ട്വിറ്റർ ഇനി മസ്കിന് സ്വന്തം; ഏറ്റെടുക്കൽ 3.67 ലക്ഷം കോടി രൂപയ്ക്ക്
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
ന്യൂഡൽഹി ∙ സമൂഹമാധ്യമമായ ട്വിറ്റർ ലോകത്തിലെ ഏറ്റവും സമ്പന്നനും ടെസ്‍ല, സ്പേസ്എക്സ് കമ്പനികളുടെ സ്ഥാപകനുമായ ഇലോൺ മസ്ക് സ്വന്തമാക്കുന്നു. 3.67 ലക്ഷം കോടി രൂപയെന്ന (4400 കോടി ഡോളർ) മോഹവിലയ്ക്ക് കമ്പനി ഏറ്റെടുക്കാൻ കരാർ ഒപ്പുവച്ചു. ഓഹരിവിപണിയുടെ ഭാഗമായിരുന്ന ട്വിറ്റർ ഇതോടെ പൂർണമായും സ്വകാര്യ കമ്പനിയായി മാറും. ഒരു ഓഹരിക്ക് 54.20 ഡോളർ (4,148 രൂപ) നൽകിയാണ് ഏറ്റെടുക്കൽ. ഏപ്രിൽ ഒന്നിന് ട്വിറ്ററിന്റെ ഓഹരി വാങ്ങിയവർക്ക് 26 ദിവസം കൊണ്ട് 38 ശതമാനം ലാഭം ലഭിക്കും. മസ്കിന്റെ ഏറ്റെടുക്കൽ പദ്ധതി ഐകകണ്ഠ്യേനയാണ് ട്വിറ്റർ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗീകരിച്ചത്. അർധരാത്രിയായിരുന്നു പ്രഖ്യാപനം.
മസ്കിന്റെ കയ്യിൽപെടാതിരിക്കാനായി ഷെയർഹോൾഡർ റൈറ്റ്സ് പ്ലാൻ (പോയിസൺ പിൽ) എന്ന തന്ത്രം നടപ്പാക്കാൻ തുടക്കത്തിൽ ട്വിറ്റർ തീരുമാനിച്ചിരുന്നു. കമ്പനിയിലെ മസ്കിന്റെ ഓഹരിവിഹിതം നിലവിലെ 9.1 ശതമാനത്തിൽനിന്നു ക്രമേണ കുറയ്ക്കുകയും ഏറ്റെടുക്കൽ ചെലവേറിയതാക്കുകയുമായിരുന്നു ലക്ഷ്യം. എന്നാൽ, ദിവസങ്ങൾക്കുള്ളിൽ ഏറ്റെടുക്കലിനുള്ള തുക എങ്ങനെ സമാഹരിക്കുമെന്നു വ്യക്തമാക്കിയ മസ്ക് 4650 കോടി ഡോളർ (3.71 ലക്ഷം കോടി രൂപ) സജ്ജമാണെന്നും അറിയിച്ചു. മസ്ക് ഉയർന്ന വില വാഗ്ദാനം ചെയ്തതിനാൽ നിക്ഷേപകരുടെ സമ്മർദവും ശക്തമായിരുന്നു. ‘പോയിസൺ പിൽ’ പ്രാബല്യത്തിലുള്ളപ്പോഴും നിക്ഷേപകരുടെ താൽപര്യം മുൻനിർത്തി ബോർഡിനു വേണമെങ്കിൽ ഏറ്റെടുക്കലിലേക്കു നീങ്ങാമെന്നും ട്വിറ്റർ വ്യക്തമാക്കിയിരുന്നു.
സാധാരണയായി ഏറ്റവും വലിയ ഓഹരിയുടമ കമ്പനിമൂല്യത്തെക്കാൾ വളരെ ഉയർന്ന തുക വാഗ്ദാനം ചെയ്താൽ അതു സ്വീകരിക്കുകയാണു ബോർഡ് ചെയ്യാറുള്ളത്. എന്നാൽ ട്വിറ്റർ ഒരു മാധ്യമം കൂടിയായതിനാലും സ്വകാര്യ ഉടമസ്ഥതയോടു യോജിപ്പില്ലാത്തതിനാലുമാണു തീരുമാനം വൈകിയത്.
‘എന്റെ ഏറ്റവും വലിയ വിമർശകർ പോലും ട്വിറ്ററിൽ തുടരുമെന്നു ഞാൻ കരുതുന്നു. കാരണം ഇതിനെയാണ് അഭിപ്രായസ്വാതന്ത്ര്യമെന്ന് അർഥമാക്കുന്നത്.’ ഇലോൺ മസ്ക് പറഞ്ഞു.