ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കൂത്ത് കലാകാരന്മാര്‍ക്ക് കേരള സംഗീത നാടക അക്കാദമിയുടെ കൈത്താങ്ങ്
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കോവിഡ് പ്രതിസന്ധിയില്‍ ശോഭമങ്ങിയ ക്ലാസിക്കല്‍ കലാരംഗത്തിന് പുത്തനുണര്‍വ്വ് നല്‍കുന്നതിനും കലാകാരന്മാരുടെ ക്ഷേമത്തിനുമായി 8.75 ലക്ഷം രൂപയുടെ പദ്ധതിയുമായി കേരള സംഗീത നാടക അക്കാദമി. ഇതിന്‍റെ ഭാഗമായി തെരഞ്ഞെടുക്കപ്പെടുന്ന 25 ഓട്ടന്‍തുള്ളന്‍ കലാകാരന്മാര്‍ക്ക് 20,000 രൂപ വീതവും 25 ചാക്യാര്‍കൂത്ത് കലാകാരന്മാര്‍ക്ക് 15,000 രൂപ വീതവും ധനസഹായം അക്കാദമി നല്‍കും. പ്രായഭേദമന്യേ ഈ കലാരംഗത്ത് പ്രവര്‍ത്തനപരിചയമുള്ള ആര്‍ക്കും ധനസഹായത്തിന് അപേക്ഷിക്കാം. ധനസഹായത്തിന് അപേക്ഷിക്കുന്നവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കുന്ന അപേക്ഷയോടൊപ്പം ഏറ്റവും പുതിയ ബയോഡാറ്റ, കലാരംഗത്തെ പ്രവര്‍ത്തനപരിചയം തെളിയിക്കുന്ന രേഖകള്‍, 15 മിനുട്ടില്‍ കുറയാത്ത ഓട്ടന്‍തുള്ളല്‍/ ചാക്യാര്‍കൂത്ത് അവതരണത്തിന്‍റെ സിഡി/പെന്‍ഡ്രൈവ് എന്നിവ ഫെബ്രുവരി നാലിനകം അക്കാദമിയില്‍ സമര്‍പ്പിക്കണം. മൊബൈല്‍ ഫോണില്‍ റെക്കോഡ് ചെയ്ത വീഡിയോയും പരിഗണിക്കും. അവതരണത്തിന് പിന്നണി നിര്‍ബന്ധമില്ല. എന്നാല്‍ ഇ-മെയില്‍, വാട്സ്ആപ്പ് എന്നീ മാധ്യമത്തിലൂടെ അപേക്ഷയും റെക്കോഡഡ് വീഡിയോയും സ്വീകരിക്കുന്നതല്ല. ഒരാള്‍ക്ക് ഒരു ഇനത്തില്‍ ഒരു അപേക്ഷ മാത്രമേ സമര്‍പ്പിക്കാന്‍ പാടുള്ളൂ. അപേക്ഷയോടൊപ്പം ഹാജരാക്കുന്ന രേഖകള്‍ തിരികെ നല്‍കുന്നതല്ലെന്ന് അക്കാദമി സെക്രട്ടറി ഡോ. പ്രഭാകരന്‍ പഴശ്ശി പറഞ്ഞു.