കേരള എൻ.ജി.ഒ യൂണിയൻ നാടക മത്സരം ഒക്ടോബർ 31 നവംബർ 1 തീയതികളിൽ
- വാർത്ത - ലേഖനം
വിനോദ് നിസരി
കോവിഡ് കവർന്നെടുത്ത ഒരു വർഷത്തെ ഇടവേളക്കുശേഷം കേരള എൻ.ജി.ഒ യൂണിയൻ സംഘടിപ്പിക്കുന്ന സംസ്ഥാന ജീവനക്കാരുടെ ഏഴാമത് അഖില കേരള ഏകാങ്ക നാടക മത്സരത്തിന് ഒക്ടോബർ 31നു തിരശ്ശീലയുയരും. കേരള സംഗീത നാടക അക്കാദമി, തൃശ്ശൂർ റീജിയണൽ തീയേറ്ററിൽ ഇത്തവണ ഒക്ടോബർ 31 , നവംബർ 1 തീയതികളിൽ രണ്ടു ദിവസങ്ങളിലായാണ് മത്സരം. കഴിഞ്ഞ ആറ് വർഷങ്ങളിലും ഒക്ടോബർ 2 നാണു മത്സരങ്ങൾ സംഘടിപ്പിക്കാറുള്ളതെങ്കിലും ,ഇത്തവണ കോവിഡിനെ തുടർന്നുള്ള അടച്ചിടലിന്റെ പശ്ചാത്തലത്തിൽ തീയതിയിൽ മാറ്റം വരുത്തുകയായിരുന്നു.
ഒക്ടോബർ 31നു രാവിലെ ദേവസ്വം,പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. കെ.രാധാകൃഷ്ണൻ നാടക മത്സരം ഉത്ഘാടനം ചെയ്യും. കേരളത്തിലെ 14 ജില്ലകളിൽ നിന്നായി പതിനഞ്ചു നാടകങ്ങൾ രണ്ടു ദിവസങ്ങളിലായി മത്സരിക്കും.
കമ്പളി (എന്‍.ജി.ഒ.കലാവേദി, കാസര്‍ഗോഡ്)
ആണി (സംഘവേദി, കണ്ണൂര്‍)
ഒരു ദേശം നുണ പറയുന്നു (ഗ്രാന്മ വയനാട്)
പെണ്ണകലം (എന്‍.ജി.ഒ ആര്‍ട്സ്, കോഴിക്കോട്)
ആറാം ദിവസം (ജ്വാല, മലപ്പുറം)
മൂത്ത (ഫോര്‍ട്ട് കലാവേദി, പാലക്കാട്)
കവചിതം (സര്‍ഗവേദി തൃശൂര്‍)
റെഡ് അലര്‍ട്ട് (സംഘ സംസ്ക്കാര, എറണാകുളം)
മണ്ണിര (കനല്‍ കലാവേദി, ഇടുക്കി )
സമുസയും ജറെനിയം പൂക്കളും (തീക്കതിര്‍, കോട്ടയം)
പിയാത്ത (റെഡ് സ്റ്റാര്‍ കലാവേദി, ആലപ്പുഴ)
കനല്‍ തുരുത്ത് (പ്രോഗ്രസിവ് ആര്‍ട്സ്, പത്തനംതിട്ട)
അമ്മ + ഉമ്മ = സാതന്ത്ര്യം (ജ്വാല കലാസമിതി, കൊല്ലം)
കാകാ (സംഘ സംസ്കാര, തിരുവനന്തപുരം നോര്‍ത്ത്)
ഗുല്‍മോഹര്‍ വീണ്ടും പൂക്കുന്നു (അക്ഷര കലാവേദി, തിരുവനന്തപുരം സൗത്ത്) എന്നിവയാണ് 14 ജില്ലകളിൽ നിന്ന് മത്സരിക്കാനായെത്തുന്ന നാടകങ്ങൾ. കേരളത്തിലെ മികച്ച രചയിതാക്കളുടെയും, അമേച്വർ നാടക സംവിധായകരുടെയും നാടകങ്ങൾ മത്സരത്തിനെത്തുന്നതോടെ ഇത്തവണയും മത്സരത്തിന് കൂടുതൽ വീറും,വാശിയും കൈവരുമെന്നു തന്നെയാണ് പ്രതീക്ഷ.
അരങ്ങുകൾ അടച്ചിടപ്പെട്ട ഏതാണ്ട് രണ്ടു വർഷത്തിന് ശേഷം പുതിയൊരു നാടക കാലത്തിനു തുടക്കം കുറിക്കുന്നു എന്നതിനാൽ ഇത്തവണ കാണികളും ഏറെയുണ്ടാവാനാണ് സാധ്യത. ഏറ്റവും അവസാനം 2019 ൽ തൃശൂരിലെ റീജിയണൽ തീയേറ്ററിൽ വെച്ച് നടന്ന ആറാമത് അരങ്ങു 2019 ൽ കണ്ണൂർ സംഘ വേദി കണ്ണൂരിന്റെ "ദേശി" എന്ന നാടകം ഒന്നാം സ്ഥാനവും, കോഴിക്കോട് എൻ.ജി.ഒ.ആർട്സിന്റെ "ഗുളികനും കുന്തോലനും" രണ്ടാം സ്ഥാനവും നേടിയിരുന്നു. മലപ്പുറം ജ്വാല അവതരിപ്പിച്ച "കാലകാലക്കേട്" പ്രത്യേക ജൂറി പുരസ്കാരവും കരസ്ഥമാക്കിയിരുന്നു.
അരങ്ങിലെത്തുന്ന എല്ലാ നാടക സംഘങ്ങൾക്കും ലോക നാടക വാർത്തകൾ കൂട്ടായ്മയുടെ സ്നേഹാശംസകൾ.