"കക്കുകളി" നാടക അവതരണം നിർത്തി
- വാർത്ത - ലേഖനം
അമ്പലപ്പുഴ : വിവാദമായ കക്കുകളി നാടകാവതരണം തൽക്കാലം നിർത്തുന്നതായി പുന്നപ്ര പറവൂർ പബ്ലിക്ക് ലൈബ്രറി പ്രസിഡന്റ് ഡോ.എസ് അജയകുമാറും സെക്രട്ടറി കെ വി രാഗേഷും വാർത്താക്കുറിപ്പിൽ അറിയിച്ചു. ലൈബ്രറിയുടെ ഭാഗമായ നെയ്തൽ നാടകസംഘം അവതരിപ്പിക്കുന്ന നാടകം നിർഭാഗ്യവശാൽ വിവാദത്തിലായി.
ലൈബ്രറിയുടെ 75-ാം വാർഷികത്തിന്റെ ഭാഗമായി കേരള സംഗീത നാടക അക്കാദമിയുടെ സഹായത്തോടെയാണ് നാടകം ചിട്ടപ്പെടുത്തിയത്. കലോത്സവ വേദികളിലും നാടകം ശ്രദ്ധനേടി. പ്രശസ്ത കഥാകൃത്ത് ഫ്രാൻസിസ് നൊറോണയുടെ കെ സി ബി സി പുരസ്കാരംനേടിയ തൊട്ടപ്പൻ'എന്ന കഥാസമാഹാരത്തിലെ ഒരു കഥയാണ് കക്കുകളി. ഇതിന്റെ നാടകാവിഷ്ക്കാരമാണിത്.
ഏതെങ്കിലും ജനസമൂഹത്തെ വേദനിപ്പിക്കാനോ, നിന്ദിക്കാനോ ബോധപൂർവമായി ശ്രമിച്ചിട്ടില്ല. എന്നാൽ ചില ആരോപണങ്ങളും പ്രതിഷേധങ്ങളും കോടതി നേരിടേണ്ടിവന്നു. വിവാദങ്ങളും കോടതി നടപടികളുമായി മുന്നോട്ടു പോകുന്നത് പൊതു ഇടമെന്ന നിലയിൽ ലൈബ്രറിക്ക് ഭൂഷണമല്ല. നാടകത്തെ രാഷ്ട്രീയമുതലെടുപ്പിനുള്ള ആയുധമായി ചിലർ ഏറ്റെടുക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ നാടകത്തെ സംബന്ധിച്ച് കോടതിയുടെയും പൊതുസമൂഹത്തിന്റെയും അഭിപ്രായ രൂപീകരണം ഉണ്ടാകേണ്ടതുണ്ട്. അതുകൊണ്ടാണ് അവതരണം തത്കാലം നിർത്തുന്നതെന്നും അറിയിച്ചു.