നടൻ ശരത് ബാബു അന്തരിച്ചു.
- വാർത്ത - ലേഖനം
ഹൈദരാബാദ്: തെന്നിന്ത്യൻ നടൻ ശരത് ബാബു അന്തരിച്ചു. 71 വയസായിരുന്നു. അണുബാധയെ തുടർന്ന് ഹൈദരാബാദിലെ എഐജി ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. തമിഴ്, തെലുങ്ക് സിനിമകളിൽ ശ്രദ്ധേയനായ താരം മലയാളം സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
ഈ മാസം ആദ്യമാണ് അണുബാധയെ തുടർന്ന് ശരത് ബാബുവിനെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏറെ നാളായി അസുഖ ബാധിതനായ അദ്ദേഹം ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മെയ് മൂന്നിന് ശരത് മരിച്ചതായി വ്യാജ വാർത്ത പ്രചരിച്ചിരുന്നു. തുടർന്ന് നടൻ കമൽ ഹാസൻ ഉൾപ്പടെ നിരവധി പേരാണ് ആദരാഞ്ജലികൾ അർപ്പിച്ചത്. എന്നാൽ അതിനുപിന്നാലെ വാർത്ത തെറ്റാണെന്ന് വ്യക്തമാക്കിക്കൊണ്ട് സഹോദരി രംഗത്തെത്തുകയായിരുന്നു.
തമിഴ്, തെലുങ്ക് സിനിമകളിലെ നിറസാന്നിധ്യമായിരുന്ന അദ്ദേഹം 200ഓളം സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. ശരപഞ്ചരം, ധന്യ, ഡെയ്സി എന്നിവയാണ് ശരത് അഭിനയിച്ച മലയാളം സിനിമകൾ. ഹിന്ദി സിനിമയിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. 1973ളാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. 1978ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം നിഴൽ നിജമഗിരത് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്.