ഉത്തിഷ്ഠത! ജാഗ്രത!
- കവിത
അരുൺ ജി മംഗലത്ത്
തിട്ടമംഗലം, തിരുവനന്തപുരം.
അറിയേണ്ടതൊന്നുമേ അറിയാതിരുന്നതോ
ചെയ്യേണ്ടതൊന്നുമേ ചെയ്യാതിരുന്നതോ
ശാപങ്ങൾ മാലയായ്ത്തീരുവാൻ കാരണം
ദുർവ്വാശിയോ തെല്ലഹങ്കാരമോ
കനവിലും നിനവിലും കണ്ടതില്ലോർത്തില്ല
കരിവീണ നാളുകൾ കാത്തുനിൽക്കുന്നതും
ഒരുമിക്കുവാനായടുത്തവർക്കിടയിലോ
ഒരു വന്മതിൽതീർത്ത വിധിയോഗമുള്ളതും
വീടുകളെയഴിയിട്ട കൂടുപോലാക്കി നാം
വീഥികളെ വിജനതയിലാഴ്ത്തിക്കടന്നുപോയ്
ചുടലകളെരിക്കുവാൻ വരിയൊരുക്കീ നമ്മൾ
ചുമലൊന്നു ചായ്ക്കുവാൻ ശയ്യതേടീ
തായ്ച്ചൊല്ലു കേട്ടില്ല; തായ്മരം വീഴ്ത്തുവാൻ
തായ്വേരറുക്കുവാൻ മത്സരിച്ചോടി നാം
വലുതാം വിപത്തിനെ ചെറുതായ് നിരൂപിച്ചു
വിജയാട്ടഹാസത്തിലുൻമത്തരായ്
ഇനിയുള്ള നാളുകൾ അറിവുള്ളവർ തന്ന
പരിഹാരസാരം സ്മരിച്ചുവാഴാം
വദനം മറച്ചിടാം, കരശുദ്ധി കാത്തിടാം
അകലമതു പാലിച്ചു നാൾകഴിക്കാം
ഒരു കടലിനെന്നുമൊരു കരയുണ്ടതാം നിത്യ -
സത്യത്തെയുൾക്കൊണ്ടു നാൾകഴിക്കാം
നല്ലൊരാ നാളെയെ സ്വീകരിക്കാൻ നമ്മ -
ളരികിലാണെങ്കിലുമകന്നുനില്ക്കാം