'കക്കുകളി' ജനഹൃദയങ്ങളിൽ എളുപ്പം കുടിയേറുന്ന മികച്ച നാടകാനുഭവം!
- ഒപ്പീനിയന്‍
ചാക്കോ ഡി അന്തിക്കാട്
ഒരു നാടകം ജനഹൃദയങ്ങളിൽ കൂടുക്കൂട്ടാൻ മികച്ച രചന മാത്രം പോര...മികച്ച രംഗഭാഷയും, അഭിനയവും, കലാപരമായ തനിമയും, അതിനോട് ഇണങ്ങിച്ചേർന്ന സംഗീതവും, വെളിച്ചത്തിന്റെ സൂക്ഷ്മമായ, അർത്ഥവത്തായ പ്രയോഗവും, രംഗവ്യാഖ്യാനത്തിന്റെ ജീവിതഗന്ധിയായ ഇഴചേർക്കലും വേണം!
അതിൽ അഭിനയംതന്നെ മുന്നിൽ... (അഭിനേതാക്കളുടെ 'Give & Take' & 'Total Expression').
കാരണം 'നാടിന്നകം നാടകം' അഭിനയത്തിന്റെ കലയാണ്...സമൂഹത്തിന്റെ അതിജീവന ചരിത്രം കൂടിയാണ്. ഒപ്പം വിമർശനത്തിന്റെ കല കൂടിയാണ്!
നാടകം വെറും കെട്ടിക്കാഴ്ച്ചകളാക്കി മാറ്റുന്നവരുടെ 'കോർപ്പറൈറ്റ് ഹിഡൺ അജണ്ട' ക്കെതിരെ, നാടകം, കാണികൾക്ക്, അഭിനയം 360° യിൽ തുറന്നു കാണാനുള്ള കലയാണ് എന്ന തിരിച്ചറിവാണ്, ആദ്യം വേണ്ടത്!
അത് കഴിഞ്ഞ 3 ദിവസം അവതരിപ്പിച്ച 3 നാടകങ്ങളിലും പല തോതിൽ ഉണ്ട് എന്ന് അടിവരയിട്ട് പറയാം.
അതിൽ സാങ്കേതികതക്ക് ഞാൻ രണ്ടാം സ്ഥാനമേ കൊടുക്കൂ.
'കക്കുകളി'യിൽ അഭിനയം 100 ശതമാനവും മുഴങ്ങി നിൽക്കുന്നുണ്ട് !
അതിലെ നഥാലിയ കന്യാസ്ത്രി (സിസ്റ്റർ മെയ്ഫ്‌ളവർ) ഉജ്ജ്വലം! എല്ലാവരും ഒന്നിനൊന്നു മികച്ചത്!
അതിലെ സമകാലിക മതവിമർശനം (ഇവിടെ പള്ളിയുടെ ക്രൂരത, നിസ്സംഗത, സാമൂഹ്യ വിരുദ്ധത, ഒരു 'സിംബോളിക്ക് പ്രതീകം' മാത്രം! അത് ഫാസിസ്റ്റ് പ്രവണതയുള്ള ഏതു മതങ്ങൾക്കും ബാധകം തന്നെ) ചടുലമായി, ഓരോ രംഗത്തിന്റെ അഭിനയ പ്രകാശനത്തിലും, 'ബ്ലാക്ക്ഔട്ടി'ലും മനസ്സിൽ തുടിച്ചു നിൽക്കും!
2009-10ൽ, കേരള സംഗീത നാടക അക്കാദമിയുടെ അമേച്വർ നാടക മത്സരത്തിൽ, പ്രിയ സുഹൃത്ത് സുവീരൻ സംവിധാനം ചെയ്ത്, മികച്ച അവതരണം, സംവിധാനം, നടൻ, സഹനടി ഒക്കെ കരസ്ഥമാക്കിയ 'ആയുസിന്റെ പുസ്തകം' (നോവൽ by സി. വി. ബാലകൃഷ്ണൻ) കണ്ടതിനു ശേഷം, ക്രിസ്ത്യൻ പശ്ചാത്തലത്തിൽ 'കക്കുകളി' പോലെ ഇത്രയും മനസ്സിനെ ഡയറക്ട് 'ഹോണ്ട്' ചെയ്ത നാടകം വേറെയുണ്ടോ?- എന്ന് വീണ്ടും വീണ്ടും ആലോചിച്ചു... 'ഇല്ല'- എന്ന ഉത്തരവും ലഭിച്ചു!
ക്രിസ്ത്യൻ പള്ളിയുടെ അധികാരത്തിന്റെ പശ്ചാത്തലത്തിൽ, ആലപ്പുഴ കടലോരത്തൊഴിലാളികളുടെ 'സ്ലാങ്' ഭാഷയിൽ, ഇത്രയും ആശയവിനിമയം സാധ്യമാക്കിയ 'കക്കുകളി', മറ്റു നാടകങ്ങളെക്കുറിച്ച് കേട്ടിടത്തോളം, കേരള സംഗീത നാടക അക്കാദമി നൽകിയ, 2 ലക്ഷം കൊടുത്തുള്ള, അമേച്വർ 25 നാടകങ്ങളിൽ, മികച്ച 5 നാടകങ്ങളിൽ ഒന്നു തന്നെയായിരിക്കുമെന്ന് ഉറപ്പിച്ചു പറയാം!
അതിലുള്ള, പള്ളിയുടെ 'വയലൻസ്', മനുഷ്യത്യരാഹിത്യം, ശക്തമായി തുറന്നു കാണിക്കുന്ന നാടകം, കഴിഞ്ഞ 12 വർഷങ്ങൾക്കിടയിൽ സംഭവിച്ചിട്ടില്ല!-എന്നു തുറന്നു പറയട്ടെ!
സംവിധായകൻ ജോബ് മഠത്തിൽ വലിയൊരു പ്രതീക്ഷയാണ്!
ആലപ്പുഴയുടെ മണ്ണിൽ, 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്', 'സ്പാർട്ടക്കസ്', 'വിശുദ്ധപാപങ്ങൾ' ഒക്കെ ചെയ്ത് ചരിത്രമായ, പി. എം. ആന്റണിയുടെ തുടർച്ച, ജോബിൽ ദർശിക്കാം!
പുന്നപ്ര വയലാർ വായനശാലയുടെ കീഴിലുള്ള 'നെയ്തൽ നാടകസംഘം', കേരളത്തിന്റെ നാടക-നവോത്ഥാന ചരിത്രത്തിന്റെ മുതൽക്കൂട്ടാണ്... തുടർച്ചയാണ്!
അവരെ സംരക്ഷിക്കേണ്ടത് ഓരോ നാടക പ്രേമിയുടെയും കടമയാണ്.
അത്രക്കും ധീരമായാണ് ജോബ്, ഫ്രാൻസിസ് നെറോണയുടെ പ്രശസ്തമായ ഈ കഥക്ക് രംഗഭാഷയൊരുക്കിയിരിക്കുന്നത്!
(Horizondal & Vertical തലത്തിലുള്ള സ്റ്റേജ് ഡിസൈനിൽ-പോപ്പിന്റെ ശിരസ്സ്പോലെ ഉയർന്നു നിൽക്കുന്ന ആ തലം, സ്വപ്നത്തിലും വേട്ടയാടും!!!).
നാടകരചനയിൽ, ആരൊക്കെ, എന്തൊക്കെ പ്രസ്താവനകൾ, നിരീക്ഷണങ്ങൾ എഴുതിവെച്ച്, മികച്ച കലാകാരന്മാർ കൈകാര്യം ചെയ്ത്, കാണികളുടെ കണ്ണുകളുടെ ശ്രദ്ധയെ, കാഴ്ച്ചയുടെ യുക്തിയിൽ 'കുരുക്കി'യിട്ടാലും, അതിന്റെ വൈകാരികതയുടെ അംശം കടഞ്ഞെടുത്തില്ലെങ്കിൽ, ഹൃദയത്തിൽ സ്ഥാനം ലഭിക്കില്ല!
മറ്റു രണ്ടു നാടകങ്ങളുടെയും അഭിനയമികവ് എടുത്തു പറയുമ്പോഴും, ഈ ഒരു കുറവ് (അത് മറന്നും നാടകം ആസ്വദിക്കാൻ കഴിയുമായിരിക്കും? നല്ല ക്ഷമയും സഹനശക്തിയും വേണ്ടിവരും!) പലരും എടുത്തു പറഞ്ഞത്, പ്രത്യേകം സൂചിപ്പിക്കട്ടെ.
പുരോഗമന കലാസാഹിത്യ സംഘം തൃശ്ശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച (2022 നവംബർ 20, 21 & 22 @ KSNA-ഭരത് മുരളി തിയറ്റർ), 3 നാടകങ്ങളുടെ ഉത്സവത്തിൽ, എന്റെ മനസ്സിൽ കുടിയേറിയ മികച്ച നാടകം 'കക്കുകളി' തന്നെ! അത് എളുപ്പം മറക്കില്ല! നന്ദി... ജോബ്!
2022 നവംബർ 20ന് കളിച്ച 'താരം' (രചന: എം. എൻ. വിനയകുമാർ, സംവിധാനം: അഭിമന്യു വിനയകുമാർ & അവതരണം: 'ജനഭേരി' ഷൊർണൂർ-തൃശ്ശൂർ) & 21ന്റെ അവതരണം 'സോവിയറ്റ് സ്റ്റേഷൻ കടവ്' (കഥ: മുരളി കൃഷ്ണൻ, രംഗഭാഷ & സംവിധാനം: ഹാസിം അമരവിള, അവതരണം: 'കനൽ' നാടകവേദി- തിരുവനന്തപുരം), രംഗഭാഷയുടെ നവീനമായ അന്വേഷണവും, ആക്ഷേപഹാസ്യത്തിന്റെ ചേരുവകളിലൂടെ, സമകാലിക ഇന്ത്യയുടെ ഫാസ്സിസ്റ്റ് പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും, അതിൽ പൊതുവെ കാണുന്ന ജീവിതഗന്ധിയായ സംഘർഷങ്ങളുടെ, മുഹൂർത്തങ്ങളുടെ കുറവ്, മറച്ചുവെച്ചിട്ട് കാര്യമില്ല!
പ്രോസീനിയവും, അറീനയും, സാൻഡ് വിച്ചും, എൻവയറോൺ മെന്റൽ രംഗഭാഷയും, അതിന്റെ ഏറ്റവും മികച്ച ജീവിതഗന്ധിയായ രംഗഭാഷകൾ കാണികൾക്ക് സംഭാവന ചെയ്ത, ജോസ് ചിറമ്മലും, നരിപ്പറ്റ രാജുവും നൽകിയ സംഭാവനകൾ ഒരിക്കൽക്കൂടി നമിക്കണം, എന്ന് ഇവിടെ വീണ്ടും ഓർമ്മിപ്പിക്കുന്നു!...
അവരുടെ മികച്ച സംഭാവനകൾ ('സൂര്യവേട്ട', 'ഭോമ', 'റെയിൻബോ', 'മുദ്രാരാക്ഷസം', 'തേവരുടെ ആന', etc, (ജോസ്) & 'പ്രവാചകരെ കല്ലെറിയുന്നവൾ', 'കുരുതിപ്പാടം', 'വായേ പാതാളം', etc, (രാജു), പുതു തലമുറയ്ക്ക് അന്യമാണെങ്കിലും, എന്റെ മനസ്സിൽ വടക്കൻ നക്ഷത്രംപോലെ ഇപ്പോഴും തിളങ്ങി നിൽപ്പുണ്ട്!
അതിനപ്പുറത്തേയ്ക്ക് ഇന്നത്തെ പല നാടകങ്ങളും, രംഗഭാഷയിൽ, ഇനിയും അന്വേഷിക്കാനുണ്ട് എന്നും സൂചിപ്പിക്കട്ടെ. (പ്രോസീനിയത്തിൽ, ശശിധരൻ നടുവിലും, സുവീരനും, ശ്രീജിത്ത് പോയിൽക്കാവും, റഫീഖ് മംഗലശ്ശേരിയും, കുറേ മുന്നേറിയിട്ടുണ്ട് എന്നത് മറക്കുന്നില്ല...)
നവംബർ 20 & 21 ലെ രണ്ടു നാടകങ്ങൾ നൽകിയ അനുഭവം, ഇത്രയും എഴുതാൻ പ്രേരിപ്പിക്കുന്നതും ഒരു തിരിച്ചറിവാണ്!
'കക്കുകളി' നൽകുന്നപോലെയുള്ള, യഥാസ്ഥിതിക മതസങ്കൽപ്പങ്ങളെ വിമർശിക്കാനുള്ള ധീരതയും, അതിനു പാകപ്പെടുത്തിയ, ആലപ്പുഴയിലെയും, കേരളത്തിലെയും, കമ്മ്യൂണിസ്റ്റ് പാർട്ടിയുണ്ടാക്കിയ പ്രചോദനവും, ചെറുത്തുനിൽപ്പും ഉണ്ടാക്കിയ, ജനകീയ കലയുടെ, വൈകാരികതയുടെ ആത്മബന്ധം നൽകുന്നതിൽ, മറ്റു രണ്ടു നാടകങ്ങളും അൽപ്പം പുറകിലാണ് എന്ന് തുറന്നു പറയട്ടെ!
എന്നാൽ അവരുടെ കൂട്ടായ്മയും, വർക്ക് ഷോപ്പ് പ്രൊഡക്ഷൻ തിയറ്റർ അന്വേഷണവും, മനോധർമ്മ സാധ്യതയും, സ്പേസ്-ടൈം
വിനിയോഗവും, സമകാലികതയിലൂന്നിയ, ഭാവനാത്മകമായ റെഫറൻസും, കുറച്ചു കാണുന്നില്ല.
അത്, ആ സംവിധായകരിൽ വലിയ പ്രതീക്ഷ നൽകുന്നുമുണ്ട്. (ഹാസിമിന്റെ 'വീണ്ടും ഭഗവാന്റെ മരണം', അഭിമന്യുവിന്റെ 'കുറത്തി' & 'രസ' നല്ല നാടകാനുഭവങ്ങൾ നേരത്തെ തന്നിട്ടുമുണ്ട്!)
വളരെ റിയലിസ്റ്റിക്കായ രീതിയിൽ എപ്പോഴും 'കാര്യം' പറയണമെന്ന് നിർബന്ധിക്കരുതല്ലോ? നവീന രംഗഭാഷക്കായുള്ള ഏതു ശ്രമത്തെയും ഞാനും മാനിക്കുന്നു!
അപ്പോഴും, നമ്മൾ രംഗഭാഷയിൽ, എത്രമാത്രം ജീവിതഗന്ധിയായ മുഹൂർത്തങ്ങൾ വിളക്കിച്ചർക്കുന്നുണ്ട്... എന്നതും വളരെ പ്രസക്തമാണല്ലൊ?
ഫാസ്സിസത്തെ, ഇന്ത്യയിലെ ദേശീയതയുടെ പേരിലുള്ള ഭീഷണിയെ, തുറന്നു കാണിക്കുന്ന ആദ്യ രണ്ടു നാടകങ്ങൾക്ക്, കേരളത്തിലെ സമകാലിക നാടക ചരിത്രത്തിൽ അതിന്റേതായ 'ഇടം' കൊടുക്കുമ്പോഴും, ഈവ ബ്രൗൺ കൊല്ലപ്പെടുന്നതിനു മുൻപുള്ള ഒരു ഏകാന്തത കുറച്ചു കൂടി 'സ്‌ട്രെസ്' കൊടുത്താൽ നാടകത്തിന് കരുത്തു കൂടുമായിരുന്നില്ലേ?
അവർ മുൻപ് കൊന്ന സ്ത്രീയിരുന്ന അതേ സ്ഥാനത്ത്, അവർ ഇരിക്കുന്ന സന്ദർഭം ഉണ്ടായാൽ, കൂടുതൽ ശക്തമാകില്ലേ?
അതുപോലെ ഹിറ്റ്ലറുടെ ആത്മഹത്യ, ബാക്കിലെ ആ ഉയർന്ന തലത്തിൽ ആയിരുന്നെങ്കിൽ? അതിൽ നിന്നും വെടിയേറ്റ് താഴേക്ക് പതിക്കുമ്പോഴുള്ള, ആ ഏകാധിപതിയുടെ 'പതനം'?- ചുമ്മാ എന്നിലെ സംവിധായകൻ ഉണർന്നതാണ്!
'സോവിയറ്റ് സ്റ്റേഷൻ കടവി'ൽ കൂടുതൽ ഡയലോഗ് ഓറിയന്റലായി ചരിത്രം-ഡാറ്റസ് പറയുമ്പോൾ, (ഇറ്റാലിയൻ ചിന്തകൻ സെബസ്റ്റിയാനോ ടിംമ്പനാരോ പറയും പോലെ- ലെനിന്റെ, 54 വയസ്സിലെ, അകാലത്തിലുള്ള മരണം സംഭവിച്ചില്ലായിരുന്നെങ്കിൽ, ജർമ്മനിയിൽ ഹിറ്റ്ലർ തന്നെ ഉയർന്നു വരുമായിരുന്നില്ല എന്ന വിലയിരുത്തൽ?), 'IF' ക്ലോസ്സുകൾ, ദർശനികമായ അന്വേഷണം ആണെങ്കിലും, ദൃശ്യഭാഷയിലൂടെയുള്ള, കൃത്യമായ 'ഇമേജറി'യിലൂടെയുള്ള ആശയവിനിമയം നടത്തുന്നതിൽ, അൽപ്പം പരാജയമല്ലേ?- എന്ന് തുറന്നു ചോദിക്കുന്നു.
'ടൈം ട്രാവൽ' എന്നത്, സ്വപ്നത്തിനും ചരിത്ര യാഥാർഥ്യത്തിനും ഇടയിലുള്ള, യുക്തിയും, അയുക്തിയും, ഇഴചേർത്തുള്ള ഒരു ഞാണിൽമേൽക്കളിയാണ്.
അത് രംഗഭാഷയുടെ അന്വേഷണത്തിൽ, വൈകാരികതയിൽ തുന്നിച്ചേർത്തുള്ള, 'സ്പൈനൽ കോഡ്' പാകുന്നതിൽ, ചടുലമായ ആശയവിനിമയം നൽകുന്നതിൽ, വെല്ലുവിളി ഉയർത്തുന്നു!
കാണികൾ പുതുമ ആഗ്രഹിക്കും... ഒപ്പം, പക്ഷേ, അപൂർവ്വമായ ജീവിതമുഹൂർത്തങ്ങളും പ്രതീക്ഷിക്കും!
അപ്പോൾമാത്രം സംഭവിക്കുന്ന, 'അനുഭവിപ്പിക്കൽ' 'കക്കുകളി'യിൽ കൂടുതൽ പ്രകടിപ്പിക്കാൻ, പ്രകാശിപ്പിക്കാൻ ജോബിന് കഴിഞ്ഞത്, അതിലെ കഥാപാതങ്ങളുടെ 'ക്ലാരിറ്റി' യാണ്!
മനോവ്യാപാരത്തിന്റെ, സംഭാഷണത്തിന്റെ, കൃത്യതയാണ്. (രചയിതാവ് & നടൻ അജയ്കുമാറിന് അഭിനന്ദനങ്ങൾ!)
അത് കാണികളിലേയ്ക്ക് സന്നിവേശിപ്പിക്കാനുള്ള സംവിധായകന്റെ ടൈമിംഗ് ബോധത്തിന്റെ, താളബോധത്തിന്റെ മിടുക്കാണ്!...
അതിന് ഉപയോഗിച്ച കോറിയൊഗ്രാഫിയുടെ, ലൈറ്റിങ്ങ് പറ്റേണിന്റ മിക്കവാണ്!
സംഗീതത്തിൽ 'ഗോഡ്ഫാദർ' (ഇഗ്ലീഷ്) & 'ലാസ്റ്റ് ടെംപ്റ്റേഷൻ ഓഫ് ക്രൈസ്റ്റ്' (പാഷൻ മ്യൂസിക് ഒക്കെയുണ്ട്... അറിയാം)...
എല്ലാം വളരെ Apt ആയി മാറിയിട്ടുണ്ട്!
മറ്റു BGM Mood പ്രയോഗവും ഗംഭീരം!
മികച്ച വെളിച്ച വിതരണം... നിയന്ത്രണം!
മറ്റു രണ്ടു നാടകങ്ങളിലും പലപ്പോഴും ഗംഭീരമായ അഭിനയം വന്നപ്പോഴും ('താര'ത്തിലെ സ്ത്രീ കഥാപാത്രങ്ങൾ & 'സോവിയറ്റ് സ്റ്റേഷൻ കടവി'ലെ രവിയും, ഹിറ്റ്ലർ കഥാപാത്രങ്ങളും), പലയിടത്തും, പല കഥാപാത്രങ്ങളുടെയും 'മോട്ടിവേഷണൽ ബിഹാവി'ങ്ങിൽ, ഒരു അവ്യക്തത, രംഗവ്യാഖ്യാനത്തിൽ വന്നിട്ടില്ലേ? എന്ന് സംശയിക്കേണ്ടി വരുന്നു!
ബിംബങ്ങളുടെ വിവിധ 'മാന'ങ്ങളിലുള്ള (Multi Dimentional Metaphors-Absract & Concrete Images) ധാരാളിത്തം, 'താര'ത്തിൽ കാണാം.
Theatrical Level Devices - ലെവലുകളുടെ മാറ്റിയുള്ള പ്രയോഗങ്ങൾ - ആവർത്തിക്കുന്നത്, ഹാസിമിന്റെ നാടകത്തിൽ കാണാം....
രണ്ടും രംഗഒരുക്കത്തിന്റെ, അന്വേഷണത്തിന്റെ, തുടർച്ച തന്നെ! സമ്മതിക്കുന്നു...
എന്തെല്ലാം പരിമിതികൾ ഉണ്ടെങ്കിലും, ഈ മൂന്നു നാടകങ്ങളും ഒരുമിച്ചു തന്നെ, കേരളത്തിൽ അവതരണങ്ങൾ നൽകി, രംഗഭാഷയിലെ പരീക്ഷണങ്ങൾക്ക് മേലുള്ള വിശദമായ തുറന്ന സംവാദം നടത്തി, നമ്മൾ ഇന്ന് ജീവിക്കുന്ന, മതത്തിന്റെ, വർഗ്ഗീയ ഫാസ്സിസ്സത്തിന്റെ ഭീകരത, ജനങ്ങളെ ബോധ്യപ്പെടുത്തുക ഒരു രാഷ്ട്രീയ പ്രവർത്തനമായി, പുകസയെങ്കിലും, മറ്റു ജില്ലകളിൽ ഏറ്റെടുക്കട്ടെ!
"മുള്ളിനെ മുള്ളുകൊണ്ട് എടുക്കണം"- എന്നു പറയുംപോലെ, നാടകത്തിലെ പഴുപ്പിനെ, ജീർണ്ണതയെ, ചോരയും വിയർപ്പും, ചിന്തയും വികാരവും, തുടിക്കുന്ന 'പുതു നാടക ജീവൻ'ക്കൊണ്ട് മാത്രം, കുത്തി പുറത്തെടുക്കുക!... വേറെ ബദലില്ല!
നാടക സംഘങ്ങൾക്കും, (ഞാനടക്കമുള്ള, നിറഞ്ഞു കവിഞ്ഞ കാണികൾക്കും) പുകസ സംഘാടകർക്കും അഭിനന്ദനങ്ങൾ... അഭിവാദ്യങ്ങൾ!
നാടകത്തിനു മുൻപുള്ള സെമിനാറുകളും, സംവാദങ്ങളും, ഒരു നാടക ഫെസ്റ്റിവലിൽ, വളരെ പ്രസക്തം!...
അന്നും എന്നും, മികച്ച, നവീന രംഗഭാഷക്ക് ഒപ്പമുണ്ട്... കേരളം!
കൊറോണയ്ക്ക് ശേഷം മലയാള നാടകവേദി പൂർവ്വാധികം ശക്തിയിൽ തിരിച്ചു വരും എന്നതിന്റെ സൂചനയാണ്, ഞാൻ കഴിഞ്ഞ 6 മാസങ്ങളിലായി കണ്ട, ശശിധരൻ നടുവിലിന്റെയും, കെ. എസ്. പ്രതാപന്റെയും, അഭിമന്യുവിന്റെയും, ഹാസിം അമരവിളയുടെയും, ജോബ് മഠത്തിലിന്റെയും, നാടകങ്ങൾ!...
ഒപ്പം KSNA സഹായിച്ച മികച്ച സോളോകൾ!
സമരവീര്യവും, നാടകവും ജീവിതവും, ഉണ്ടാക്കുന്ന നീതിബോധവും, ജനാധിപത്യ സംസ്‌ക്കാരവും, മൂല്യബോധവും, നീണാൾ വാഴട്ടെ!
മലയാള നാടകവേദി മുന്നോട്ട്!