കളിയൊരുക്കം; തീയറ്റർ ക്യാമ്പ് സംഘടിപ്പിച്ചു
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കൊടക്കാട്: നവോദയ ആർട്സ് ആന്റ് സ്പോട്സ് ക്ലബ്ബ്, കണ്ണങ്കൈയുടെ നേതൃത്വത്തിൽ പ്രദേശത്തെ കുട്ടികൾക്കായി കളിയൊരുക്കം തീയറ്റർ ക്യാമ്പ് സംഘടിപ്പിച്ചു. പുതിയ കാലത്ത് പാഠ്യപദ്ധതിയുടെ ഭാഗമായി സിലബസിൽ തീയറ്റർ ഉൾപ്പെടുത്തുന്ന സാഹചര്യത്തിൽ വജ്രജൂബിലി ഫെല്ലോഷിപ്പിലൂടെ ആയിരക്കണക്കിന് കലാകാരന്മാരെ കലാ പരിശീലനത്തിന് ഇന്ത്യയിലുടനീളം നിയമിക്കുന്ന ഈ സമയത്ത് നവോദയ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബും അതിന്റെ ഭാഗമാവുകയാണ്. പ്രദേശത്തെ കുട്ടികൾക്ക് അവരുടെ വ്യക്തിത്വ വികസനവുമായി ബന്ധപ്പെട്ട് അതോടൊപ്പം സാമൂഹിക അവബോധം വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടുകൂടിയും തീയറ്ററിനെ ഉപയോഗിക്കുകയാണ് ക്യാമ്പിലൂടെ ലക്ഷ്യമിട്ടത്. പ്രശസ്ത നാടക പ്രവർത്തകൻ രതീഷ് രംഗൻ പരിപാടി ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും പ്രഭാഷകനുമായ പ്രകാശൻ കരിവെള്ളൂർ കുട്ടികളുടെ നാടക രചന എന്ന വിഷയത്തിലും ഭാസി വർണലയം ചമയവും ചിത്ര വരകളും എന്ന വിഷയത്തിലും ജിതിൻ ജനാർദ്ദനൻ ചടുല താളങ്ങൾ എന്ന വിഷയത്തിലും ക്ലാസുകൾ കൈകാര്യം ചെയ്തു. തീയറ്റർ ക്ലാസും ക്യാമ്പും ശരത് സതീഷന്റെ നേതൃത്വത്തിൽ നടന്നു. ക്ലബ് സെക്രട്ടറി അനൂപ് ടി പി സ്വാഗതം പറഞ്ഞു. വൈശാഖ് കൊടക്കാട്, നവോദയ വായനശാല ആന്റ് ഗ്രന്ഥാലയം സെക്രട്ടറി ബാലകൃഷ്ണൻ മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ക്ലബ് ട്രഷറർ കരുണാകരൻ നന്ദി രേഖപ്പെടുത്തി സംസാരിച്ചു. പ്രസിഡന്റ് പ്രണവ് ആലക്കാടൻ അധ്യക്ഷത വഹിച്ചു.