"കൂട്ട്"; പ്രൊഫ. നരേന്ദ്ര പ്രസാദ് അനുസ്മരണ നാടകോത്സവം. ആറാം ദിവസം.
- ഒപ്പീനിയന്‍
നജീബ് മീരാൻ
കോവിഡ് നിയന്ത്രണങ്ങൾ കൃത്യമായി പാലിച്ചുകൊണ്ട് പ്രൊഫ. നരേന്ദ്ര പ്രസാദ് അനുസ്മരണ നാടകോത്സവത്തിന് അരങ്ങൊരുക്കിയ ബഹ്റൈൻ കേരളീയ സമാജത്തിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു. നാടകോത്സവത്തിന്റെ ആറാം ദിവസം അവതരിപ്പിച്ച ബോണി ജോസ് രചനയും സംവിധാനവും നിർവഹിച്ച "കൂട്ട്" ശ്രദ്ധേയമായി.
ബൈബിൾ പശ്ചാത്തലത്തിൽ അരങ്ങിൽ എത്തിയ നാടകം ചരിത്രത്തോട് നീതി പുലർത്തുന്ന രീതിയിലാണ് അവതരിപ്പിക്കപ്പെട്ടത് . തങ്ങളുടെ ഗുരുവും വഴികാട്ടിയുമായ നേതാവിന്റെ വിടവാങ്ങൽ ഒരു ജന സമൂഹത്തിൽ സൃഷ്ടിക്കുന്ന നിരാശയും ഭയവും വളരെ മനോഹരമായി വരച്ചു കാട്ടുവാൻ നാടകത്തിനായി.
കുരിശ് മരണം ഏറ്റു വാങ്ങി പോകാതെ തങ്ങളോടൊപ്പം നിന്നു ധർമ്മരാജ്യം സ്ഥാപിക്കേണ്ട ആളായിരുന്നു ദൈവ പുത്രൻ എന്നുള്ള നിരാശയും ദു:ഖവും പങ്കു വയ്ക്കുന്ന ശിമയോനിന്റെയും ക്ലെയയുടെയും ഇടയിലേക്ക് വഴിപോക്കന്റെ വേഷത്തിൽ കടന്നു വരുന്ന യുവാവിലൂടെ രാജാധികാരവും, രാജ ശാസനയും, സൈന്യവും ഇല്ലാതെ സ്നേഹവും കരുണയും കൊണ്ടു ജനമനസ്സുകൾ കീഴടക്കി, സർവ്വ ചാരാചാരങ്ങൾക്കും തുല്യ നീതിയും സമാധാനവും ഉറപ്പു വരുത്തുന്ന ഉത്തമമായ ദർശനം നല്കിയിട്ടാണ് ദൈവ പുത്രൻ വിട വാങ്ങിയത് എന്ന മഹത്തായ സന്ദേശം പകർന്നു നൽകുവാൻ നാടകത്തിനായി.
മുപ്പതു മിനിറ്റു ദൈർഘ്യം ഉള്ള നാടകത്തിന്റെ രംഗസജ്ജീകരണവും പ്രകാശ നിയന്ത്രണവും പശ്ചാത്തല സംഗീതവും ഉന്നത നിലവാരം പുലർത്തി. ശിമയോനായി വേഷമിട്ട മനോഹരൻ പാവറട്ടി തന്റെ അഭിനയ മികവ് കൊണ്ടു പ്രേക്ഷക മനസ്സുകളിൽ ഇടംപിടിച്ചു, ക്ലെയോ ആയി പകർന്നാടിയ സജീവൻ ചെറുകുന്നും, വഴിപോക്കനായ യുവാവിന്റെ വേഷമിട്ട അസ്ഹറും നാടക ലോകത്തു പ്രതീക്ഷയുള്ള കലാകാരന്മാരാണ്. ദൈവ പുത്രനായി വേഷമിട്ട സൂര്യയുടെ രൂപ സാദൃശ്യം എടുത്തു പറയേണ്ടതാണ്.
ബഹ്‌റൈൻ നാടക അരങ്ങുകൾക്ക് ഇനിയും ഒരുപാട് സംഭാവനകൾ നൽകാൻ കഴിവുള്ള സംവിധായാകൻ ബോണി ജോസിനും കൂട്ടർക്കും ആശംസകൾ നേരുന്നു.
PC: വി പി നന്ദകുമാർ