോളമായി 63 ലധികം കഥകൾ ആകാശവാണിയിലവതരിപ്പിച്ചു.
യശഃശരീരനായ കഥാപ്രസംഗ സമ്രാട്ട് ശ്രീ. വി.സാംബശിവൻ ,കെടാമംഗലം സദാനന്ദൻ എന്നിവർക്കൊപ്പം പുരോഗമന കഥാപ്രസംഗ കലാസംഘടന കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്കു വഹിക്കുകയും സംഘടനയുടെ സെക്രട്ടറിയായി ദീർഘകാലം സേവനമനുഷ്ഠിക്കുകയും ചെയ്തു.
ദേശാഭിമാനി, കലാകൗമുദി, കേരളകൗമുദി, ട്രയൽ, കേരളശബ്ദം, ക്ഷേത്ര നാദം, കേളി, സംസ്കാരകേരളം, ജനപഥം, മംഗളം തുടങ്ങിയ വാരികകളിലും പത്രങ്ങളിലും കഥാപ്രസംഗ സംബന്ധിയായ ലേഖനങ്ങളും ഫീച്ചറുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
1990 മാർച്ച് 2ന് തിരുവനന്തപുരം ആകാശവാണിയിൽ കഥാപ്രസംഗം ഒരു കലാരൂപം എന്ന വിഷയത്തെക്കുറിച്ച് ആദ്യമായി പ്രഭാഷണം നടത്തി. 1990മേയ് ഒന്നിന് കഥാപ്രസംഗം ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണം ആകാശവാണി പ്രക്ഷേപണം ചെയ്തു.
ആകാശവാണിയിൽ സ്മൃതികൾ ശ്രുതികൾ എന്ന പരിപാടിയിൽ അഭിമുഖം നല്കി. കഴിഞ്ഞ 55 വർഷത്തിലധികമായി കേരളത്തിനകത്തും പുറത്തുമായി 15000 ലധികം വേദികളിൽ ക്ലാസിക്കുകളും ലോക സാഹിത്യത്തിലെ വിശ്രുത മായ കൃതികളും പ്രൗഢ സദസ്സിനു മുന്നിലവതരിപ്പിച്ചു .
സ്കൂൾ - യൂണിവേഴ്സിറ്റി തല യുവജനോത്സവം, കേരളോത്സവം എന്നിവയിൽ കഥാപ്രസംഗ മത്സരത്തിൽ ജഡ്ജായും അപ്പീൽ കമ്മിറ്റിയംഗമായും പ്രവർത്തിച്ചിട്ടുണ്ട്. പുഴയോരത്തൊരു പൂജാരി (സംവിധാനം, ജോസ് കല്ലൻ,1986), അച്ചുവേട്ടന്റെ വീട് (സംവിധാനം ബാലചന്ദ്രമേനോൻ,1987) എന്നീ സിനിമകളിൽ അഭിനയിച്ചു.
1994 ൽ കേരള സംഗീത നാടക അക്കാദമിയുടെ കഥാപ്രസംഗ അവാർഡും 2000ൽ അക്കാദമിയുടെ സമുന്നത പുരസ്കാരമായ ഫെല്ലോഷിപ്പും ലഭിച്ചു. ശ്രീ നാരായണ അക്കാദമിയുടെ കാഥിക രത്നം ബഹുമതി, പുരോഗമന കഥാപ്രസംഗ കലാസംഘടനയുടെ വി. സാംബശിവൻ പുരസ്കാരം, യുവകലാസാഹിതി പുരസ്കാരം, വി. സാംബശിവൻ സ്മാരക അവാർഡ് 2009, ദേശീയ ബാല തരംഗം സംസ്കാരിക വേദി പുരസ്കാരം തുടങ്ങി നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്.
കേരള സംഗീത നാടക അക്കാദമി ജനറൽ കൗൺസിൽ അംഗം, പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന നിർവ്വാഹക സമിതിയംഗം, പുരോഗമന കഥാപ്രസംഗ കലാ സംഘടന രക്ഷാധികാരി, മഹാകവികുമാരനാശാൻ ദേശീയ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട്, (തോന്നയ്ക്കൽ) ഭരണ സമിതിയംഗം, സാഹിത്യ പ്രവർത്തക സഹകരണ സംഘം മാനേജിങ് കമ്മിറ്റിയംഗം, എ. ആർ. രാജരാജവർമ്മ സ്മാരക സമിതിയംഗം (മാവേലിക്കര) എന്നീ നിലകളിൽ സജീവമായ സംസ്കാരിക പ്രവർത്തനം നടത്തിയിരുന്ന കഥാപ്രസംഗ കലാകാരനാണ് ശ്രീ. തേവർതോട്ടം സുകുമാരൻ.
കൊല്ലം അഞ്ചലിൽ ആയിരുന്നു താമസം. (കലാസദനം). തേവർ തോട്ടം സുകുമാരന്റെ ഭാര്യ ശ്രീമതി കെ. സുരുചി. നാലു മക്കൾ, ഡോ. ഫിലോമിന എസ്.എസ്. (ടീച്ചർ, അഞ്ചാലും മൂട് ഗവ. എച്ച്എ.സ്.എസ്), പ്രമീള എസ്. എസ്. (മാനേജർ, കേരള ബാങ്ക്, പന്തളം ശാഖ), പ്രിയംവദ എസ്.എസ്. (റവന്യൂ വിഭാഗം, പുനലൂർ), പ്രതാപ് തേവർ തോട്ടം എസ്എ.സ് ( അസി. പ്രൊഫസർ, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം)
🌹ആദരാഞ്ജലികൾ.
ലോക നാടക വാർത്തകൾ