കൊല്ലം പ്രകാശ് കലാകേന്ദ്രത്തിൻ്റെ ഏകാന്തം ഡൽഹി നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ഭാരത് രംഗ് മഹോത്സവത്തിലേക്ക്
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
2022 ജനുവരിയിൽ സംഘടിപ്പിക്കുന്ന ഡൽഹി നാഷണൽ സ്കൂൾ ഓഫ് ഡ്രാമ ഭാരത് രംഗ് മഹോത്സവത്തിലേക്ക് കൊല്ലം നീരാവിൽ പ്രകാശ് കലാകേന്ദ്രം അവതരിപ്പിക്കുന്ന ഏകാന്തം തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള 701 നാടകങ്ങളിൽ നിന്നും തിരഞ്ഞെടുത്ത 77 ഇന്ത്യൻ നാടകങ്ങളും 10 വിദേശ നാടകങ്ങളും ഉൾപ്പെടുത്തിയാണ് ഭാരത് രംഗ് മഹോത്സവം സംഘടി പ്പിച്ചിട്ടുള്ളത് .
തടവറ കൊണ്ട് തടവറകളെ അതിജീവിക്കുന്ന മനുഷ്യസ്തോത്രമാണ് ഏകാന്തം നാടകാനുഭവം.
ആ പാരതന്ത്ര്യത്തിൽ നിന്ന് ഉദാത്ത ദർശനത്തിൻ്റെ പ്രകാശവീഥികളിലേക്ക് മനുഷ്യനെ വിമോചിപ്പിക്കുന്ന രംഗപാഠമാണ് ഏകാന്തം നാടകം.
ചെക്കോവിൻ്റെ കഥയുടെ ആത്മാവിനെ അരങ്ങിലേക്ക് പകർത്തിവച്ച പി ജെ ഉണ്ണികൃഷ്ണനും ഏകാന്തതയുടെ ദൃശ്യാനുഭവത്തെ അസാധാരണമായി സാക്ഷാത്കരിച്ച ശ്രീജിത്ത് രമണനും സംയമനത്തിൻ്റെ താളം കൊണ്ട്
കാലവും മാറ്റവും ശരീരഭാഷയിൽ കുറിക്കുന്ന രാജേഷ്ശർമ്മയെന്ന നടനും പി.കെ.ശ്രീകുമാറും, സ്മിതയും റെജുശിവദാസും ചേർന്ന് ഭാരത് രംഗ് മഹോത്സവത്തിൻ്റെ അരങ്ങിൽ ഏകാന്തം കവിതയായി നിറക്കും. പ്രകാശ് കലാകേന്ദ്രത്തിൻ്റെ
സംഘശക്തി ഏകാന്തത്തെ ഡൽഹിയിലും അവിസ്മരണീയമാക്കും.
പ്രകാശ് കലാകേന്ദ്രത്തിനു ലോക നാടക വാർത്തകൾ കൂട്ടായ്മയുടെ സ്നേഹാഭിവാദ്യങ്ങൾ.