അശാന്തമായ കാലത്ത് ശാന്തന്റെ ഭൂപടം മാറ്റി വരക്കുമ്പോൾ.
- ഫെയിസ്ബുക്ക് പോസ്റ്റ്
എം എം സൂചിന്ദ്രൻ
നാടകം അതി ഗംഭീരമായി. തുടക്കം മുതൽ ഒടുക്കം വരെ ഒരേ പിരിമുറുക്കത്തോടെ മുന്നേറി. സമകാലികമായ രാഷ്ട്രീയം ഇത്ര ഇഴയടുപ്പത്തോടെ അരങ്ങിൽ അവതരിപ്പിച്ച ഇതു പോലെ ഒരു നാടകം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല എന്ന് നിസ്സംശയം പറയാം. ശാന്തന്റെ ആയിരം മുനകളുള്ള സ്ക്രിപ്റ്റ് റഫീഖ് മംഗലശ്ശേരിയുടെ സംവിധാനമികവിൽ കവിതയായി. നടീ നടന്മാർ എല്ലാവരും സ്വന്തം ജീവിതമാണ് പറയുന്നത് എന്ന ആത്മാർത്ഥതയോടെ അരങ്ങിൽ വിളയാടിയപ്പോൾ കോഴിക്കോട്ടെ നാടക പ്രേമികൾ ഉത്സവം പോലെ ആടിത്തിമർത്തു. ഓരോ ദൃശ്യത്തിനും കയ്യടിച്ചു കൊണ്ട് അവർ ആദിമധ്യാന്തം നാടകത്തോടൊപ്പം ഒഴുകി. യഥാർത്ഥത്തിൽ കാണികൾ എങ്ങനെയാണ് നാടക ശരീരത്തിനകത്തേയ്ക്ക് അതിന്റെ ആത്മാവായി പ്രവഹിക്കുക എന്ന് കാണിച്ചു തരികയായിരുന്നു കോഴിക്കോട് ടൗൺ ഹാളിലെ നാടകാനുഭവം. ഇത്തരമൊരു വലിയ പ്രോജക്ട് ഏറ്റെടുക്കാനും ഭംഗിയായി വിജയിപ്പിക്കാനും തങ്ങൾക്ക് കരുത്തുണ്ട് എന്ന് തെളിയിച്ച മഞ്ചാടിക്കുരു, മലബാറിന്റെ നാടക പാരമ്പര്യവും ഗ്രന്ഥശാലാ പാരമ്പര്യവും സാംസ്കാരിക പ്രസ്ഥാനങ്ങളുടെ പാരമ്പര്യവും ഉജ്വലമാക്കി. ഒരു വായനശാല നശിക്കുമ്പോൾ ഒരു നാടിന്റെ സംസ്കാരവും മതനിരപേക്ഷ പാരമ്പര്യവുമാണ് ക്ഷീണിക്കുന്നത് എന്ന് ദൃശ്യഭാഷയിൽ വരച്ചു കാണിക്കുന്ന " ഭൂപടം മാറ്റി വരയ്ക്കുമ്പോൾ " എന്ന നാടകം കേരളത്തിലെ ഓരോ ഗ്രാമങ്ങളിലും ഓരോ വായനശാലകളിലും സാംസ്കാരിക കേന്ദ്രങ്ങളിലും അവതരിപ്പിക്കേണ്ടതാണ്. അങ്ങനെ സംഭവിച്ചാൽ അത് കേരളീയ നവോത്ഥാനത്തെ മുന്നോട്ടു നയിക്കുന്ന വലിയൊരു വിദ്യാഭ്യാസ പ്രവർത്തനമായിരിക്കും. നാടകത്തിന്റെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാവരേയും നെഞ്ചോടു ചേർത്തു പുണരുന്നു...