തിരക്കഥാകൃത്ത് ജോൺപോൾ അന്തരിച്ചു
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കൊച്ചി: പ്രശസ്ത തിരക്കഥാകൃത്ത് ജോൺപോൾ അന്തരിച്ചു. 72 വയസ്സായിരുന്നു.
ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അന്ത്യം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗബാധിതനായി രണ്ടു മാസമായി ആശുപത്രിയിലായിരുന്നു.
ഐവി ശശിയുടെ ഞാൻ ഞാൻ മാത്രം എന്ന സിനിമയ്ക്ക് കഥയെഴുതിക്കൊണ്ടാണ് ജോൺപോൾ സിനിമയിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. ഭരതന്റെ ചാമരം എന്ന സിനിമയ്ക്കാണ് ആദ്യ തിരക്കഥയൊരുക്കിയത്. കമലിന്റെ പ്രണയമീനുകളുടെ കടൽ ആണ് അവസാനമായി തിരക്കഥ എഴുതിയ സിനിമ.
ജോൺ പോളിന്റെ ആദ്യ തിരക്കഥ ഇന്ത്യൻ സിനിമയ്ക്ക് അന്നുവരെ അപരിചിതമായൊരു പ്രണയകഥയായിരുന്നു. 1980ൽ ചാമരം എന്ന സിനിമയിലൂടെ മലയാളികൾ പരിചയപ്പെട്ടത് ശക്തമായ തിരക്കഥകളൊരുക്കി പിന്നീട് മലയാളിപ്രേക്ഷകരെ അദ്ഭുതപ്പെടുത്തുകയും ആരാധകരാക്കി മാറ്റുകയും ചെയ്ത അപൂർവ പ്രതിഭയെയായിരുന്നു. വിവിധഭാവങ്ങളിലും വികാരതലങ്ങളിലുമുള്ള അനവധി കഥകൾ അതിസമർഥമായി ജോൺ പോൾ ആവിഷ്കരിച്ചു. മലയാളത്തിലെ ഏറ്റവും മികച്ച സംവിധായകർക്കായി നൂറോളം തിരക്കഥകളാണ് ജോൺപോൾ എഴുതിയത്. എൺപതുകളിലും തൊണ്ണൂറുകളുടെ ആദ്യകാലത്തും ഏറ്റവും തിരക്കുള്ള സിനിമാഎഴുത്തുകാരനായിരുന്നു അദ്ദേഹം. ആകർഷകമായും ആവർത്തനവിരസതയില്ലാതെയും തിരക്കഥ തയ്യാറാക്കുന്ന ജോൺപോളിനെ സംവിധായകർക്കും പ്രേക്ഷകർക്കും ഏറെ പ്രിയമായിരുന്നു. തിരക്കഥയെഴുത്തിൽ സെഞ്ച്വറി തികച്ചിട്ടും സ്വന്തമായി ഒരു വീട് പോലും അദ്ദേഹത്തിനുണ്ടായില്ല എന്നത് ഏറെ വിഷമകരമായ സംഗതിയാണ്. സാമ്പത്തികലാഭത്തിന് വേണ്ടി സിനിമാപ്രവർത്തനം നടത്താൻ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ലെന്നോ സാമ്പത്തികലാഭമുണ്ടാക്കാൻ അദ്ദേഹത്തിന് ഒട്ടും മിടുക്കുണ്ടായിരുന്നില്ലെന്നോ നാം കരുതേണ്ടിയിരിക്കുന്നു. അവസാനനാളുകളിൽ ജോൺ പോളിന്റെ ചികിത്സക്കായി സുഹൃത്തുക്കളും സഹപ്രവർത്തകരും അഭ്യുദയകാക്ഷികളുടെ ദയ തേടേണ്ടി വന്നതും ഏറെ വിഷമിപ്പിക്കുന്നു.
തന്റെ സമർഥവും ശക്തവുമായ തിരക്കഥകളിലൂടെ മലയാളസിനിമാലോകത്ത് ജോൺപോൾ നേടിയെടുത്ത സ്ഥാനത്തിന് മറ്റൊരവകാശി ഉണ്ടാകില്ലെന്ന് ഉറപ്പാണ്. മാനുഷിക വികാരങ്ങളുടെ വ്യത്യസ്തതലങ്ങൾ
കഥാപാത്രങ്ങളിലൂടെയും കഥാസന്ദർഭങ്ങളിലൂടെയും സൃഷ്ടിക്കാൻ അതിസമർഥനായിരുന്നു ജോൺ പോളെന്ന് ആദ്യ സിനിമയായ ചാമരം തന്നെ മികച്ച ഉദാഹരണമാണ്. ആദ്യ അവസരം നൽകിയ സംവിധായകൻ ഭരതൻ പിന്നീട് മർമ്മരം, ഓർമ്മക്കായ്, പാളങ്ങൾ, സന്ധ്യ മയങ്ങും നേരം, ഇത്തിരിപൂവേ ചുവന്നപൂവേ, കാതോട് കാതോരം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, നീല കുറിഞ്ഞി പൂത്തപ്പോൾ, ഒരു സായാഹ്നത്തിന്റെ സ്വപ്നം, കേളി, മാളൂട്ടി, ചമയം, മഞ്ജീരധ്വനി തുടങ്ങിയ സിനിമകളിൽ തിരക്കഥയൊരുക്കാൻ ജോൺ പോളിന്റെ കൂട്ടുതേടി. ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച ഫിലിം മേക്കറുകളിലൊരാളായ ഭരതൻ തന്റെ സിനിമകളുടെ തിരക്കഥയൊരുക്കാൻ വിശ്വാസ്യതയോടെ ഏൽപിച്ചതാണ് ജോൺ പോളിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരം. പാളങ്ങൾ ചർച്ച ചെയ്ത വിഷയമായിരുന്നില്ല ഇത്തിരിപൂവേ ചുവന്ന പൂവേ കൈകാര്യം ചെയ്തത്. കാതോട് കാതോരവും ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടവും ഒരു സായാഹ്നത്തിന്റെ സ്വപ്നവും കേളിയുമൊക്കെ വ്യത്യസ്തമായിരുന്നു. മനുഷ്യവികാരങ്ങളിൽ ഏറ്റവും തീവ്രമെന്ന് വിശേഷിപ്പിക്കാവുന്ന ദുഃഖവും പ്രണയവും ജോൺപോൾ കഥകളിൽ ആവർത്തിക്കപ്പെട്ടിരുന്നു പക്ഷെ ഒരു കഥയും മറ്റൊന്നിന്റെ ആവർത്തനമായിരുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ രചനാവൈഭവത്തെ കുറിച്ച് ഏറ്റവും വിസ്മയിപ്പിക്കുന്ന സംഗതി.
മോഹൻ, പി. ചന്ദ്രകുമാർ, പി.ജി. വിശ്വംഭരൻ, പി.എൻ. മേനോൻ, കെ.എസ്. സേതുമാധവൻ, ഐ.വി. ശശി, ജോഷി, സത്യൻ അന്തിക്കാട്, കമൽ, സിബി മലയിൽ...ജോൺ പോൾ ഒപ്പം പ്രവർത്തിച്ച സംവിധായകരുടെ പട്ടിക നീളുന്നു. ബാലു മഹേന്ദ്രയ്ക്ക് വേണ്ടി ജോൺ പോൾ ഒരുക്കിയ യാത്ര എന്ന സിനിമ മലയാളികളുടെ പ്രിയപ്പെട്ട സിനിമകളിലൊന്നാണ്. ഭരത് ഗോപി സംവിധാനം ചെയ്ത ഉത്സവപ്പിറ്റേന്നിന്റെ കഥാകാരനും ജോൺ പോളായിരുന്നു. കെ. മധുവിനൊപ്പം പ്രവർത്തിച്ച ഒരുക്കം, രണ്ടാം വരവ് തുടങ്ങിയ സിനിമകൾ ത്രില്ലർ ഗണത്തിൽ പെടുന്നു. ഇണ, അതിരാത്രം, വ്രതം, ഭൂമിക ഐ.വി. ശശിയ്ക്ക് വേണ്ടി എഴുതിയല്ലൊം ബിഗ് ഫ്രെയിം മൂവികളായിരുന്നു. സത്യൻ അന്തിക്കാടിന് വേണ്ട എഴുതിയ രേവതിക്കൊരു പാവക്കുട്ടി മലയാളസിനിമയിലെ ഏറെ നൊമ്പരമുണർത്തുന്ന സിനിമയിൽ ഉൾപ്പെടുന്നു. ഭരത് ഗോപിയുടെ അസാമാന്യഅഭിനയപാടവവും സിനിമയെ വേറിട്ട് നിർത്തുന്നു. പി.ജി വിശ്വംഭരന്റെ ഈ ലോകം ഇവിടെ കുറേ മനുഷ്യർ, ഈ ശബ്ദം ഇന്നത്തെ ശബ്ദം എന്നീ സിനിമകളുടെ ബാക്ബോൺ മികച്ച തിരക്കഥയായിരുന്നു. ഒരു പക്ഷെ കാലത്തിന് മുമ്പേ സഞ്ചരിച്ച സിനിമകൾ. മമ്മൂട്ടിക്കും മോഹൻലാലിനും നെടുമുടി വേണുവിനും തിലകനും മാത്രമല്ല നായികമാരായെത്തിയ മാധവി, ശോഭന, സെറീന വഹാബ്, സീമ, പാർവതി...തങ്ങളുടെ അഭിനയ ജീവിതത്തിൽ ഓർത്തുവെക്കാവുന്ന അഭിനയമുഹൂർത്തങ്ങൾ ജോൺ പോൾ നൽകിയിട്ടുണ്ട്.
ഒരു ചെറുകഥ പോലും എഴുതാതെയാണ് താൻ തിരക്കഥാരംഗത്തേക്ക് കടന്നുവന്നതെന്ന് ഒരഭിമുഖത്തിൽ ജോൺ പോൾ പറഞ്ഞിട്ടുണ്ട്. പി.എൻ. മേനോന്റെ കഥയിൽ അസ്ത്രം, തിക്കോടിയൻ കഥയിൽ ഇത്തിരിപൂവേ ചുവന്ന പൂവേ, കൊച്ചിൻ ഹനീഫയുടെ കഥയിൽ ഇണക്കിളി, ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കഥയിൽ ഒരുക്കം, രവി വള്ളത്തോളിന്റെ രേവതിക്കൊരു പാവക്കുട്ടി, ബ്ലൂ ലഗൂൺ എന്ന അമേരിക്കൻ സിനിമയുടെ മലയാള ആവിഷ്കാരം ഇണ...തന്നെ വിശ്വസിച്ച് ഏൽപ്പിച്ചതെല്ലാം ജോൺ പോൾ ഏറ്റവും മികച്ചതാക്കി. സിനിമയെ പ്രണയിച്ച് സിനിമയിൽ ജീവിച്ച ഒരു കൂട്ടം കലാകാരൻമാർക്കൊപ്പം ഏറെ ആത്മാർഥയോടെ ജോൺ പോൾ എന്ന നിസ്വാർഥനായ വലിയ മനുഷ്യൻ നിലകൊണ്ടു, മികച്ച സിനിമകളുടെ ഭാഗമായി, തന്റെ ഭാഗം ഏറെ മികവുറ്റതാക്കി. അദ്ദേഹം അവസാനം തിരക്കഥയെഴുതിയത് തെരേസ ഹാഡ് എ ഡ്രീം എന്ന ബയോ പികിന് വേണ്ടിയായിരുന്നു. ഇംഗ്ലീഷിലായിരുന്നു തെരേസ ഹാഡ് എ ഡ്രീം ഒരുങ്ങിയത്. തിരക്കഥാ രചനയിൽ മികവ് പുലർത്തിയെങ്കിലും അദ്ദേഹത്തിന്റെ പ്രാഗത്ഭ്യത്തിന് വേണ്ടത്ര അംഗീകാരം ലഭിച്ചില്ലെന്നത് ഒരു ഏറെ ദുഃഖകരമാണ്.
ചലച്ചിത്രരംഗത്ത് സജീവമാകുന്നതിന് മുമ്പ് ബാങ്കുദ്യോഗസ്ഥനായും മാധ്യമപ്രവർത്തകനായും ജോൺ പോൾ പ്രവർത്തിച്ചിരുന്നു. സിനിമരംഗത്ത് തിരക്ക് കുറഞ്ഞ ഇടവേളയിൽ സിനിമയെ പുറത്തു പഠിക്കാനും പുസ്തങ്ങളുടെ രചനയ്ക്കും സിനിമവിദ്യാർഥികൾക്ക് തന്റെ അറിവുകൾ പകരാനുമാണ് അദ്ദേഹം സമയം ചെലവിട്ടത്. എ.ടി. വാസുദേവൻ നായർ എന്ന എഴുത്തുകാരനോട് ഏറെ ആരാധനയും ആദരവുമുണ്ടായിരുന്ന ജോൺ പോൾ എം.ടി. സംവിധാനം ചെയ്ത ഒരു ചെറുപുഞ്ചിരി എന്ന സിനിമയുടെ നിർമാതാവായിരുന്നു. ദേശീയ അന്തർദേശീയ തലങ്ങളിൽ അംഗീകാരങ്ങൾ കരസ്ഥമാക്കിയ ഒരു ചെറുപുഞ്ചിരി എം.ടിയോടൊപ്പം പ്രവർത്തിക്കാനുള്ള അദ്ദേഹത്തിന്റെ സ്വപ്നം സഫലമാക്കി. മധു ജീവിതം ദർശനം, ഒരു കടങ്കഥ പോലെ ഭരതൻ, അടയാളനക്ഷത്രമായി ഗോപി, രുചി സല്ലാപം, സി. ജെ. തോമസും സി.ജെ. തോമസും, പരിചായകം, പി.എൻ. മേനോൻ വിഗ്രഹഭഞ്ജകർക്കൊരു പ്രതിഷ്ഠ, പവിത്രം ഈ സ്മൃതി, സവിധം, കാലത്തിന് മുമ്പേ നടന്നവർ തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവ് കൂടുയാണ് ജോൺ പോൾ. കെയർ ഓഫ് സൈറാബാനു, ഗാങ്സ്റ്റർ എന്നീ സിനിമകളിൽ അഭിനേതാവായും ജോൺ പോൾ തിളങ്ങി. മലയാള ചലച്ചിത്ര സാങ്കേതികകലാകാരൻമാരുടെ സംഘടനയായ മാക്ടയുടെ സ്ഥാപക ജനറൽ സെക്രട്ടറി കൂടിയാണ് ജോൺ പോൾ. മലയാള സിനിമാലോകത്തിലെ സഹൃദയനും വാഗ്മിയും അധ്യാപകനുമായ ഇമ്മിണി വലിയൊരു മനുഷ്യനാണ് വിടപറഞ്ഞ് കടന്നുപോകുന്നതെന്നത് ഏറെ വേദനാജനകമാണ്.