കാണികളുടെ ഹൃദയം കവർന്ന് അഥീന നാടകോത്സവം; മൂന്നാം ദിനം
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
മയ്യിൽ: അഥീന നാടകോത്സവം മൂന്നാം ദിനം നാടകപ്പാട്ടുമായി ടീം അഥീന അരങ്ങുണർത്തി. നാടകത്തിന്റെ വർത്തമാനം എന്ന വിഷയത്തിൽ പ്രശസ്ത നാടക പ്രവർത്തകൻ രാജ് മോഹൻ നീലേശ്വരം പ്രഭാഷണം നടത്തി. നാടക രചയിതാവും സംവിധായകനുമായ സുരേഷ് കടന്നപ്പള്ളി, സംഗീത സംവിധായകൻ പവിത്രൻ ഞാറ്റുവയൽ എന്നിവർ സാന്നിധ്യം കൊണ്ട് വേദിയെ ധന്യമാക്കി. അഭിന അനിൽകുമാർ സ്വാഗതവും മോഹൻ കാരക്കീൽ നന്ദിയും പ്രകാശിപ്പിച്ചു. അനിൽ നടക്കാവ് രചനയും എ അശോകൻ സംവിധാനവും നിർവ്വഹിച്ച് സുജിത്ത് കുമാർ ചെക്കിക്കുളം അരങ്ങിലെത്തിയ എ കെ ജി വായനശാല ചെമ്മാടത്തിന്റെ ശിശിരങ്ങൾക്കപ്പുറം കാണികളുടെ മനം നിറച്ചു. ആലപ്പുഴ തകഴി തെസ്പിയൻ തിയറ്ററിനു വേണ്ടി കെ ആർ രമേശ് കോട്ടയം രചനയും സംവിധാനവും നിർവഹിച്ച് ജയചന്ദ്രൻ തകഴിക്കാരൻ അരങ്ങിലെത്തിയ ജോസഫിന്റെ റേഡിയോ കാഴ്ചക്കാർക്ക് നാടകവസന്തമൊരുക്കി..
ജിനോ ജോസഫ്, ശശിധരൻ ചാലക്കുന്ന്, തൃശ്ശൂരിൽ നിന്നുമെത്തിയ നാടക വിദ്യാർത്ഥികൾ തുടങ്ങി നിരവധി പേർ അഥീന നാടകോത്സവത്തിന് കാണികളായെത്തി.
സുജിത്ത് കുമാർ ചെമ്മാടത്തിന് സുരേഷ് കടന്നപ്പള്ളിയും തകഴിക്കാരന് ജിനോ ജോസഫും അനിൽ നരിക്കോടും ചേർന്ന് ഉപഹാരം സമ്മാനിച്ചു..