ഇറ്റ്‌ഫോക്ക് ഉടന്‍ നടത്താന്‍ സര്‍ക്കാര്‍തലത്തില്‍ ഇടപെടും; റവന്യു വകുപ്പ് മന്ത്രി കെ രാജന്‍
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
തൃശ്ശൂർ: കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ 2021 ല്‍ ഇറ്റ്‌ഫോക്ക് നടത്താന്‍ സാധിക്കാത്തതിനാല്‍, 2022 ന്‍റെ തുടക്കത്തില്‍ തന്നെ എത്രയും പെട്ടെന്ന് ഇറ്റ്‌ഫോക്ക് നടത്തുന്നതിന് തൃശ്ശൂരിലെ മന്ത്രിയെന്ന നിലയില്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ നടത്തുമെന്ന് ബഹു. റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. കേരള സംഗീത നാടക അക്കാദമി അങ്കണത്തില്‍ ഇറ്റ്‌ഫോക്ക് ഫോട്ടോ പ്രദര്‍ശനോദ്ഘാടനവും ഡിസംബര്‍ 29 ന് ആരംഭിക്കുന്ന ഹോപ്പ് ഫെസ്റ്റിന്‍റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇറ്റ്‌ഫോക്ക് നാടകാനുഭവങ്ങളെ തിരിച്ചുകൊണ്ടു വരേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യതയാണെന്നും, ഇറ്റ്‌ഫോക്കിന്‍റെ സംഘാടനത്തിലൂടെ കേരളത്തെ ലോക സാംസ്‌കാരിക ഭൂപടത്തില്‍ രേഖപ്പെടുത്താന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇറ്റ്‌ഫോക്കിന്‍റെ സംഘാടനത്തിലൂടെ അന്താരാഷ്ട്ര നാടകവേദിയുടെ അങ്കണമായാണ് തൃശ്ശൂര്‍ മാറിയത്. ഇനി അക്കാദമിയുടെ നേതൃത്വത്തില്‍ അന്താരാഷ്ട്ര സംഗീതോത്സവവും യാഥാര്‍ത്ഥ്യമാകുന്നതോടെ, അത് തൃശ്ശൂരിന് മറ്റൊരു തികലകുറിയായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒന്നര വര്‍ഷത്തിലധികമായുള്ള കൊവിഡ് ഭീഷണി ഏറ്റവും കൂടുതല്‍ ബാധിച്ചത് സാംസ്‌കാരിക മേഖലയെയും പ്രവര്‍ത്തകരെയുമാണ്. ഈ കാലഘട്ടത്തില്‍ ഇവരുടെ അതിജീവനം ലക്ഷ്യമാക്കി സാംസ്‌കാരിക വകുപ്പും സംസ്ഥാന സര്‍ക്കാറും നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. ഇതിന്‍റെ ഭാഗമായാണ് കേരള സംഗീത നാടക അക്കാദമി 25 നാടകങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിലൂടെ നാടകപ്രവര്‍ത്തകരുടെ ജീവിത പ്രാരബ്ധങ്ങള്‍ക്ക് അറുതി വരുത്താന്‍ സാധിക്കില്ലെങ്കിലും, അവരുടെ പ്രശ്നങ്ങളെ അനുഭാവപൂര്‍വ്വം പരിഗണിക്കുന്ന ഒരു സര്‍ക്കാര്‍ ഇവിടെയുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ സാധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഫോട്ടോ പ്രദര്‍ശനത്തിലൂടെ കടന്നുപോകുമ്പോള്‍, പോയകാലത്തിന്‍റെ ഓര്‍മ്മപ്പെടുത്തലുകളുടെ സാക്ഷ്യപത്രമാണ് അതെന്ന് തോന്നി. കഴിഞ്ഞ 12 എഡിഷനുകളിലെ ഇറ്റ്‌ഫോക്കി ന്‍റെ സുപ്രധാന നാടകമുഹൂര്‍ത്തങ്ങള്‍, വ്യക്തികള്‍, അനുഭവങ്ങള്‍ എന്നിങ്ങനെ രേഖപ്പെടുത്താന്‍ ഈ ഫോട്ടോ പ്രദര്‍ശനത്തിന് സാധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ആറര പതിറ്റാണ്ട് പ്രവര്‍ത്തനപാരമ്പര്യമുള്ള കേരള സംഗീത നാടക അക്കാദമി, മറ്റ് അക്കാദമികളില്‍ നിന്നും പ്രവര്‍ത്തനത്തിലും വേറിട്ടു നില്‍ക്കുന്നു. ഏതെങ്കിലും ഒരു ശാഖയിലുള്ളവരുടെ ക്ഷേമത്തിന് വേണ്ടിമാത്രമല്ല, കേരള സംഗീത നാടക അക്കാദമി പ്രവര്‍ത്തിക്കുന്നത്. സംഗീതം, നാടകം, മാജിക്, മിമിക്രി തുടങ്ങിയ വിവിധ കലാമേഖലയിലുള്ളവരുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന സംഗീത നാടക അക്കാദമിയുടെ പ്രസക്തി ഈ കാലഘട്ടത്തില്‍ ഏറെയാണെന്ന് മന്ത്രി പറഞ്ഞു.
കേരള സംഗീത നാടക അക്കാദമിയുടെ 2019 ലെ പ്രൊഫഷണല്‍ നാടകമത്സരത്തിലെ മികച്ച ഗായകനുള്ള പുരസ്‌കാരം കലാഭവന്‍ സാബുവിന് മന്ത്രി കൈമാറി. ചടങ്ങില്‍ പി ബാലചന്ദ്രന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. അക്കാദമി വൈസ്ചെയര്‍ സേവ്യര്‍ പുല്‍പ്പാട്ട് ആമുഖഭാഷണം നടത്തി. അക്കാദമി നിര്‍വാഹ സമിതി അംഗങ്ങളായ വിദ്യാധരന്‍ മാസ്റ്റര്‍, വി ഡി പ്രേമപ്രസാദ്, അക്കാദമി സെക്രട്ടറി ഡോ.പ്രഭാകരന്‍ പഴശ്ശി എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് പ്രശസ്ത തബലവാദകന്‍ റോഷന്‍ ഹാരിസും പോള്‍സണും അണിനിരന്ന ഹാര്‍മോണിയസ് എന്‍കോര്‍ എന്ന സംഗീത പരിപാടിയും അരങ്ങേറി.