കനൽ - വയലാ പുരസ്കാരം ഡോ. സാംകുട്ടി പട്ടംകരിക്ക്
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
2022 ലെ കനൽ - വയലാ പുരസ്‌കാരത്തിന് നാടകരചയിതാവും സംവിധായകനുമായ ഡോ. സാംകുട്ടി പട്ടംകരി അർഹനായി. നാടകരചനയ്ക്കും സംവിധാനത്തിനും രംഗപടത്തിനും ദീപവിതാനത്തിനും വസ്ത്രലങ്കാരത്തിനുമുൾപ്പടെ നിരവധി ദേശീയ അന്തർദേശീയപുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള സാംകുട്ടി, ലല്ല, ഭീമപർവം, സാധുജനപാലകൻ, ചാവുപടികൾ തുടങ്ങി നിരവധി നാടകങ്ങളിലൂടെ മലയാള നാടകവേദിയെ ലോകനാടകവേദിയിലേക്ക് എത്തിക്കുന്നതിലും മികച്ച പങ്കു വഹിച്ചിട്ടുണ്ട് എന്ന് പുരസ്കാര സമിതി വിലയിരുത്തി. കേരള സംഗീത നാടക അക്കാദമി, കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങളും സാംകുട്ടിയ്ക്ക് ലഭിച്ചിട്ടുണ്ട്.
നാടകാചാര്യൻ ഡോ. വയലാ വാസുദേവൻ പിള്ളയുടെ സ്മരണാർത്ഥമുള്ള പുരസ്‌കാരവും പ്രശസ്തിപത്രവും ആഗസ്റ്റ് 29 ന് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന ചടങ്ങിൽ വച്ച്, സാംസ്കാരികപ്രവർത്തകനും കലാസംഘാടകനും സംഗീത നാടക അക്കാദമി മുൻചെയർമാനുമായ സൂര്യ കൃഷ്ണമൂർത്തി സമർപ്പിക്കും. തുടർന്ന് വയലാ വാസുദേവൻപിള്ള രചിച്ച "തുളസീവനം" നാടകവും അരങ്ങേറും.