എഴുത്തുകാരൻ ഡോ എസ് വി വേണുഗോപൻ നായർ അന്തരിച്ചു
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
തിരുവനന്തപുരം: കഥാകൃത്തും അധ്യാപകനുമായ ഡോ. എസ് വി വേണുഗോപൻ നായർ അന്തരിച്ചു. 76 വയസ്സായിരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം.
കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. ആദിശേഷൻ, ഗർഭശ്രീമാൻ, മൃതിതാളം, രേഖയില്ലാത്ത ഒരാൾ,തിക്തം തീക്ഷ്ണം തിമിരം,ഭൂമിപുത്രന്റെ വഴി തുടങ്ങിവയാണ് അദ്ദേഹത്തിന്റെ പ്രധാന കഥാ സമാഹാരങ്ങൾ.
1945 ഏപ്രിൽ 18ന് നെയ്യാറ്റിൻകര താലൂക്കിലെ കാരോടാണ് എസ്. വി. വേണുഗോപൻ നായരുടെ ജനനം. മലയാള സാഹിത്യത്തിൽ എം എ, എം ഫിൽ, പിഎച്ച്ഡി ബിരുദങ്ങൾ നേടി.1965 മുതൽ വിവിധ കോളജുകളിൽ അദ്ധ്യാപകനായി ജോലി ചെയ്തു.
നാഗർകോവിൽ സ്കോട്ട് ക്രിസ്റ്റിയൻ കോളജ്, മഞ്ചേരി, നിലമേൽ, ധനുവച്ചപുരം, ഒറ്റപ്പാലം, ചേർത്തല എൻ എസ് എസ് എന്നീ കോളേജുകളിലും മലയാളം അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു.
'രേഖയില്ലാത്ത ഒരാൾ' ഇടശ്ശേരി അവാർഡിനും 'ഭൂമിപുത്രന്റെ വഴി' കേരള സാഹിത്യ അക്കാദമി അവാർഡിനും അർഹമായി. മരണാനന്തര ചടങ്ങുകൾ രണ്ടു ദിവസത്തിന് ശേഷം നടക്കും.