"ദ്രാവിഡ പെണ്ണ്"; പ്രൊഫ. നരേന്ദ്ര പ്രസാദ് അനുസ്മരണ നാടകോത്സവം. നാലാം ദിവസം.
- ഒപ്പീനിയന്‍
ബിഞ്ചു പനച്ചിമൂട്
ബഹ്‌റൈൻ കേരളീയ സമാജം - പ്രഫസർ നരേന്ദ്ര പ്രസാദ് അനുസ്മരണ നാടകോത്സവം നാലാം ദിവസം അരങ്ങിൽ എത്തിയ വൈഖരി അവതരിപ്പിച്ച നാടകം "ദ്രാവിഡപ്പെണ്ണ്".
"ഭാരതം സംസ്കാരങ്ങളുടെ അമ്മത്തൊട്ടിൽ",
കാലങ്ങളുടെ പഴക്കം ചെന്ന സാംസ്കാരിക ത്തനിമയുള്ള മണ്ണാണ് ഭാരതം. ദക്ഷിണ ഭാരതത്തിന്റെ ദ്രാവിഡ സംസ്കാരങ്ങൾക്കു മേൽ ആര്യന്മാർ നടത്തിയ അധിനിവേശങ്ങൾ പറയാതെപറഞ്ഞു പോകുകയാണ് ഈ നാടകത്തിലൂടെ.
ദീപാ ജയചന്ദ്രൻ തന്റെ സൃഷ്ടിയുടെ രചനയിലും സംവിധാനത്തിലും പൂർണ്ണമായും നീതി പുലർത്തിയിരിക്കുന്നു. വനിതാ സംവിധായകർ എന്ന നിലയിൽ നാടക രംഗത്തേക്ക് വരാനിരിക്കുന്ന പുതിയ തലമുറയ്ക്ക് ഒരു മാതൃകയും പ്രചോദനവുമാകും "ദ്രാവിഡ പ്പെണ്ണ്" എന്നതിൽ സംശയമില്ല.
"ദ്രാവിഡ പുത്രി കാട്ടു പെണ്ണ് ചിലങ്ക കിലുക്കി വരുന്നു" + ദ്രാവിഡപ്പെണ്ണായും, വിശ്വാമിത്ര മഹർഷിയുടെ കണ്ണിൽ ഘോരരൂപിയായ രാക്ഷസിയായും അരങ്ങിൽ എത്തിയ ഗീതുമോൾ തോമസിന്, പ്രണയവും ദുഃഖവും എല്ലാം തന്റെ കഥാപാത്രത്തിലൂടെ അതി മനോഹരമായി ഓരോ പ്രേക്ഷകനിലും എത്തിക്കാൻ സാധിച്ചിരിക്കുന്നു. ദ്രാവിഡപ്പെണ്ണിന്റെ തോഴിയായി അരങ്ങിൽ എത്തിയ ശ്രീമതി കുമാരി അക്ഷയ ബാലഗോപാലും തന്റെ ചെറിയ ചലനങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും കഥാപാത്രത്തെ അതിമനോഹരമാക്കി. വിശ്വാമിത്ര മഹർഷിയെ അവതരിപ്പിച്ച സജീവനും കൂടാതെ വിവിധ കഥാപാത്രങ്ങളായി അരങ്ങിൽ എത്തിയവരെല്ലാം അവരവരുടെ ഭാഗങ്ങൾ ശ്രദ്ധേയമായി അവതരിപ്പിച്ചു എന്നതാണ് ഈ നാടകത്തിന്റെ മുതൽക്കൂട്ട്.
ഇത്രയും മനോഹരമായ രീതിയിൽ പ്രേക്ഷകന്റെ മുന്നിൽ ഒരു കാടിന്റെ പ്രതീതി കൊണ്ടുവന്ന രംഗപടത്തിന് നേതൃത്വം കൊടുത്ത ദിനേശ് മാവൂരിനെയും സംഘത്തെയും എത്ര പ്രശംസിച്ചാലും മതിവരില്ല. കൂടാതെ അതി മനോഹരമായ രീതിയിൽ ശബ്ദവും വെളിച്ചവും ഒരുക്കിയ വിഷ്ണു നാടക ഗ്രാമത്തിന്റെയും പങ്ക് ഈ നാടകത്തിന്റെ വിജയത്തിന് മുതൽക്കൂട്ടായി.
പശ്ചാത്തല സംഗീതം മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. നാടകത്തിന്റെ ആദ്യ ഭാഗങ്ങളിൽ കുറച്ചു മെല്ലെപ്പോക്ക് അനുഭവപ്പെട്ടതായി തോന്നി.
ഇടയ്ക്ക് സംഭാഷണങ്ങളെ മറികടന്നുപോയ സംഗീതവും, കൂടാതെ ചിലരുടെ സംഭാഷണങ്ങളിലെ വ്യക്തതക്കുറവും പ്രേക്ഷകരിൽ നീരസത്തിന് ഇടയാക്കിയിട്ടുണ്ടാവാം.
എന്തായാലും നല്ല രീതിയിൽ നാടകം ആസ്വദിക്കാൻ പ്രേക്ഷകർക്ക് കഴിഞ്ഞു എന്നതിൽ സംവിധായികക്കും, അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാവർക്കും അഭിമാനിക്കാം.
PC: വി പി നന്ദകുമാർ