അരങ്ങിനു കരുത്ത് പകർന്ന് അഥീന നാടകോത്സവം; നാലാം ദിനം
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
മയ്യിൽ : അഥീന നാടക-നാട്ടറിവ് വീട് സംഘടിപ്പിക്കുന്ന അഥീന നാടകോത്സവം അരങ്ങാളികൾക്കൂർജ്ജം പകർന്ന് വിജയകരമായ അഞ്ചാം ദിനത്തിലേക്ക്. നാലാം ദിനം കൃത്യം 6.30 ന് അഥീനയിലെ കലാകാരന്മാർ ഉണർത്തുപാട്ടുമായി വേദിയിൽ എത്തി. 6.45ന് ഗ്രാമീണ നാടക വേദിയിലെ സ്ത്രീസാന്നിധ്യം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ഗ്രാമീണ അരങ്ങുകൾക്ക് ശക്തി പകർന്ന രജനി ചന്ദ്രൻ, സപ്ന മഹേഷ്, ദേവിക എസ് ദേവ് എന്നിവർ വേദിയിൽ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. തുടർന്ന് അനിൽ നടക്കാവ് രചനയും സുധീർ ബാബൂട്ടൻ സംവിധാനവും നിർവ്വഹിച്ച് പയ്യന്നൂർ ഗ്രാമം പ്രതിഭ അരങ്ങിലെത്തിച്ച രാക്ഷസി രംഗത്തെത്തി. തുടർന്ന് കോഴിക്കോട് സർഗ്ഗ തിയറ്റർ ഗ്രൂപ്പ് അവതരിപ്പിച്ച ഒരു കിണ്ടിക്കഥയും ഏറെ പ്രേക്ഷകപ്രീതി നേടി. ധീരജ് പുതിയ നിരത്ത് രചനയും സംവിധാനവും നിർവ്വഹിച്ച നാടകം കെട്ടുകാഴ്ചകളോ സെറ്റിന്റെ മാസ്മരികതയോ ഇല്ലാതെ തന്നെ തികച്ചും വ്യത്യസ്തമായ കമേഴ്സ്യൽ നാടകമായിരുന്നു.