എൽ എൻ വി ടെലിനാടകത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.
കോഴിക്കോട്: മലയാള നാടക പ്രവർത്തകരുടെ അന്താരാഷ്ട്ര ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകളുടെ നാടക സംഘമായ എൽ.എൻ.വി തിയേറ്റർ ഇനിഷ്യേറ്റീവ്, ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത് പ്രേക്ഷകരിലെത്തിക്കുന്ന 'പാൻ ഡെമൻ' എന്ന ടെലിനാടകത്തിന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം ജൂൺ 25 വെള്ളിയാഴ്ച ഇന്ത്യൻ സമയം 3 മണിക്ക് നടന്നു.
കലാസാംസ്കാരിക രംഗത്തെ പ്രമുഖർ, ചലച്ചിത്ര സംവിധായകർ, പിന്നണി ഗായകർ, നാടകകൃത്തുക്കൾ, നാടക ചലച്ചിത്ര സംവിധായകർ, പ്രശസ്ത ഭിനേതാക്കൾ അടങ്ങിയ മുപ്പതോളം പേർ അവരുടെ ഫേസ് ബുക്ക് പേജിലൂടെയാണ് പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചത്.
കോവിഡ് മഹാമാരിയുടെ ഈ ഇരുണ്ട കാലത്ത് അരങ്ങുകൾക്കും യവനിക വീണ നാടകവേദിയെ സജീവമാക്കുക എന്നതിനൊപ്പം ഇന്നലെകളിൽ വേദികളിൽ വിസ്മയം തീർത്ത് ജ്വലിച്ചുനിന്ന , എന്നാൽ ഇന്ന് ദാരിദ്ര്യവും അസുഖങ്ങളും കിടപ്പ് രോഗികളാക്കി മാറ്റിയ നാടക ബന്ധുക്കൾക്ക് ഒരു കൈ സഹായം എന്ന ലക്ഷ്യത്തോടെയാണ് " ഒറ്റപ്പെടില്ല.. എൽ എൻ വി നിങ്ങളോടൊപ്പം" എന്ന ഈ പുതുസംരംഭത്തിന് എൽ എൻ വി തുടക്കം കുറിക്കുന്നത്.
വർത്തമാനകാല ഇന്ത്യൻ സാഹചര്യത്തിൽ ഗ്രാമീണ ജീവിതങ്ങളുടെ മുകളിൽ ജാതി മത ,കോർപ്പറേറ്റ് സംഘങ്ങളുടെ കടന്ന് കയറ്റവും അധിനിവേശവുമാണ് നാടകം പ്രമേയമാക്കുന്നത്. പ്രശസ്ത നാടക ചലച്ചിത്ര സംവിധായകൻ ശ്രീജിത്ത് പൊയിൽക്കാവ് സംവിധാനവും, മൂന്ന് തവണ മികച്ച പ്രവാസ നാടകകൃതിക്ക് സംസ്ഥാന പുരസ്കാരം നേടിയ സുനിൽ കെ ചെറിയാൻ രചനയും നിർവ്വഹിക്കുന്ന ടെലിപ്ലേയുടെ അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്നത് മലയാള നാടകവേദിയിലെ മുൻനിര കലാകാരന്മാരാണ്.
സഹ സംവിധാനം ഗിരീഷ് കാരാടി, ലൈറ്റ് ഡിസൈൻ ഷിബു എസ് കൊട്ടാരം, കലാ സംവിധാനം ശശിധരൻ വെള്ളിക്കോത്ത്, ഗാനങ്ങൾ രമേശ് കാവിൽ, സംഗീത സംവിധാനം സത്യജിത്ത്, ചമയം അഡ്വ. എൻ എസ് താര, വസ്ത്രാലങ്കാരം ബിജു കോട്ടില,
പബ്ലിസിറ്റി ഡിസൈൻ സവിഷ് ആലൂർ.
സ്റ്റേജ് മാനേജർ സാനു ആന്റണി, ഫിനാൻസ് കോൺട്രോളേർസ് മഹേഷ് മയ്യഴി, അഫ്സൽ, റംഷിദ്, അബ്ദുൽ മജീദ്, സോഷ്യൽ മീഡിയ കോർഡിനേറ്റേഴ്‌സ് രാജേഷ് ചേരാവള്ളി, താജു നിസാർ, നൗഷാദ് ചമയം, ഐ ടി സപ്പോർട്ട് ടോണി പെരുമാനൂർ, ബിനു വേലിയിൽ, ദിലീഷ് കുമാർ വി എസ്, പ്രൊഡക്ഷൻ കൺട്രോൾ ഷൈജു ഒളവന്ന, അജയ് അന്നൂർ, ലീഗൽ അഡ്വൈസർ അഡ്വ. രശ്മി, പ്രോജക്ട് ഡിസൈൻ പി എൻ മോഹൻ രാജ്, സുജിത് കപില.
ക്രൗഡ് ഫണ്ടിങ്ങിലൂടെ ധന സമാഹരണം നടത്തി, പ്രമുഖ ഒ ടി ടി പ്ലാറ്റ് ഫോമുകളിലൂടെ റിലീസ് ചെയ്ത്, ഒക്ടോബർ മാസം പ്രേക്ഷകരിൽ എത്തിക്കുവാനുള്ള പ്രാരംഭ നടപടികൾ എൽ എൻ വി ആരംഭിച്ചു. വാർത്തകൾക്കും അറിയിപ്പുകൾക്കും എൽ എൻ വി ഫേസ് ബുക്ക് യൂ ട്യൂബ് പേജുകൾ കാണുക.