സ്നേഹം പങ്കിടുന്നതിൻ്റെ ഇടങ്ങൾ
എ. സെബാസ്റ്റ്യൻ
ഗ്രന്ഥശാല പ്രവർത്തകർ കിട്ടുന്ന വേദിയിലൊക്കെ വായന മരിച്ചുവെന്ന് തട്ടി വിടും. അവിടെ ഉയർത്തേണ്ട ചോദ്യം താങ്കൾ അടുത്ത കാലത്ത് വായിച്ച പുസ്തകം ഏത്?
കുറെ കാലമായി വായന ഇല്ല.
എന്നാൽ നിങ്ങൾ തിരുത്തണം നിങ്ങളിലെ വായന മരിച്ചുവെന്ന്.
ഇത് പോലെ തന്നെയാണ് നാടക പ്രവർത്തകരും : നാടകം കാണുവാൻ ആളില്ല.
അവിടെയും ചോദ്യം ഉയർത്തണം.
നിങ്ങൾ അവസാനം കണ്ട നാടകം?
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി.
അത് കഴിഞ്ഞ് ഒരുപാട് നാടകങ്ങൾ വേദിയിൽ അരങ്ങേറി ദേശീയ നാടകോത്സവ വേദിയിലും സ്കൂൾ ഓഫ് ഡ്രാമയിലും സംസ്കൃത യൂണിവേഴ്സിറ്റി തിയ്യറ്റർ ഫെസ്റ്റിലും നിങ്ങൾ എന്തുകൊണ്ട് കണ്ടില്ല. അവിടെയെല്ലാം നിറഞ്ഞ സദസ്സിലാണ് നാടകം അരങ്ങേറിയത്. നിങ്ങൾ കണ്ടില്ലെങ്കിൽ നിങ്ങളിലെ നാടകക്കാരൻ മരിച്ചു എന്ന് പറഞ്ഞാൽ മതി. അല്ലാതെ നാടകം മരിച്ചുവെന്ന് പറയരുത് ദൈവത്തെയോർത്ത്.
ഇന്നലെ ലോക നാടക ദിനമായിരുന്നു. ഒരു ദിവസം നീണ്ടു നിൽക്കുന്ന ഗംഭീര സിപോസിയം സംഘടിച്ചു. വിത്ത് ശാപ്പാട്, ചായ പലഹാരമടക്കം ഗംഭീരമാക്കി പ്രഗൽഭർ അണിനിരന്നു. പക്ഷെ, ഒറ്റയാൾ നാടകം പോലുമുണ്ടായില്ല. ക്ലാസ്സെടുത്തവർ അഭിനയിച്ചെങ്കിൽ ആരോപണം ഒഴിവാക്കുന്നു.
ലോക നാടക ദിനത്തിൽ മരുന്നിനെങ്കിലും ഒരു നാടകം കാണാതെ എങ്ങനെ കിടന്നുറങ്ങും. ജോർജ് കാഞ്ഞൂർ എന്ന നാടക നടൻ്റെ വിളി വന്നു. യൂണിവേഴ്സ്റ്റിയിൽ നാടകമുണ്ട് 7.30 ക്ക്. പണ്ടേ, നാടകം ഉണ്ടെന്ന് കേട്ടാൽ കാണാതെ പിന്നെ വെള്ളമിറങ്ങില്ല. വാർത്തകൾ ഓടി പിടഞ്ഞ് അയച്ച് 7 മണിക്ക് വണ്ടി കയറി. കാലടി സംസ്കൃത സർവ്വകലാശാലയിൽ എത്തുമ്പോൾ നാടകം കാണുവാൻ ആരെയും കണ്ടില്ല. ഇത് എന്ത് പറ്റി നാടകം മാറ്റി വെച്ചോ? കൂത്തമ്പലത്തിൽ കയറി നോക്കുമ്പോൾ അത് തന്നെ സ്ഥിതി. സൗണ്ട് ഓപ്പറേറ്റ് ചെയ്യുന്നയാളോട് ചോദിച്ചു. 7.30 തുടങ്ങും. അകത്ത് ചൂട് കാരണം പുറത്തിറങ്ങി നോക്കുമ്പോൾ ഒന്നിനു പിറകെ ഒന്ന് രണ്ട് പോലീസ് ജീപ്പുകൾ ചീറി പാഞ്ഞ് പോകുന്നു.
ജോർജ് കാഞ്ഞൂരിനെ വീണ്ടും വിളിച്ചു എടുത്തില്ല.
നാടകം കാണുവാൻ വരുമ്പോൾ യൂണിവേഴ്സിറ്റിയുടെ അകത്തേ രണ്ടാമത്തെ ഗെയ്റ്റ് കടന്ന് പോയി മലയാളം ഡിപ്പാർട്ട്മെൻ്റിൻ്റെ അടുത്ത് എത്തുമ്പോൾ ഒരു കാറ് വന്ന് നിൽക്കുന്നു. അതിൽ നിന്നും ഇറങ്ങിയവർ ഒരു വീൽചെയർ സെറ്റ് ചെയ്യുന്നു. നാടകം തുടങ്ങാറായപ്പോഴേക്കും ആ വീൽ ചെയറും യാത്രക്കാരിയും എത്തുന്നു.
ലൈറ്റ് അണച്ചു പിന്നെ നേരിയതായി മിഴി തുറന്നു. ഹോളിയുടെ മുഴുവൻ കളറും ഏറ്റുവാങ്ങിയ വസ്ത്രം ധരിച്ചവൾ അനൗൺസ് ചെയ്യുന്നു : നാടകത്തിൻ്റെ പേര് ''ഇടങ്ങൾ "മാധവിക്കുട്ടിയുടെ പാതിവൃതം എന്ന കഥയുടെ നാടകാവിഷ്ക്കാരം.
അരങ്ങിൽ ആനിയും നന്ദനും നീയില്ലാതെ, എനിക്ക് ജീവിക്കാൻ കഴിയില്ല. എന്നെ വിവാഹം കഴിക്കുന്നതിൽ എന്താണ് തടസ്സം അങ്ങനെ അനവധി ചോദ്യങ്ങൾ. വ്യക്തമായി മറുപടി നൽകാതെ, ഒഴിഞ്ഞ് മാറുന്നു. പിന്നെ കാണുന്നത് കല്യാണം കഴിഞ്ഞ നന്ദൻ്റെയും മീരയുടെയും അസന്തുഷ്ടമായ ജീവിതമാണ് ജീവിച്ച് തീർക്കുന്നത്. എങ്ങനെ എങ്കിലും മീരയുടെ സാമീപ്യത്തിൽ നിന്നും വിടുതൽ നേടുന്ന നന്ദൻ.
അടുത്ത സീനിൽ കാല് തളർന്ന ആനിയുടെ അടുത്തേയ്ക്ക് ഓടിയെത്തുന്ന നന്ദൻ. കുഞ്ഞ് വേണമെന്ന അവളുടെ ആഗ്രഹത്തെ നിഷ്കരുണം നിരാഗ്രഹിക്കുന്നു. എങ്ങനെ വളർത്തുമെന്ന ചോദ്യ ചിഹ്നമുയർത്തി പ്രതിരോധിക്കുന്നു.
മീര ഭർത്താവിനെ അടിച്ച് മാറ്റിയത്തിൽ പ്രതിഷേധിച്ച് ആനിയുടെ വീട്ടിലെത്തുന്നതും വഴക്ക് കൂടുന്നതും സാഹചര്യം മനസ്സിലാക്കി രണ്ട് പേരുടെയും അവസ്ഥ അവർ പരസ്പരം മനസ്സിലാക്കി ആശ്വസിപ്പിക്കുന്നതിൽ വലിയ മല അലിഞ്ഞ് തീരുന്നു. ഇതിനെ രണ്ട് തരത്തിൽ മനസ്സിലാക്കാം. ആഗ്രഹിച്ചത് ലഭിക്കാത്തത് മൂലമുള്ള പ്രയാസവും ലഭിച്ചതിനെ തൃപ്തിപ്പെടുത്തുവാൻ കഴിയാത്തതിലുള്ള സങ്കടവും. നാടകത്തിലെ ആനിയിൽ നിന്നും നാടകം കാണുവാൻ വീൽചെയറിലെത്തിയ കുട്ടിയിലേക്കുള്ള ദൂരം മാത്രമാണ് നാടകം. യൂണിവേഴ്സിറ്റിയുടെ ഗെയ്റ്റ് കടന്ന് നാടകത്തിനുമപ്പുറമുള്ള യഥാർത്ഥ വീൽ ചെയറിൽ പമ്പ് കടന്ന് കാലടി സ്തൂപത്തിലേക്കെത്തുമ്പോൾ കുടിയാൻമല ഫാസ്റ്റ് വന്ന് ജീവിതമെന്ന നാടകത്തിൻ്റെ തിരശീല താഴ്ത്തി. ഞാൻ വണ്ടി കയറി വീട്ടിലേക്ക്.
നാടകമില്ലാത്ത ലോക നാടക ദിനാഘോഷവും ഇടങ്ങൾ നാടകം കണ്ട് രണ്ട് യുവതികളിലൂടെ ജീവിതത്തിലെത്തിയതും ഏതാണ് ശരിക്കുള്ള നാടകം. നാടകം മരിച്ചിട്ടില്ല എന്നത് മാത്രമാണ് നാടകത്തിൻ്റെ അരങ്ങ്.