ഗ്രാമീണ നാടകവേദിയുണർന്നാൽ ലോക നാടകവേദിയുമുണരും!
- ലേഖനം
ചാക്കോ ഡി അന്തിക്കാട്
തീർച്ചയായും കോവിഡ് മഹാമാരി ലോകത്തെ മനുഷ്യരാശിക്ക് (പക്ഷി-മൃഗാദികൾക്കല്ല!) മരണഭയം സമ്മാനിച്ചപ്പോൾ
കൂടെ ഒരുപാട് തിരിച്ചറിവുകളും സംഭാവന ചെയ്‌തു. അതിലൊന്ന് വലിയ മൂലധനശക്തികൾ എന്നവകാശപ്പെട്ട ക്യാപ്പിറ്റലിസ്റ്റ് രാഷ്ട്രങ്ങൾ കോവിഡിനു മുൻപിൽ എല്ലാ യുദ്ധവെറിയും പൊങ്ങച്ചങ്ങളും അഹന്തയും ഉപേക്ഷിച്ച് പകച്ചു നിന്നത് ലോകം കണ്ടതാണ് .
കൈയ്യിൽ പണമുള്ളവർക്ക് പ്രൈവറ്റ് ആശുപത്രികളിൽ ലക്ഷങ്ങൾ മുടക്കി ചികിത്സ നേടാം എന്ന അവസ്ഥയ്ക്കു മുൻപിൽ സാധാരണക്കാർ പകച്ചുനിന്നത് ലോകത്തിന്റെ വർഗ്ഗവൈരുദ്ധ്യം എത്ര തീവ്രമാണെന്ന തിരിച്ചറിവുണ്ടാക്കി! സോഷ്യലിസ്റ്റ് യുക്തിയുടെ പ്രായോഗികതയുള്ള രാഷ്ട്രങ്ങൾ കോവിഡ് ചെറുത്തുനിൽപ്പിൽ ജനകീയബദൽ മാതൃകകൾ ലോകത്തിനു മുൻപിൽ സാക്ഷാത്കരിച്ചപ്പോൾ അതിന്റ ചുവടുപിടിച്ചു മൂന്നാംലോകരാജ്യങ്ങൾ ഒരുമിച്ചു മുന്നേറിയതും പ്രതിരോധ സമരങ്ങൾക്ക് ചെറിയ ചെറിയ വികേന്ദ്രീകരിക്കപ്പെട്ട ജനകീയ കൂട്ടായ്മകൾ സംഘടിപ്പിച്ചതും (ബ്രാഞ്ച് തിരിച്ചുള്ള 5 -10 പേർ ഉൾക്കൊള്ളുന്ന സമരമുഖങ്ങൾ) വിപ്ലവപ്രതീക്ഷ നിലനിർത്തി.
ഒപ്പം ഏതു പ്രതിസന്ധിയിലും "ദൈവം കാക്കും!...ആൾദൈവങ്ങൾ തുണ!"- ഇത്തരം കപട വിശ്വാസങ്ങളെല്ലാം ചതിക്കുഴികളാണെന്നും ശാസ്ത്രത്തിനു മാത്രമേ മഹാമാരിയിൽനിന്നു ലോകത്തെ രക്ഷിക്കാൻ കഴിയൂ എന്നതും മറ്റൊരു തിരിച്ചറിവായിരുന്നു. LDF ഭരിക്കുന്ന കേരളംപോലുള്ള കൊച്ചു സംസ്ഥാനം അതിന്റെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും വാർഡുകൾ കേന്ദ്രീകരിച്ചുള്ള പ്രാദേശിക ഭരണസംവിധാനവും മുഴുവൻ ജാഗ്രതയിൽ സജ്ജമാക്കപ്പെട്ടപ്പോൾ സാധാരണക്കാർക്ക് എല്ലാവിധ ആരോഗ്യ സംരക്ഷണവും അനുഭവിക്കാൻ കഴിഞ്ഞു എന്നത് ലോകാരോഗ്യ സംഘടനയുടെ പ്രശംസ നേടിത്തരുന്നതിന് ഇടവരുത്തി!
വീട്ടകങ്ങളിൽ കുരുങ്ങിപ്പോയ, രംഗകലയിൽ ഏർപ്പെട്ടവർ, അപ്പോഴും കലയുടെ പ്രസക്തി ചർച്ചചെയ്യുംവിധം 'ഓൺലൈൻ' WA കൂട്ടായ്മകളിലൂടെ ഉണർന്നത് തുടർന്നുള്ള തിരിച്ചറിവിലേക്ക് വഴിതുറന്നു. അമിത സാങ്കേതികതയെ 'നാടകം അഭിനേതാവിന്റെ മാത്രം കല'യാണെന്ന യഥാർത്ഥ ഉൾക്കാഴ്ചയുള്ള നാടകക്കാർ വളരെക്കാലമായി എതിർത്തുകൊണ്ടിരുന്നെങ്കിലും, ലോക്‌ഡൗൺ കാലത്ത് അതേ സാങ്കേതികതയെ ആശ്രയിക്കുക എന്നത് അനിവാര്യമാണെന്ന് അതേ നാടകപ്രേമികൾക്ക് അംഗീകരിക്കേണ്ടി വന്നു.
അങ്ങനെ 2020 മാർച്ച്-ഏപ്രിൽ മുതൽ ഓൺലൈൻ അഭിനയ മത്സരങ്ങൾ അതുവരെ അറിയപ്പെടാത്ത വീട്ടകങ്ങളെ 'എക്സ്പോസ്' ചെയ്ത് സജീവമാക്കിയത് അതിജീവനത്തിന്റെ സാധ്യതയുണർത്തിയ തിരിച്ചറിവായി! എങ്കിലും 2020 ഒക്ടോബർ മുതൽ 2021 മാർച്ച് വരെ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചപ്പോൾ അരങ്ങുണർന്നത് ഭാവി നാടകലോകത്തിന് വലിയ പ്രതീക്ഷ നൽകി. അതിജീവനത്തിന്റെ ജീവിയായ മനുഷ്യർ സ്വന്തം സർഗ്ഗാത്മകതയ്ക്ക് കൊടുക്കുന്ന സ്ഥാനം എത്ര മഹത്തരമാണെന്ന് ഈ ഓൺലൈൻ ലഘുനാടകമത്സരങ്ങൾ / മറ്റ് കലാപ്രകടനങ്ങൾ തെളിയിച്ചു. അത് അത്ഭുതകരമായ ആധുനികകാലത്തെ തിരിച്ചറിവുതന്നെ !
സ്വന്തം വീടുകളിൽ അരങ്ങിന്റെ ആരവം കേൾപ്പിച്ചപ്പോൾ അത് അറിഞ്ഞത് ഈ സാങ്കേതികതയുടെ മികവുകൊണ്ടുകൂടിയാണല്ലോ! എന്നുവെച്ചാൽ ഏതു സാധാരണക്കാരനും മൊബൈൽ വാങ്ങാനുള്ള വിഭവശേഷി കേരളത്തിന്റെ സാമ്പത്തിക ശാസ്ത്രം സുരക്ഷിതമായി നൽകിയിരുന്നു എന്ന തിരിച്ചറിവ് 100 ശതമാനം സാക്ഷരതയ്ക്ക് 100 മാർക്ക് കൊടുക്കാം എന്നതിനുള്ള തിരിച്ചറിവായിരുന്നു! അതേ ഓൺലൈൻ നാടകങ്ങൾ ഓഫ് ലൈൻ നാടകമേളകളിലേക്ക് കൂടുമാറുന്ന ആവേശം നാടകവേദിക്ക് പുത്തനുണർവ്വ് കൊടുത്തു.
2020 ഡിസംബറിലെ പഞ്ചായത്ത് ഇലക്‌ഷൻ പ്രചാരണാർത്ഥം "എന്തുകൊണ്ട് ഇടതുപക്ഷം?" എന്ന ഗുരുവായൂർ- മുതുവട്ടൂരിലെ ഒരു ഗ്രാമീണ വായനശാല പരിപാടിയിൽ (2020 ഡിസംബർ 10) ഞാൻ SNAP-13 (Sitting Narration & Acting Praxis) FB ലൈവ്ആയി അവതരിപ്പിച്ചത് 100 പേരുടെ മുൻപിൽ വെച്ചായിരുന്നു. KSNAക്കെതിരേ NATAK നടത്തിയ സമരങ്ങളിൽ പെട്ടെന്നുള്ള തെരുവ് അവതരണങ്ങൾ ഉണ്ടായെങ്കിലും (അതിൽ ഞാനും സോളോ ഡ്രാമ അവതരിപ്പിച്ചിരുന്നു) ഗുരുവായൂരിൽ ഞാൻ നടത്തിയതായിരിക്കണം കേരളത്തിലെ കൊറോണ ലോക്‌ഡൗൺ കാലത്തെ ഇളവ് ലഭിച്ചപ്പോഴുള്ള ആദ്യത്തെ 'ക്ലോസ്ഡ് പബ്ലിക്' നാടകാവതരണം എന്ന് ഞാൻ അഭിമാനപൂർവ്വം തുറന്നു പറയട്ടെ! (മറ്റ് ജില്ലകളിൽ അതിനു മുൻപ് എന്തെങ്കിലും നടന്നിട്ടുണ്ടെങ്കിൽ അറിയിക്കാം?). ജർമ്മൻ പാസ്റ്റർ മാർട്ടിൻ നീമൊള്ളറുടെ "അവസാനം അവർ എന്നെത്തേടി വന്നു!" എന്ന രണ്ടാം ലോകമഹായുദ്ധകാലത്ത് എഴുതപ്പെട്ട 5 വരികളുള്ള കവിതയുടെ 15 മിനിറ്റ് സമയമുള്ള എന്റെ മനോധർമ്മാഭിനയം നേരിട്ട് 100 പേർ കണ്ടെങ്കിൽ FBയിൽ ആയിരക്കണക്കിനുപേർ കണ്ടു.
അതിനുശേഷം സ്കൂൾ ഓഫ് ഡ്രാമയിലും കാഞ്ഞങ്ങാട് 'കുംറു' നാടക ഫെസ്റ്റിലും മറ്റ് പല ചെറു പബ്ലിക് നാടക ഫെസ്റ്റുകളിലും പല നാടകങ്ങളുടെയും തുടർ പബ്ലിക് അവതരണങ്ങൾ നടന്നു. 2021 ഫെബ്രുവരി 19, 20 & 21 കാഞ്ഞങ്ങാട് സംഘടിപ്പിക്കപ്പെട്ട 'KUMRU' നാടകഫെസ്റ്റിൽ ഞാൻ "പ്ലാസ്റ്റിക് കണ്ണുകളുള്ള അൾസേഷ്യൻ പട്ടി"- ജോൺ അബ്രഹാം കഥയുടെ സ്വതന്ത്ര രംഗാവിഷ്കാരം (45 മിനിറ്റ്) , കാറിൽ 320 കിലോമീറ്റർ സ്വന്തമായി ഡ്രൈവ് ചെയ്ത് ഫെബ്രുവരി 19 ന് നടത്തിയത് പിന്നീട് ChackoDAnthikad Films എന്ന എന്റെ YouTubeൽ കവി സി. പി. ശുഭട്ടീച്ചർ ഒരു മാസത്തിനു ശേഷം റിലീസ് ചെയ്തിരുന്നു. ആ കാലത്തുണ്ടായ കേരളത്തിലെ മിക്കവാറും WA കൂട്ടായ്മകളിലും ഗൂഗിൾ മീറ്റിലും FB ലൈവിലും ഒക്കെയായി കലാസമിതികളുണ്ടാക്കിയ മൊത്തം 'ഓൺലൈൻ നാടക ചർച്ചയും സംവാദങ്ങളും നൽകിയ ഉണർവ് കേരളത്തിൽ പല ജില്ലകളിലും ഓഫ്‌ലൈൻ സംഘാടനത്തിലേക്ക് വ്യാപിക്കാൻ തുടങ്ങിയിരുന്നു. രംഗവേദിയുടെ ഈ സജീവതയും ഉണർവ്വും കൊറോണയ്ക്കു ശേഷം പടർന്നുകയറുമെന്ന അമിതാവേശം 2021 മാർച്ച്മുതൽ വീണ്ടും കൊറോണ 'രണ്ടാംതരംഗം' ഭീഷണിയിൽ തളർച്ചയിലേക്കു വഴിമാറിയത് എല്ലാ രംഗകലകളിലും ജീവിതത്തിന്റെ നിലനിൽപ്പ് ആശ്രയമാക്കിയവരെ നിരാശരാക്കി.
LDF ഗവണ്മെന്റ്, 'കൊറോണ എഫക്ട്' കുറയുന്നതു കണ്ടപ്പോൾ നാടകക്കാർക്ക് ലക്ഷങ്ങളുടെ വലിയ വാഗ്ദാനങ്ങൾ കൊടുത്തത് വീണ്ടും ആവേശം നൽകി. അവിടെയും നമ്മുടെ കേരള ഗവണ്മെന്റ് മാതൃക കാണിച്ചു. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും നാടകക്കാർക്കുവേണ്ടി ഒരു ഭരണകൂടവും പത്തുപൈസപോലും മാറ്റിവെച്ചിട്ടില്ല എന്നതും LDFനെ പരിഹസിക്കുന്നവർ ആത്മവിമർശനം നടത്തുന്നില്ല എന്നതും വലതു വിമർശകരെ എളുപ്പം തിരിച്ചറിയാൻ ഇടവരുത്തി.
നാടകക്കാരുടെ പേരിലുള്ള പല സംഘടനകളും 'ഓൺലൈൻ നാടക ക്ലാസ്സുകൾ-സിദ്ധാന്തങ്ങൾ- നാടകപ്രവർത്തകരെ പരിചയപ്പെടുത്തൽ' അവസരങ്ങൾ ഒരുക്കിയെങ്കിലും തങ്ങളുടേതല്ലാത്ത WA/FB നാടക അഭിനയ സംരംഭങ്ങളെ കണ്ടില്ലെന്ന് നടിക്കുകയോ കളിയാക്കിക്കൊണ്ടിരിക്കുകയോ ചെയ്തുവെന്നല്ലാതെ പ്രായോഗികമായി ബഹുജന പ്രസ്ഥാനങ്ങൾക്കൊപ്പം അണിചേർന്ന് വർഗ്ഗീയ "ഫാസ്സിസത്തിനെതിരേ നാടകം കൊണ്ട് എങ്ങനെ തെരുവിൽ ചെറുത്തുനിൽക്കണം എന്നത് ഇതേവരെ ആലോചിച്ചിട്ടില്ല! ഓൺലൈൻ കൂട്ടായ്മ നാടകങ്ങളാണ് ലോക ഫാസ്സിസത്തിനെതിരേ ശക്തമായി ശബ്ദമുയർത്തിയത് എന്നത് നിസ്സാരമായി തള്ളിക്കളയാനാവില്ല!
ഞാൻ എന്റെ FBയിൽ 2020 നവംബർ 3 മുതൽ (NATAK സംഘടനയിൽനിന്നു പൂർണ്ണമായും രാജിവെച്ചതിനു ശേഷം) ആഴ്ചയിൽ രണ്ടു തവണ ഇപ്പോൾ നിരന്തരം (2021 ആഗസറ്റ് 15 മുതൽ Anti-Fascist SNAP / SAP-Solo Acting Practice-Daily Expressions) ആക്ടിങ് തുടരുന്നുണ്ട് .(90-SNAPകൾ & 14-SAPകൾ FBയിൽ ഷെയർ ചെയ്തുകഴിഞ്ഞു).
ഇപ്പോൾ 2021 സെപ്റ്റംബർ അവസാനം മുതൽ പുറത്ത് അരങ്ങുകൾ വീണ്ടും ഉണർന്നു തുടങ്ങിയത് നാടകവേദിയുടെ സ്വപ്നങ്ങളെ വീണ്ടുമുണർത്തി! അതിന്റെ ഭാഗമായാണ് ചേർപ്പ് കേന്ദ്രീകരിച്ച് ഞങ്ങൾ കുറേ നാടകപ്രവർത്തകർ (കഴിഞ്ഞ 45 വർഷങ്ങളായി ഗ്രാമീണ അമേച്വർ നാടകവേദിയിൽ നിരന്തരം ഇടപെടുന്നവർ) പെട്ടെന്ന് ഒത്തുകൂടുകയും 'പർപ്പിൾ തിയറ്റർ' (PURPLE THEATRE) ചേർപ്പ് എന്ന പുതിയ ബാനർ സ്വീകരിച്ചുള്ള 'വീട്ടുമുറ്റം നാടകോത്സവ'ത്തിന്റെ തിരശീല ഉയർത്തുകയും ചെയ്തത്. ഒക്ടോബർ 15ന് റെഡ് അലർട്ട് പ്രഖ്യാപിച്ചെങ്കിലും 2021 ഒക്ടോബർ 17 ന് വൈകീട്ട് 6 ന് ആരംഭിക്കേണ്ട പരിപാടി 6.30 ന് ആരംഭിച്ചപ്പോൾ മഴ ഒന്നു മാറിനിന്നത് വലിയ ആശ്വാസം നൽകി!
മുപ്പതോളം പേർ തൃശ്ശൂർ ജില്ലയുടെ പല ഭാഗത്തുനിന്നും എത്തിച്ചേർന്നു. 4 നാടകങ്ങളും ഒരു 'ക്ലോസപ്പ് ആക്ടിങ്' സുഖം തന്നുവെന്ന് എല്ലാവരും സമ്മതിച്ചു. അതാണ് ഇത്തരം വീട്ടുമുറ്റ നാടകങ്ങളുടെ പ്രസക്തിയെന്നു പറഞ്ഞ ഉദ്ഘാടകനും(എം.ജി.വിജയ്-നടൻ നിർമ്മാതാവ്) തന്റെ ബാല്യത്തിൽ വീട്ടുമുറ്റത്ത് അയൽപ്പക്കത്തുള്ള കുട്ടികളെക്കൂട്ടി അപ്പപ്പോൾ തോന്നിയ ദാരിദ്ര്യത്തിന്റെ വിഷയങ്ങൾ പറ്റുന്ന രീതിയിൽ അഭിനയിച്ചതിന്റെ ഓർമ്മ പങ്കുവെച്ചു. അതിഥികളും ആശംസകൾ നേർന്നവരും ഒരേ സ്വരത്തിൽ, ചെറുനാടകങ്ങൾ എല്ലാ വാർഡുകളിലും വീട്ടുമുറ്റങ്ങളിൽ മാത്രമായി അവതരിപ്പിച്ചാൽ നഷ്ടപ്പെട്ട 'ജനകീയ നാടക ഊർജ്ജം + അവതരണത്തിന്റെ ലാളിത്യം' തിരിച്ചുപിടിക്കാം എന്ന് സധൈര്യം ആവർത്തിച്ച് ഏറ്റുപറഞ്ഞു...!
അടച്ചിട്ട വേദിയിലേക്ക് ക്ഷണിച്ച് ടിക്കറ്റ് എടുത്തു നാടകം കാണാൻ നിർബന്ധിക്കുന്നത് നഗരങ്ങളിലുള്ളവർ തുടരുമ്പോഴും (സാമ്പത്തിക ശേഷിയുള്ളവർക്കേ കാണാൻ പറ്റൂ...) നാടകങ്ങളുമായി കാണികളെത്തേടി വീട്ടുമുറ്റം സന്ദർശിക്കുക... അവർ തരുന്നത് വാങ്ങുക... നമ്മുടെ സഹായനിധിയുടെ കാര്യം പറഞ്ഞു ബോധ്യപ്പെടുത്തി കൂടുതൽ സഹായിക്കാനുള്ള സന്മനസ്സ് സൃഷ്ടിക്കുക (എല്ലാം 'ഹോംഡെലിവറി'യുടെ കാലമാണല്ലോ! നാടകങ്ങളും ആ ഗണത്തിൽ പെടുത്താമെന്ന് സാരം!).
ഞങ്ങൾ ബ്രോഷറിൽ പറഞ്ഞത് ഈ തിരിച്ചറിവിന്റെ ഭാഷതന്നെയാണ്!- "കൊറോണക്കാലത്തെ സർഗ്ഗാത്മക നിശ്ചലതയ്ക്കൊരു ക്രിയാത്മക പരിഹാരം വീട്ടുമുറ്റ സദസ്സുകളിലൂടെ സംഭവിക്കട്ടെയെന്ന പ്രത്യാശയോടെ ഞായറാഴ്ച്ചകളിൽ ചേർപ്പ് പഞ്ചായത്തിലെ 21 വാർഡുകളിലും തുടർന്ന് തൃശ്ശൂർ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും സമകാലിക പ്രസക്തിയുള്ള പത്തിലധികം ലഘുനാടകങ്ങൾ അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചേർപ്പ് 'പർപ്പിൾ തിയറ്റർ' (PURPLE THEATRE) രൂപീകരിക്കപ്പെട്ടിരിക്കുന്നത് !"
ആദ്യമായി 4 നാടകങ്ങൾ Comrade Driving School ഉടമയായ ജയന്റെ വീട്ടുമുറ്റത്ത് അവതരിപ്പിച്ചു. (ചേർപ്പ് പഞ്ചായത്ത്-ചെവ്വൂർ വില്ലേജ്-എട്ടാം വാർഡ്) തൃശ്ശൂർ-പാലക്കാട് ജില്ലകളിൽനിന്നുള്ള 4 കലാസമിതികളാണ് നാടകങ്ങൾ അവതരിപ്പിച്ചത്. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചുള്ള മിനിമം പേർക്കാണ് പ്രവേശനം നൽകിയത്. (മഴ ഭീഷണിയുണ്ടായിട്ടും 30 പേർ പങ്കെടുത്തു).
കൃത്യമായി ടിക്കറ്റ് സംവിധാനം ഒരുക്കാതെ, അവരവർ കണ്ടറിഞ്ഞു തരുന്ന രൂപ സ്വരൂപിച്ചുകൊണ്ട്, മിനിമം ചെലവിൽ (പ്രസ്സ് മീറ്റ്, ബ്രോഷർ, കസേരകൾ, ടാർപ്പായ, ഫ്ലെക്സ്, അഭിനേതാക്കൾക്കു കൊടുത്ത TA,15 പേരുടെ ഭക്ഷണം അടക്കം മൊത്തം ചെലവ് 7500 രൂപ മാത്രം) , ഏറ്റവും ലളിതവും സുന്ദരവുമായ മികച്ച 4 നാടകങ്ങൾ (3 ട്യൂബ് ലൈറ്റിൽ മൈക്ക് ഉപയോഗിക്കാതെ) കാണികൾക്കു സമ്മാനിക്കാൻ കഴിഞ്ഞത് വലിയ ആവേശം തരുന്ന കാര്യമാണ്. അവസാന നാടകം "സഹയാത്രികർ" ആരംഭിച്ചപ്പോൾ മഴ തുടങ്ങി. മൈക്ക് ഉപയോഗിക്കാതെ, അഭിനേതാക്കളുടെ ശരീരവും ശബ്ദവും ശക്തമായി ഉപയോഗിച്ചുകൊണ്ട് ആ നാടകത്തിന്റെ ശക്തി ഒട്ടും ചോരാതെതന്നെ അവതരണം രാത്രി 9 മണിയോടെ പൂർത്തിയാക്കി! ഉദ്ഘാടനം അടക്കം മൊത്തം പരിപാടിക്കെടുത്ത സമയം രണ്ടര മണിക്കൂർ. 6.30pm - 9pm. കാണികളുടെ കൈയ്യടിയും വാങ്ങി അഭിനേതാക്കൾ അവരുടെ അത്താഴം ഒരുമിച്ചു കഴിച്ച് സ്വസ്ഥമായുറങ്ങി. ജനറൽ ലൈറ്റിലും / പകലും കളിക്കാവുന്ന രീതിയിലായിരുന്നു 4 നാടകങ്ങളുടെയും രംഗഭാഷ!
ജില്ലയിലെ അവശതയനുഭവിക്കുന്ന കലാകാരന്മാരെ സഹായിക്കുക എന്നതും ഈ നാടകഫെസ്റ്റിന്റെ ഉദ്ദേശ്യമാണ്. ചേർപ്പിന്റെ എല്ലാ വാർഡുകളിലും തൃശ്ശൂർ ജില്ലയിലെ മറ്റു പഞ്ചായത്തുകളിലും 'വീട്ടുമുറ്റം നാടകോത്സവങ്ങൾ' സംഘടിപ്പിക്കുന്നവർക്ക് നാടകങ്ങളുടെ അറിയിപ്പുമായി വീടുകൾ കയറിയിറങ്ങി പണം പിരിക്കുമ്പോൾ ഈ 'സഹായനിധി'യെക്കുറിച്ചുള്ള അറിയിപ്പു കൊടുത്ത് സധൈര്യം മുന്നോട്ടു പോകാനുള്ള ഒരു പദ്ധതിയായി 'പർപ്പിൾ തിയറ്റർ' മൂവ്മെന്റിനെ ഉപയോഗിക്കാവുന്നതാണ്.
'പർപ്പിൾ തിയറ്ററി'ന്റെ 'വീട്ടുമുറ്റം നാടകോത്സവം' പ്രസിദ്ധ നിർമ്മാതാവും നടനുമായ എം.ജി. വിജയ് ഉദ്ഘാടനം ചെയ്‌തു. ദേശീയ അവാർഡ് ജേതാവായ ("പുലിജന്മം") പ്രസിദ്ധ നാടക-സിനിമാ സംവിധായകൻ പ്രിയനന്ദനൻ മുഖ്യാതിഥിയായിരുന്നു. 2021ലെ സംസ്ഥാന ഫിലിം ക്രിട്ടിക്സ് അവാർഡ് ജേതാവ് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനെയും 2021 മഴവിൽ മനോരമ 'സൂപ്പർ 4' മ്യൂസിക് റിയാലിറ്റി ഷോ രണ്ടാംസ്ഥാനം കരസ്ഥമാക്കിയ ശ്രീലക്ഷ്മി കെ. അനിലിനെയും പ്രിയനന്ദനൻ പൊന്നാട അണിയിച്ച് ആദരിച്ചു. മൊമന്റയ്ക്കൊപ്പം നാടക പുസ്തകങ്ങളും ("പ്രതികരണങ്ങൾ"-ചാക്കോ ഡി അന്തിക്കാട്, "നമുക്ക് ജീവിതം പറയാം"-പ്രദീപ് മണ്ടൂർ) നൽകി അവാർഡ് ജേതാക്കളെ അനുമോദിച്ചു.
എം.ആർ.ഗോപാലകൃഷ്ണൻ (രക്ഷാധികാരി -'പർപ്പിൾ തിയറ്റർ') അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോൺസൺ ചിറമ്മൽ, കല ടീച്ചർ , കൃഷ്ണൻ കളിയരങ്ങ്, കെ.എ.ഡേവിസ് എന്നിവർ സംസാരിച്ചത് വീട്ടുമുറ്റ സദസ്സുകൾ എല്ലാ ഗ്രാമങ്ങളിലും സംഘടിപ്പിക്കപ്പെടണം എന്നുതന്നെയായിരുന്നു. കണ്ണൂർ 'സ്നേഹക്കൂടാരം' സംഘടിപ്പിച്ച 'ഓൺലൈൻ സോളോ ഡ്രാമ' മത്സരത്തിൽ മികച്ച രണ്ടാമത്തെ നടിയായി തിരഞ്ഞെടുക്കപ്പെട്ട പാലക്കാടുള്ള ലത മോഹനെയും (ലഘു നാടകം-10 മിനിറ്റ് "ഞാൻ" , സാറ ജോസഫിന്റെ "പാപത്തറ"യിൽ നിന്നുള്ള പ്രചോദനം) ഈ ഓൺലൈൻ നാടകത്തിന്റെ സംവിധായകൻ സുരേഷ് നന്മയെയും ചടങ്ങിൽ പൊന്നാട ചാർത്തി ആദരിച്ചു. ശ്രീലക്ഷ്മി കെ.അനിൽ, തിയോ സി., ആര്യ അനിൽ എന്നിവർ ഗാനങ്ങൾ ആലപിച്ചു. തുടർന്ന് 4 നാടകങ്ങളുടെ അവതരണങ്ങൾ നടന്നു.
1. "ആനപ്പൂട" (7 മിനിറ്റ്)
കഥ: വൈക്കം മുഹമ്മദ് ബഷീർ, സംവിധാനം: സുരേഷ് നന്മ, അഭിനയം: ആയുഷ് ഗ്രാമ, അവതരണം: കളിയരങ്ങ് ഏങ്ങണ്ടിയൂർ
2. "Sorry Sir!" (15 മിനിറ്റ്)
മനോധർമ്മാഭിനയം & സംവിധാനം: സുരേഷ് നന്മ & ചാക്കോ ഡി അന്തിക്കാട്. അവതരണം: നാടക സാധകം - ചേർപ്പ്
3. "പന്തമേന്തിയ പെണ്ണുങ്ങൾ" (20 മിനിറ്റ്)
രചന: സിവിക് ചന്ദ്രൻ, അഭിനയം: ലത മോഹൻ - പാലക്കാട്, സംവിധാനം: സുരേഷ് നന്മ. അവതരണം : 'അഭിനയശ്രീ' പാലക്കാട്.
4. "സഹയാത്രികർ" (30 മിനിറ്റ്)
രചന & സംവിധാനം: ചാക്കോ ഡി അന്തിക്കാട്, അഭിനയം: ഗോപി ഞെരുവിശ്ശേരി & ചാക്കോ ഡി അന്തിക്കാട്. അവതരണം: PART -ONO Films - തൃശ്ശൂർ.
ഞാൻ പറഞ്ഞു വരുന്നത് നഗരങ്ങളിൽ പോയി വലിയ ടിക്കറ്റ് എടുത്ത് സാധാരണക്കാർ നാടകങ്ങൾ കാണാറില്ല എന്ന സത്യം അംഗീകരിക്കണം എന്നാണ് .
പണ്ട് അമേച്വർ നാടക മത്സരങ്ങൾ ഗ്രാമങ്ങളിൽ ഉണ്ടായിരുന്നപ്പോൾ ചെറിയ സംഭാവനകൾ കൊടുത്ത നാട്ടുകാർ പറമ്പിലിരുന്നും മഴയെ അതിജീവിച്ചും നാടകങ്ങളെ നെഞ്ചേറ്റിയിരുന്ന ജനകീയ നാടക സംസ്കാരം എങ്ങനെയാണ് നഷ്ടപ്പെട്ടത്? ആരാണ് നഷ്ടപ്പെടുത്തിയത്? അതു തിരിച്ചു പിടിക്കാതെ സർഗ്ഗപ്രക്രിയയുടെ സോഷ്യലിസ്റ്റ് കൂട്ടായ്മ (അത് 'ക്രൗഡഡ് ഫണ്ടിങ്ങി'ലൂടെയുള്ള ചെറു നാടക-സിനിമാ നിർമ്മാണമായാലും) സംഭവിക്കില്ല.
കൈയ്യിൽ മൂലധനമുള്ളവർ കൊറോണ ആക്രമണത്തിൽ പകച്ചു നിന്നപ്പോൾ എന്തു സംഭവിച്ചുവോ അതുതന്നെയാണ് വലിയ മുതൽമുടക്കുള്ള നാടകങ്ങൾ കാശു കൊടുത്തു കാണുന്ന സംസ്കാരം എളുപ്പം തിരിച്ചുവരുമെന്ന് തോന്നുന്നില്ല എന്ന തിരിച്ചറിവും! കൊറോണയുണ്ടാക്കിയ സാമ്പത്തികത്തകർച്ചയിൽ നിന്നു ലോകം രക്ഷപ്പെടണമെങ്കിൽ മിനിമം 3 വർഷങ്ങൾ വേണ്ടിവരുമെന്ന് സാമ്പത്തിക- ആരോഗ്യരംഗത്തെ പ്രഗല്ഭ ർ പറയുന്നു.
അപ്പോൾ ഇത്തരം ലഘു നാടകങ്ങൾക്ക് ഇനിയുള്ള കാലം വലിയ പ്രസക്തിയുണ്ട്! കാരണം കേരളത്തിലെ 941 പഞ്ചായത്തുകളിൽ മിനിമം കണക്കിൽ 20/21 വാർഡുകൾ പ്രകാരം 15962 വാർഡുകളെങ്കിലും കാണും (ഏകദേശം അനുമാനം). അത്രയും വാർഡുകളിൽ വീട്ടുമുറ്റങ്ങൾ സജീവമാക്കിയാൽ അന്നാട്ടിലെ കുട്ടികൾക്കും കുടുംബശ്രീ, സ്ത്രീശക്തി കൂട്ടായ്മകൾക്കും യുവാക്കൾക്കും പ്രായമായവർക്കും സാങ്കേതികതയെ ഭയക്കാതെ ധീരമായി നാടകം കളിക്കാം എന്നത് വലിയൊരു 'നാടക നവോത്ഥാനം' തന്നെയാണ്! നഗരങ്ങളിലെ 'മെഗാനാടകങ്ങൾ' വന്നപ്പോൾ ഉൾവലിഞ്ഞ അഭിനേതാക്കളായ തൊഴിലാളികൾക്ക് (നാടകത്തൊഴിലാളിയല്ല) സാധാരണക്കാർക്ക് അവരവർക്കു പറ്റിയവിധം കെട്ടിപ്പൊക്കിയ വേദിയില്ലാതെ ഏതു നാടകങ്ങളും എടുത്തു പ്രയോഗിക്കാനും അയൽക്കൂട്ടങ്ങളുടെ ആവേശത്തിൽ കൈയ്യടിയിൽ അഭിനയിക്കാനും (വലിയ നാടക 'പണ്ഡിത'ന്മാരുടെ മാർക്കിടൽ, ഗ്രേഡ് തിരിക്കൽ, വിലയിരുത്തൽ ഭയക്കേണ്ടല്ലോ!) കഴിയും.
അത് ഉണ്ടാക്കുന്ന സെക്യുലർ - ഡെമോക്ക്രാറ്റിക് സംസ്കാരം ഏറ്റവും കൂടുതൽ ഭയക്കുന്നത് വർഗ്ഗീയ ഫാസ്സിസ്റ്റുകളായിരിക്കും. ജാതിയുടെയും മതത്തിന്റെയും പേരിൽ വിഭജനം ഉണ്ടാക്കി മുതലെടുക്കാൻ ഒരുങ്ങിയവരെ തുറന്നുകാണിക്കാനായി മികച്ച രചനകൾ വീട്ടുമുറ്റത്ത് അവതരിപ്പിക്കുമ്പോൾ വിവിധ വിശ്വാസങ്ങളുള്ളവരും അവിശ്വാസികളും യുക്തിവാദികളും പുരോഗമനവാദികളും ഒരുമിച്ചുതന്നെ വീട്ടുമുറ്റ സദസ്സിലിരുന്ന് ക്ളോസപ്പ് കാഴ്ച്ചയിൽ ജീവിത യാഥാർഥ്യങ്ങൾ തുടിക്കുന്ന നാടകങ്ങൾ കാണുന്നതിലും വലിയ സർഗ്ഗപ്രക്രിയ എന്തുണ്ട്?-എന്ന ചോദ്യവും മഹത്തായ തിരിച്ചറിവാണ്!
ഇത്തരം ക്ലോസപ്പ് നാടകക്കാഴ്ച്ച ശീലം വളർത്തിയെടുത്താൽ കേരള സംഗീത നാടക അക്കാദമി തിരഞ്ഞെടുത്ത 25 അമേച്വർ നാടകടീമുകൾക്ക് ആവശ്യത്തിനു പണം കൊടുത്ത് അവസരങ്ങൾ ഒരുക്കാൻ ഒരു പഞ്ചായത്തിലെ 20 വാർഡുകളിൽനിന്നും മിനിമം 25 പേർ വെച്ച് ഒരു പഞ്ചായത്തിൽനിന്നും മിനിമം 500 പേരടങ്ങുന്ന സ്ഥിരം പ്രേക്ഷകരെ സജ്ജമാക്കിയെടുക്കാം. അതായത് 25 നാടകങ്ങൾ ഒരുമിച്ച് ഒരു പഞ്ചായത്തിൽ 'നാടകഫെസ്റ്റ്' സംഘടിപ്പിക്കാൻ കഴിയണം. കാർണിവൽ രീതിയിൽ വലിയ പന്തൽ ഉയർത്തി പരസ്യങ്ങൾ പ്രദർശിപ്പിച്ചും പുസ്തകശാലകളും അവശ്യവസ്തുക്കളുടെ ടെൻറ്റുകൾ ഒരുക്കിയും-രാവിലെ മുതൽ- 6 pm വരെ മാത്രം കച്ചവടം. പിന്നെ നാടകാവതരണങ്ങൾ. പഞ്ചായത്ത് ഫണ്ടിനൊപ്പം മറ്റ് സ്പോൺസർമാർക്കൊപ്പം ഒരു വാർഡിൽനിന്നും 25000 രൂപ (25 പേർ 1000 രൂപ തന്നാൽ...) 25 നാടകങ്ങളും കുടുംബമടക്കം കാണാമല്ലോ! നല്ല നാടകക്കുളിരു തരുന്ന, ആവേശമുണ്ടാക്കുന്ന സ്വപ്നം തന്നെയല്ലേ?...+ 20 വാർഡുകളും (25000×20=5 ലക്ഷം രൂപ + സ്പോൺസർ പണം വേറേയും. ഈ വീട്ടുമുറ്റം നാടക സംസ്കാരത്തെ ദിനചര്യയുടെ ഭാഗമാക്കി മാറ്റുകയല്ലാതെ സോഷ്യലിസ്റ്റ് യുക്തിക്ക് വേറെ ബദലില്ല!
മുതലാളിത്ത യുക്തി നാടകക്കാരെ രക്ഷിക്കുന്ന കാലം സ്വപ്നം കാണുന്ന നാടകക്കാർ 'ഡ്രാമ റിവോൾട്ട്' സ്വപ്നം കാണുന്നവരല്ല! അവർ ഫാസ്സിസത്തിനെതിരേ എന്തെങ്കിലും ചെയ്യുമെന്ന് പ്രതീക്ഷിക്കുകയും വേണ്ടാ ! എന്തെങ്കിലും 'കസേര' കണ്ടാൽ ഉള്ളിൽ കോരിത്തരിക്കുന്ന അത്തരക്കാർക്കുള്ള മറുപടി 'വീട്ടുമുറ്റം നാടകവേദി'യുടെ 'പർപ്പിൾ' നിറം കാഴ്ച്ചകളിൽ നിറയ്ക്കുക എന്നതാണ്!
ചെഗുവേരയ്ക്കും പാബ്ലോ നെരൂദയ്ക്കും ഏറ്റവും പ്രിയപ്പെട്ട നിറം 'പർപ്പിൾ' (റെഡ് & ബ്ലു ചേരുമ്പോൾ സംഭവിക്കുന്നത്!) നിറമായിരുന്നല്ലോ . ആയിരക്കണക്കിന് 'ഹൈക്കൂ' നാടകങ്ങൾ ലക്ഷക്കണക്കിന് കണ്ണുകളെ, മനസ്സുകളെ കൊതിപ്പിക്കട്ടെ, അക്കാദമിക് ഡിഗ്രിയില്ലാത്ത, 'ജീവിതം' എന്ന യൂണിവേഴ്സിറ്റി സിലബസ് മാത്രം സമ്പാദ്യമായുള്ള മികച്ച അഭിനേതാക്കൾ, യാതൊരു അപകർഷബോധവുമില്ലാതെ 'നാടകം' എന്ന ജൈവകല ഏറ്റെടുത്തു എന്നത് വരുംതലമുറയ്ക്കും മാതൃകയായിരിക്കും!
കൊറോണ അതിജീവനത്തിന്റെ ചരിത്രപരമായ കടമയ്ക്ക് ആരോഗ്യവകുപ്പിനു നന്ദി പറയുന്നത് സ്വാഭാവികം! അതുപോലെ പഞ്ചായത്തിന്റെ സാംസ്‌കാരിക പൈതൃകത്തെയും അഭിനന്ദിക്കാൻ കഴിയണമെങ്കിൽ പുച്ഛവാദവും വെറും ചർച്ചകളും ഉപേക്ഷിക്കുക...
നാടക അവതരണത്തിന്റെ പ്രായോഗികവാദം ഉയർത്തിപ്പിടിക്കുക! അങ്ങനെ ഗ്രാമീണ നാടകവേദിയിൽ ഉണർവ്വ് സംഭവിച്ചാൽ ലോകനാടക വേദിയിൽ ജനാധിപത്യ സംസ്കാരത്തിൽ പുത്തൻനവോത്ഥാനം സംഭവിക്കും എന്നതിന്റെ കാഹളം മുഴങ്ങും...തീർച്ച!
എല്ലാവരും സ്വന്തം പഞ്ചായത്തുകളിൽ, സഞ്ചരിക്കാത്ത ഇടവഴികളിലൂടെ നാടകപ്രണയവുമായി (അമേച്വർ-എന്നാൽ... ഡ്രാമ പാഷൻ-ലവ്!)
സഞ്ചരിക്കുന്ന കാലം ശരിക്കും കണ്ടറിഞ്ഞും കൊണ്ടറിഞ്ഞും അഭിനയിച്ചറിഞ്ഞും അനുഭവിച്ചിട്ടു വേണം ഒരു ചെറുപുഞ്ചിരിയോടെ കണ്ണുകളടയ്ക്കാൻ...!
ലാൽസലാം!
നാടകം മുന്നോട്ട്!...
"ആരും ഒരിക്കലും പിന്നോട്ടില്ല!" എന്നുതന്നെയല്ലേ ഇത് വായിച്ചവർ ഇപ്പോൾ പിറുപിറുത്തത്?