കോഴിക്കോടൻ നാടകാചാര്യൻ കെ.ആർ മോഹൻദാസിനെ വ്യത്യസ്ഥമായ രീതിയിൽ ആദരിച്ച് സഹപ്രവർത്തകർ. സാംസ്കാരിക പ്രവർത്തകൻ എ.കെ രമേഷിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.
- ഫെയിസ്ബുക്ക് പോസ്റ്റ്
എ കെ രമേഷ്
അര നൂറ്റാണ്ട് കാലം മലയാള നാടക വേദിക്ക് വേണ്ടി സ്വയം സമർപ്പിച്ച ഒരു വലിയ കലാകാരനെ കോഴിക്കോട്ടെ നാടക പ്രവർത്തകർ ആദരിച്ചത് തികച്ചും വ്യത്യസ്തമായ ഒരു മട്ടിലായിരുന്നു. അണിയറ എന്ന നാടക സംഘത്തിനുമായി അരനൂറ്റാണ്ട് പ്രായം. സമർപ്പിതമനസ്കരായ ഒരു കൂട്ടം യുവാക്കളാണ് പോൾ കല്ലാനോടിന്റെയും കെ.ആർ. മോഹൻ ദാസിന്റെയും നേതൃത്വത്തിൽ നാടകം പഠിക്കാൻ അന്ന് ഇറങ്ങിത്തിരിച്ചത്.
മലയാള നാടകവേദി വലിയ ഒരു മാറ്റത്തിന് തയാറെടുത്തുകൊണ്ടിരുന്ന അക്കാലത്ത് നടപ്പുരീതികളൊന്നും പോരാ നാടകത്തിന് എന്ന് തോന്നിയ ഒരു പറ്റം അന്വേഷകരായിരുന്നു അണിയറക്ക് രൂപം കൊടുത്തത്.
അങ്ങ് തെക്ക് ജി.ശങ്കരപ്പിള്ളയുടെ നേതൃത്വത്തിൽ സാമ്പ്രദായിക നാടക വേദിയുടെ അപര്യാപ്തത തിരിച്ചറിഞ്ഞ ഒരു സംഘം മുതിർന്ന നാടക പ്രവർത്തകർ ശാസ്താം കോട്ടയിലും മറ്റും വരുത്തിത്തീർത്തു കൊണ്ടിരിക്കുന്ന അഭിരുചി മാറ്റം വടക്കോട്ടുമെത്തിക്കണമെന്ന ഒരാഗ്രഹമായിരിക്കാം അണിയറയെ നാടകക്യാമ്പുകളിലേക്ക് നയിച്ചത്.
കോളേജ് വിദ്യാർത്ഥിയായിരിക്കെ ശങ്കരപ്പിള്ളയുടെ കഴുകന്മാരിൽ വേഷമിട്ട കെ.ആർ. മോഹൻ ദാസ് എന്ന എൻ സിസി അണ്ടർ ഓഫീസറെ പിന്നെ നാം കാണുന്നത് ശങ്കരപ്പിള്ള സാറിന്റെയും രാമാനുജൻ സാറിന്റെയും ശിഷ്യനായാണ്.
പി.എം. താജിന്റെ കനലാട്ടം പോലുള്ള ഒരു കൃതിക്കിണക്കിയ രംഗഭാഷ്യം ചമച്ചുകൊണ്ട് കെ ആർ മോഹൻ ദാസ് എന്ന സംവിധായകൻ വീണ്ടും കേരളത്തിലെ നാടക പ്രേമികളെ വിസ്മയിപ്പിച്ചു കളഞ്ഞു . കനലാട്ടം ഒരു ട്രെന്റ് സെറ്ററായി മാറിത്തീരുകയായിരുന്നു.
പിന്നെ അണിയറയുടെയും കെ.ആർ. മോഹൻ ദാസിന്റെയും പുഷ്കലകാലമായിരുന്നു. എണ്ണമറ്റ നാടകങ്ങൾ സംവിധാനം ചെയ്തും പിന്നണിയിൽ നിറഞ്ഞു നിന്നിരുന്ന പലരെയും മുന്നണിയിലേക്ക് കൈ പിടിച്ചുയർത്തിയും മോഹൻദാസ് അണിയറക്ക് പുതിയ മാനങ്ങൾ തീർത്തു കൊണ്ടിരുന്നു.
അങ്ങനെയുള്ള കെ.ആർ. മോഹൻ ദാസിനെ എങ്ങനെയാണ് ആദരിക്കുക എന്ന ചോദ്യത്തിനുള്ള മറുപടി ഇങ്ങനെയായിരിക്കണം എന്ന് നിശ്ചയിച്ചുറച്ചത് അണിയറ പ്രവർത്തനത്തിൽ മോഹൻ ദാസിന്റെ സന്തത സഹചാരിയായിരുന്ന ജയപ്രകാശ് കാര്യാൽ എന്ന നാടക സംവിധായകനാണ്.
ഇരുവരുടെയും നാടകവീക്ഷണത്തിലും സമീപനത്തിലും അജഗജാന്തരമുണ്ട്. ഒരാൾ ലാവണ്യ പക്ഷത്തിന് പ്രാമുഖ്യം കൊടുത്തപ്പോൾ മറ്റേയാൾ കൃതി ആവശ്യപ്പെടുന്നതിനപ്പുറം പൊലിമ പാടില്ല എന്ന ലുബ്ധ് കാട്ടി ക്കൊണ്ട് അതിലെ രാഷ്ട്രീയാംശത്തിനെ ജ്വലിപ്പിച്ചെടുത്തു. ഇരുവർക്കും യോജിപ്പുള്ള ഒരു കാര്യം നാടക പ്രവർത്തനമെന്നത് സമർപ്പണമാണ് എന്നതാണ്. അതുകൊണ്ടു തന്നെയാവണം, കെ.ആർ. മോഹൻ ദാസിനുള്ള ആദരമെന്നത് കോഴിക്കോടൻ നാടകത്തിന്റെ അനുഭാവാഖ്യാനമാവണം എന്ന് ജെ പി ശഠിച്ചത്. 82 നാടക പ്രവർത്തകരെയാണ് അണിയറ എന്ന ഒരു ഗ്രന്ഥത്തിൽ ലേഖകരായി അണിനിരത്തിയത്.
കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ആണ് കെ.ആർ. മോഹൻ ദാസിനെ ആദരിച്ചത്. മേയർ ബീനാ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ മുഖ്യപ്രഭാഷണം നടത്തി. എസ്.ബി.ടിയിൽ കെ.ആർ. മോഹൻദാസിന്റെ സഹപ്രവർത്തകനായിരുന്ന പഞ്ചാബ് & സിന്ദ്ബാങ്ക് ചെയർമാനായി വിരമിച്ച ഹരിശങ്കറിന്റെ പ്രഭാഷണം കെ. ആറിന്റെ സർഗ ജീവിതത്തിന്റെ സൂക്ഷ്മതല വിശകലനമായി മാറി. പോൾ കല്ലാനോട് സ്വാഗതവും വിജയൻ വി നായർ നന്ദിയും പ്രകാശിപ്പിച്ചു.
ഈ ചടങ്ങിൽ പങ്കെടുക്കേണ്ടതു കൊണ്ട് രണ്ട് പരിപാടികളാണ് ഒഴിവാക്കേണ്ടി വന്നത്. ഒന്ന്, ഫോക്ക് ലോർ അക്കാദമി തലക്കുളത്തൂരിൽ സംഘടിപ്പിച്ച മറ്റൊരു അനുമോദനച്ചടങ്ങ്. ഫോക്ക് ജീവിതത്തിന്റെ നാനാമേഖലകളിൽ പ്രാവീണ്യം തെളിയിച്ച ഗ്രാമീണരെയാണ് പതിവില്ലാത്ത വിധം ഫോക് ലോർ അക്കാദമി ആദരിച്ചത്. മ റ്റൊരു ചടങ്ങ് സാഹിത്യ അക്കാദമിയും എസ്കെ പൊറ്റക്കാട് സ്മാരക സമിതിയും സംയുക്തമായി നടത്താനിരിക്കുന്ന ഒരു ദേശത്തിന്റെ കഥയുടെ 50-ാമാണ്ട് ആചരണ സ്വാഗത സംഘം രൂപവത്കരണമാണ്.
രണ്ടിലും പങ്കെടുക്കാനായില്ലെങ്കിലും പങ്കെടുത്ത പരിപാടി അതീവ ഹൃദ്യമായ സന്തോഷത്തിലാണ് ഞാൻ. അത് സുഹൃത്തുക്കളുമായി പങ്ക് വെക്കുകയാണ്.
ഒപ്പം ഒരഭ്യർത്ഥന. ഏതാണ്ട് 800 ലേറെ പേജുകളുള്ള ആ പുസ്തകത്തിന് 700 രൂപയാണ് വില. കഴിയാവുന്ന സുഹൃത്തുക്കൾ പുസ്തകം വില കൊടുത്ത് വാങ്ങണം. ബാക്കി വരുന്ന കാശ് അവശതയനുഭവിക്കുന്ന നാടക പ്രവർത്തകർത്തകർക്ക് സഹായധനമായി നൽകാനാണ് ഉപയോഗിക്കുക എന്ന് സംഘാടകർ അറിയിച്ചിരിക്കുന്നു.