തിയേറ്റർ മ്യുസീഷ്യൻ ചന്ദ്രൻ വേയാട്ടുമ്മൽ വിട വാങ്ങി
- വാർത്ത - ലേഖനം
സാംസ്കാരിക ലേഖകൻ
കോഴിക്കോട്: പ്രശസ്ത തിയേറ്റർ മ്യുസീഷ്യനും, ചലച്ചിത്ര സംഗീത സംവിധായകനുമായ ചന്ദ്രൻ വേയാട്ടുമ്മൽ ഓർമ്മയായി.കോഴിക്കോട് വെച്ചായിരുന്നു അന്ത്യം.
നാടകം, ചലച്ചിത്രം, ഡോക്യുമെന്ററി മേഖലയിലെ പ്രശസ്തനായ പശ്ചാത്തലസംഗീത സംവിധായകനാണ് ചന്ദ്രൻ വേയാട്ടുമ്മൽ. പാരീസ് ചന്ദ്രൻ, പാരീസ് വി. ചന്ദ്രൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇദ്ദേഹം 1982 മുതൽ ഈ രംഗത്ത് പ്രവർത്തിച്ചു വരുന്നു. ബയോസ്കോപ് എന്ന സിനിമയുടെ പശ്ചാത്തലസംഗീതസംവിധാനത്തിന് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിട്ടുണ്ട്. ആഫ്രിക്കയിലെ കെനിയയിൽ നടന്ന വേൾഡ് സോഷ്യൽ ഫോറത്തിന്റെ വേദിയിൽ അവതരിപ്പിച്ച, അനുരാധ കപൂർ സംവിധാനം ചെയ്ത അഗസ്ത് സ്ട്രിന്റ്ബർഗിന്റെ സെന്റേഴ്സ് എന്ന നാടകത്തിന്റെ സംഗീതസംവിധായകൻ ഇദ്ദേഹമായിരുന്നു. താര ആർട്സ്, ലണ്ടൻ, ജപ്പാൻ ഫൌണ്ടേഷൻ, ടോക്യോ, ഫൂട്സ് ബാൺ തിയ്യേറ്റർ, ഫ്രാൻസ്, റോയൽ നാഷണൽ തിയേറ്റർ, ലണ്ടൻ എന്നിവയ്ക്കു പുറമെ ബി. ബി .സിയുടെ ഡോക്യുമെന്ററികൾക്കും ഇദ്ദേഹം സംഗീതസംവിധാനം നർവ്വഹിച്ചിട്ടുണ്ട്.
1956ൽ കോഴിക്കോട് ജില്ലയിലെ നരിക്കുനി എന്ന ഗ്രാമത്തിൽ പരമ്പരാഗതസംഗീതജ്ഞരുടെ കുടുംബത്തിലാണ് ജനനം. ആറുവയസ്സിൽ അച്ഛനിൽ നിന്നും സംഗീതത്തിന്റെ ആദ്യപാഠം സ്വീകരിച്ചു, കുടുംബാംഗങ്ങളോടൊപ്പം സംഗീതപരിശീലനം ആരംഭിച്ചു. ആദ്യഗുരു വേണു നന്മണ്ടയായിരുന്നു. ഉസ്താദ് അഹമ്മദ് ഉസ്സൈൻ ഖാനിൽ നിന്ന് ഉപരിപഠനം. താളവാദ്യം, തന്തിവാദ്യം, സുഷിരവാദ്യം, ഇലൿട്രോണിക് കീബോർഡ് എന്നിവയിലെല്ലാം ഒരുപോലെ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്.