കേരള സംഗീത നാടക അക്കാദമി; അമേച്വര്‍ നാടകോത്സവം മാര്‍ച്ച് 10 മുതല്‍ 16 വരെ കൊടുങ്ങല്ലൂരില്‍
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കൊടുങ്ങല്ലൂർ: കേരള സംഗീത നാടക അക്കാദമി നാടകസംഘങ്ങള്‍ക്ക് 50 ലക്ഷം രൂപാ ധനസഹായം നല്‍കുന്ന പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന അമേച്വര്‍ നാടകോത്സവം അനുബന്ധ പരിപാടികളോടെ മാര്‍ച്ച് 10 മുതല്‍ 16 വരെ കൊടുങ്ങല്ലൂരില്‍ നടക്കും. നാടകോത്സവത്തിൻ്റെ ഉദ്ഘാടനം മാര്‍ച്ച് 10 ന് വൈകീട്ട് ആറിന് കുഞ്ഞികുട്ടന്‍ തമ്പുരാന്‍ ചത്വരത്തില്‍ പ്രശസ്ത സിനിമാതാരം സുരഭി ലക്ഷ്മി നിര്‍വഹിക്കും. മുസിരിസ് പൈതൃകപദ്ധതിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന നാടകോത്സവത്തിൻ്റെ ഉദ്ഘാടന ചടങ്ങളില്‍ ബെന്നി ബെഹനാന്‍ എം പി, എം എൽ എ അഡ്വ: വി ആര്‍ സുനില്‍ കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട് അധ്യക്ഷത വഹിക്കും. മുസിരിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടര്‍ പി എം നൗഷാദ് ആമുഖപ്രഭാഷണം നടത്തും. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി കെ ഗിരിജ, കൊടുങ്ങല്ലൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ എം യു ഷിനിജ ടീച്ചര്‍, എറിയാട്ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജന്‍, എസ് എന്‍ പുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം എസ് മോഹനന്‍ എന്നിവര്‍ സംസാരിക്കും. അക്കാദമി നിര്‍വ്വാഹക സമിതി അംഗം അഡ്വ: വി ഡി പ്രേമപ്രസാദ് സ്വാഗതവും മുസിരിസ് തിയ്യേറ്റര്‍ ഫെസ്റ്റ് സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ ആര്‍ ജൈത്രന്‍ നന്ദിയും പറയും. തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ പോലീസ് മൈതാനിയില്‍ 'ഗസല്‍രാവ്' അരങ്ങേറും.
'ഇരിക്കപിണ്ഡം കഥ പറയുന്നു' മാര്‍ച്ച് 11 ന് അരങ്ങേറും
കേരള സംഗീത നാടക അക്കാദമി കൊടുങ്ങല്ലൂരില്‍ സംഘടിപ്പിക്കുന്ന അമേച്വര്‍ നാടകോത്സവത്തില്‍ ശശിധരന്‍ നടുവില്‍ സംവിധാനം ചെയ്ത് കോഴിക്കോട് റിമംബറന്‍സ് തിയേറ്റര്‍ ഗ്രൂപ്പ് കേരള അവതരിപ്പിക്കുന്ന 'ഇരിക്കപിണ്ഡം കഥപറയുന്നു' എന്ന നാടകം മാര്‍ച്ച് 11 ന് വൈകുന്നേരം ഏഴിന് പുല്ലൂറ്റ് മുസിരിസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ അരങ്ങേറും. മാര്‍ച്ച് 12 ന് പ്രതാപന്‍ കെ എസ് സംവിധാനം ചെയ്ത് തൃശ്ശൂര്‍ ഗ്രാമിക കലാവേദി അവതരിപ്പിക്കുന്ന 'നിലവിളികള്‍... മര്‍മ്മരങ്ങള്‍... ആക്രോശങ്ങള്‍' എന്ന നാടകവും മാര്‍ച്ച് 13 ന് ശ്രീജിത്ത് രമണന്‍ സംവിധാനം ചെയ്ത്, കൊല്ലം പ്രകാശ് കലാകേന്ദ്രം അവതരിപ്പിക്കുന്ന 'തീണ്ടാരിപ്പച്ച' എന്ന നാടകവും അരങ്ങേറും. ശരത്ത് രേവതി സംവിധാനം ചെയ്ത് അത്ലറ്റ് കായിക നാടകവേദി അവതരിപ്പിക്കുന്ന '1947 നോട്ടൗട്ട്' എന്ന നാടകം മാര്‍ച്ച് 14 നും അരുണ്‍ലാല്‍ സംവിധാനം ചെയ്ത്, ലിറ്റില്‍ എര്‍ത്ത് സ്‌കൂള്‍ ഓഫ് തിയ്യറ്റര്‍ കേരള അവതരിപ്പിക്കുന്ന 'ദ വില്ലന്മാര്‍' എന്ന നാടകം മാര്‍ച്ച് 15 നും അരങ്ങേറും. മാര്‍ച്ച് 16 ന് വള്ളുവനാടന്‍ ഫോക്ക് അക്കാദമി അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകളും ഉണ്ടായിരിക്കും.