ഡയറി
- കവിത
അഞ്ജിത അരവിന്ദ് ജാനകി
ആമുഖം-അടിമകൾക്ക്
പ്രണയം, എന്ന് പറയാൻ അവകാശം ഇല്ലാത്തതിനാൽ, ദിവസങ്ങൾ
നിഴൽവീണ പപ്പറ്റ്ഷോ ആയിരുന്നു.
ഡിസംബർ -
ഉണ്ണി യേശു ജനിച്ച ദിവസം.
അന്ന് ഞാൻ ഒരു പുൽചാടി ആയി.
എനിക്ക് നടക്കാൻ അറിയില്ല.
ഓടാൻ അറിയില്ല.
പറക്കാൻ അറിയില്ല.
ഞാൻ ചാടുകയാണ്.
എനിക്ക് നിറം ഉണ്ട്,
പച്ച.
ജനുവരി -
മേൽവിലാസം ചോദിക്കാതെ കയറിയ വീട്.
സിറ്റഔട്ടിൽ കയറ്റി ഇരുത്തിയതിന് അവകാശം ചോദിക്കരുതെന്ന് ഗൃഹനാഥൻ.
ഒരു ഗ്ലാസ് വെള്ളം ചോദിച്ചാൽ,
അവകാശ സമ്മതപത്രത്തിലെ
രണ്ടാം നമ്പർ ഒപ്പ്കാരിയുടെ വെളുത്ത കൈകളെ ഭയന്ന്,
വരണ്ട തൊണ്ടയുമായി ആ പടിയും ഇറങ്ങി.
എനിക്കറിയാം ഇന്ന് റിപബ്ലിക്ക് ദിനം ആണ്.
ഫെബ്രുവരി പന്ത്രണ്ട്-
അതിർത്തി തർക്കം.
വേലി പൊളിച്ചു,
ശിക്ഷയുണ്ട് മരണം.
ഡിസംബറിൽ ഈ വേലിക്കെട്ടുകൾ ഇവിടെ ഇല്ലായിരുന്നു.
പപ്പറ്റ്ഷോയിൽ കയറി പറ്റിയതാണ് ഈ വേലി.
ഫെബ്രുവരി പതിനഞ്ച്-
ശിക്ഷ-ആത്മഹത്യ.
വിധി നടപ്പിലാക്കേണ്ടത് പരോൾ കാലാവധിയിൽ.
ഫെബ്രുവരി ഇരുപത് -
പോസ്റ്റ്മോർട്ടം.
എന്റെ രക്തത്തിൽ ചുവപ്പ് ഇല്ലാത്തതിനാൽ ഞാൻ രക്തസാക്ഷി ആയില്ല.