ജന്മം നൽകാം, വളർത്തില്ല കൊന്ന് തരാം, ഇതാണോ ഭ്രാവിഡ രാക്ഷസം
എ. സെബാസ്റ്റ്യൻ
ദ്രാവിഡ പുത്രനായ ഘടോൽകജനെ കുരുതി കൊടുക്കുന്ന കഥയാണ് ദ്രാവിഡ രാക്ഷസം. അഞ്ച് പതിറ്റാണ്ട് മലയാള നാടകവേദിയിൽ നിറഞ്ഞു നിന്ന എ ആർ രതീശനെ ഒരു നാട് ഒന്നാകെ ആദരിച്ചുകൊണ്ട് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ മൂന്ന് ദിവസം നീണ്ടു നിന്ന ആഘോഷത്തിൽ അദ്ദേഹം രചിച്ചും സംവിധാനം ചെയ്തതു മായ ആറ് നാടകങ്ങൾ അരങ്ങിലെത്തി. ജന്മം നൽകുന്നതിൽ മാത്രം ഉത്തരവാദിത്വമുള്ള ഭീമൻ്റെ പുത്രൻ്റെ ബലിയായി ഈ നാടകത്തെ കാണാം. ഘടോൽകജൻ്റെ ആത്മസംഘർഷങ്ങളല്ല ഹംബുഡിയുടെ മകനോടുള്ള അമ്മയുടെ ആധിയായി അരങ്ങിൽ നിന്നും ലഭിച്ച കാഴ്ച. ജന്മം നൽകിയ ശേഷം തിരിഞ്ഞ് നോക്കാത്ത പിതാവിന് വേണ്ടി യുദ്ധത്തിൽ മരിച്ചു വീഴേണ്ടി വരുമ്പോൾ അത് ദ്രാവിഡ പുത്രിയുടെ മകനായത് കൊണ്ടാണോ എന്ന ചോദ്യമാണ് ഉയർന്നു വരുന്നത്. അച്ഛൻ്റെ കടമകൾ നിർവഹിച്ചില്ലെങ്കിലും മകൻ്റെ കടമ നിർവഹിക്കേണ്ടി വരുന്നത് നിറത്തിൻ്റെ രാഷ്ട്രീയത്തിൽ നിന്നുമാണോ? അവർ വെളുത്തവരാണ് വിശ്വസിക്കാൻ കൊള്ളില്ലാത്തവരാണെന്ന് നൂറ് വട്ടം ആണയിടുമ്പോഴും ഭീമൻ്റെ സൗന്ദര്യത്തിൽ മതി മറന്ന അമ്മയുടെ മകനെ നഷ്ടപ്പെടുന്ന ദുരന്തമായിത്തീരുന്നു നാടകം. നിറമെന്നാൽ കുറപ്പും വെളുപ്പുമുള്ള ഇത് രണ്ടും ചേർന്നത് നിറമല്ലെന്ന് പറയുമ്പോൾ അതിൽ ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീയം കാടിൻ്റെ, ആദിമവാസിയുടെ ഇതെല്ലാം ചേർന്ന നന്മയുള്ള മനുഷ്യരുടെ കഥയായി മാറുന്നു. കാട്ടിലുള്ളവർക്കാണ് നന്മയെന്നും അതിനെ ഏത് രീതിയിൽ തകർത്തു കൊണ്ട് അവരെ പറ്റിക്കാമെന്ന ആധുനിക കാലത്തിൻ്റെ തുടക്കമായി ഇതിനെ ചേർത്ത് വായിക്കുമ്പോഴാണ് രതീശൻ എന്ന നാടകക്കാരൻ്റെ കൃത്യമായ ദർശനം തിരിച്ചറിയുവാൻ കഴിയുന്നത്. പണിയെടുക്കാൻ ഒരു കൂട്ടരും അതിൻ്റെ ഫലമുണ്ണുവാൻ ദുഷ്ടലാക്കോടെ തുറന്ന് കാണിക്കുന്നിടത്താണ് രതീശന് രാഷ്ട്രീയ ബോധം ഉയർന്ന് വരുന്നത്. അന്നും ഇന്നും എന്നും ഇത് തന്നെയാണ് പുലരുന്നത്. ഇതിനൊരു മാറ്റം വേണ്ടേ എന്ന അടിസ്ഥാന ചോദ്യമാണ് ഉയർന്ന് വരുന്നത്.