കേരള സംഗീത നാടക അക്കാദമി ഏകപാത്ര നാടകോത്സവം. 50 ഏകപാത്ര നാടകങ്ങള്‍ക്ക് 15 ലക്ഷം രൂപയുടെ ധനസഹായം
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
തൃശൂർ - അരങ്ങിനെ ഊര്‍ജ്ജസ്വലമാക്കുന്നതിന്റെ ഭാഗമായി കേരള സംഗീത നാടക അക്കാദമി ഏകപാത്ര നാടകോത്സവം നടത്തും. പുതിയ നാടകങ്ങളോ, നിലവില്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന നാടകങ്ങളോ ആകാം. ഇതിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്ന 50 ഏകപാത്ര നാടകങ്ങള്‍ക്ക് രണ്ട് വേദികളില്‍ അവതരണം നടത്തുന്നതിന് 30,000 രൂപ വീതം അക്കാദമി പ്രതിഫലം നല്‍കും.
പത്ത് കേന്ദ്രങ്ങളിലെ ഏകപാത്ര നാടകോത്സവങ്ങളിലായി 50 ഏകപാത്ര നാടകങ്ങളുടെ നൂറ് അവതരണങ്ങള്‍ നടത്താനാണ് അക്കാദമി ലക്ഷ്യമിടുന്നതെന്ന് സെക്രട്ടറി ഡോ. പ്രഭാകരന് പഴശ്ശി പറഞ്ഞു.
നാടകം അവതരിപ്പിക്കുന്ന സംഘം അക്കാദമിയില്‍ അഫിലിയേറ്റ് ചെയ്യണമെന്ന് നിര്‍ബന്ധമില്ല. വ്യക്തികള്‍ക്കും നാടക കലാകാരന്മാര്ക്കും ഏകപാത്ര നാടകോത്സവത്തിലേക്കുള്ള എന്‍ട്രികള്‍ ഫെബ്രുവരി 23 വരെ സമര്‍പ്പിക്കാം.
വെള്ളക്കടലാസില്‍ തയ്യറാക്കുന്ന അപേക്ഷയോടൊപ്പം നാടകസംഘം, അഭിനേതാവ്, സംവിധായകന്, നാടകകൃത്ത് എന്നിവരെക്കുറിച്ചുള്ള വിശദാംശങ്ങളും നാടകകൃത്തിന്റെ സമ്മതപത്രവും നാടകത്തിന്റെ ഉള്ളടക്കം, സന്ദേശം എന്നിവ രേഖപ്പെടുത്തിയ ചെറുകുറിപ്പും ഉണ്ടായിരിക്കണം.