കുവൈറ്റ് കലാ ട്രസ്റ്റ് സാംബശിവന്‍ സ്മാരക പുരസ്‌കാരം; മുരുകന്‍ കാട്ടാക്കടയ്ക്ക്
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കുവൈറ്റ് കലാ ട്രസ്റ്റ് അനശ്വര കാഥികന്‍ വി സാംബശിവന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഈ വര്‍ഷത്തെ സാംബശിവന്‍ സ്മാരക പുരസ്‌കാരത്തിന് കവി മുരുകന്‍ കാട്ടാക്കട തെരഞ്ഞെടുക്കപ്പെട്ടു. കുവൈറ്റ് മലയാളികളുടെ കലാ സാംസ്കാരിക കൂട്ടായ്മയായ കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷനാണ് കലാ കുവൈറ്റിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
കണ്ണട, രേണുക, രക്തസാക്ഷി, ബാഗ്ദാദ്, നെല്ലിക്ക, കര്‍ഷകന്റെ ആത്മഹത്യ കുറുപ്പ് തുടങ്ങി നിരവധി കവിതകള്‍ രചിച്ചിട്ടുള്ള അദ്ദേഹത്തിന്റെ രചനകള്‍ വലിയ ജനകീയ അംഗീകാരം നേടിയവയാണ്. നിരവധി ചലച്ചിത്രങ്ങള്‍ക്കും അദ്ദേഹം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.’ചോപ്പ്’ എന്ന സിനിമയ്ക്കു വേണ്ടി അദ്ദേഹം എഴുതിയ ‘മനുഷ്യനാകണം…’ എന്ന ഗാനം വളരെ ശ്രദ്ധിക്കപ്പെട്ടു.
50000 രൂപയും പ്രശസ്തി പത്രമടങ്ങുന്നതാണ് അവാര്‍ഡ്. 2021 ഡിസംബര്‍ 19, ഞായറാഴ്ച്ച അയ്യങ്കാളി ഹാളില്‍ വെച്ചു നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് കൈമാറുമെന്ന് കലാ ട്രസ്റ്റ് സെക്രട്ടറി ചക്രമോഹനന്‍ പനങ്ങാട് അറിയിച്ചു.
കേരളത്തിലെ കലാ-സാംസ്‌കാരിക സാഹിത്യ മേഖലകളിലെ പ്രതിഭകളെ ആദരിക്കുന്നതിനു വേണ്ടി 2000മുതല്‍ കുവൈറ്റ് കലാ ട്രസ്റ്റ് തുടക്കമിട്ടതാണ് സാംബശിവന്റെ പേരിലുള്ള ഈ പുരസ്കാരം.