കേരള സംഗീത നാടക അക്കാദമി : നാടകനിര്‍മ്മാണത്തിന് അമേച്വര്‍ നാടക സമിതികള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നല്‍കും
- വാർത്ത - ലേഖനം
കേരളത്തിലെ അമേച്വര്‍ നാടകസമിതികള്‍ക്ക് നാടകനിര്‍മ്മാണത്തിന് കേരള സംഗീത നാടക അക്കാദമി രണ്ട് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. ധനസഹായത്തിന് അപേക്ഷിക്കാന്‍ താല്‍പര്യമുള്ള അമേച്വര്‍ നാടക സമിതികള്‍ നാടക സ്‌ക്രിപ്റ്റിൻ്റെ അഞ്ചുകോപ്പിയും അനുബന്ധരേഖകളും സഹിതം പ്രത്യേക അപേക്ഷ ഫോറത്തില്‍ അക്കാദമിയില്‍ അപേക്ഷിക്കണം. നാടകത്തിൻ്റെ അവതരണ ദൈര്‍ഘ്യം ഒരു മണിക്കൂറില്‍ കുറയാന്‍ പാടില്ല. ഇതിന് മുന്‍പ് അവതരിപ്പിച്ച നാടകങ്ങള്‍ ധനസഹായത്തിന് പരിഗണിക്കുന്നതല്ല. ഒരു സമിതിയുടെ ഒന്നില്‍ കൂടുതല്‍ നാടകങ്ങളെ ധനസഹായത്തിന് തെരഞ്ഞെടുക്കുന്നതല്ല.ധനസഹായത്തിന് അപേക്ഷിക്കുന്ന നാടകസംഘങ്ങള്‍ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനരേഖകള്‍ ഹാജരാക്കണം. ധനസഹായത്തിന് തെരഞ്ഞെടുക്കപ്പെടുന്ന നാടകസമിതികള്‍ അക്കാദമി നിര്‍ദേശിക്കുന്ന രണ്ട് സ്ഥലത്ത് നാടകം അവതരിപ്പിക്കണം. നിയമാവലിയും അപേക്ഷഫോറവും അക്കാദമി വെബ്‌സൈറ്റായ http://www.keralasangeethanatakaakademi.in ല്‍ ലഭ്യമാണ്. താല്‍പര്യമുള്ള അമേച്വര്‍ നാടകസമിതികള്‍ 2023 ജനുവരി അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്ന രേഖകള്‍ തിരികെ നല്‍കുന്നതല്ലെന്ന് അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി അറിയിച്ചു.