ഐഎഫ്എഫ്കെ ഡെലിഗേറ്റ് പാസ് വിതരണം ഇന്ന് മുതൽ
- വാർത്ത - ലേഖനം
തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2023 ഡിസംബർ എട്ടു മുതൽ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 28-ാമത് ഐഎഫ്എഫ്‌കെയിൽ പങ്കെടുക്കാൻ പ്രതിനിധികളായി രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കുള്ള ഡെലിഗേറ്റ് പാസിന്റെ വിതരണം ഡിസംബർ ആറു മുതൽ. ബുധനാഴ്‌ച വൈകിട്ട് മൂന്നു മണിക്ക് മുഖ്യവേദിയായ ടാഗോർ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനം മേയർ ആര്യാ രാജേന്ദ്രൻ നിർവഹിക്കും.
ഡെലിഗേറ്റ് കിറ്റിൻ്റെ വിതരണോദ്ഘാടനം സംവിധായകൻ ശ്യാമപ്രസാദ് മികച്ച നടിക്കുള്ള 2022 ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ വിൻസി അലോഷ്യസിന് ആദ്യ പാസ് നൽകിക്കൊണ്ട് നിർവഹിക്കും. ചടങ്ങിൽ ചലച്ചിത്രപ്രവർത്തകരും കലാസാംസ്കാരിക മേഖലയിലെ പ്രമുഖരും പങ്കെടുക്കും.
മേളയിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് ഉദ്ഘാടനച്ചടങ്ങിനുശേഷം ഡെലിഗേറ്റ് സെല്ലിൽനിന്ന് പാസും ഫെസ്റ്റിവൽ കാറ്റലോഗും ഷെഡ്യൂളുമടങ്ങിയ കിറ്റ് കൈപ്പറ്റാവുന്നതാണ്.