നടനും മിമിക്രി ആർട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു.
- വാർത്ത - ലേഖനം
തൃശൂർ: നടനും മിമിക്രി ആർട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു. 39 വയസ്സായിരുന്നു. തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു പുലർച്ചെ നാലരയോടെയാണ് അപകടം. കൊല്ലം സുധി സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങുകയായിരുന്നു. മിമിക്രി ആർട്ടിസ്റ്റും ടിവി താരങ്ങളുമായ ബിനു അടിമാലി, ഉല്ലാസ്, മഹേഷ് എന്നിവരും കൊല്ലം സുധിക്കൊപ്പം ഉണ്ടായിരുന്നു. പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
2015 ൽ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തെത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ, കുട്ടനാടൻ മാർപാപ്പ, തീറ്റ റപ്പായി, നിഴൽ, കേശു ഈ വീടിന്റെ നാഥൻ, സ്വർഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.