ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കെ പി എ സി ലളിതയുടെ ആരോഗ്യനിലയിൽ പുരോഗതി
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കരള്‍ സംബന്ധമായ രോഗവും കടുത്ത പ്രമേഹവും മൂലം കെ.പി.എ.സി ലളിതയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .
അതേസമയം നിലവില്‍ കെ.പി.എ.സി ലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ഇന്ന് റൂമിലേക്ക് മാറ്റുമെന്നും നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. പത്തു ദിവസങ്ങള്‍ക്ക് മുന്‍പാണ് നടിയെ തൃശ്ശൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടുതല്‍ മെച്ചപ്പെട്ട ചികിത്സയ്ക്കായി കഴിഞ്ഞ ദിവസം എറണാകുളത്തേക്ക് മാറ്റുകയായിരുന്നു.
കുറച്ചു കാലമായി രോഗാവസ്ഥകള്‍ കെപിഎസി ലളിതയെ വിടാതെ പിന്തുടരുന്നുണ്ടെങ്കിലും ടെലിവിഷന്‍ പരമ്പരകളിലടക്കം അവര്‍ സജീവമായിരുന്നു. അടുത്തിടെ ഒരു തമിഴ് ചിത്രത്തിലും അഭിനയിച്ചു. അവിടുന്ന് തിരിച്ചുവന്നതിനുശേഷമാണ് രോഗം മൂര്‍ച്ഛിക്കുന്നതും ആശുപത്രിയില്‍ ചികിത്സ തേടുന്നതും. നടിയുടെ വിദഗ്ധ ചികിത്സക്കായി സംസ്ഥാന സർക്കാർ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരള സംഗീത നാടകഅക്കാദമി ചെയര്‍പഴ്‌സനാണ് കെപിഎസി ലളിത.
"ഇപ്പോള്‍ ചേച്ചിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ട്. നേരത്തേതിനെക്കാള്‍ മെച്ചപ്പെട്ടു. ആദ്യം ബോധമുണ്ടായിരുന്നില്ല. ഇപ്പോള്‍ അതൊക്കെ ശരിയായി. കരള്‍ മാറ്റി വെക്കുകയാണ് പരിഹാരം. എന്നാല്‍ പ്രായവും ആരോഗ്യസ്ഥിതിയുമൊക്കെ പരിഗണിച്ചേ തീരുമാനമെടുക്കുവാനാകൂ" എന്ന് അമ്മ സംഘടനയുടെ സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചു.