എഴുത്തപ്പെടാത്ത ചരിത്രമാണ് ജണ്ട
- ലേഖനം
എ. സെബാസ്റ്റ്യൻ
എഴുത്തപ്പെട്ട ചരിത്രങ്ങളിൽ നിന്നും പുറം തള്ളപ്പെട്ടവരുടെ കഥ ജണ്ട. എഴുത്തപ്പെട്ട ചരിത്രമെന്നത് വാഴ്ത്തപ്പാട്ടുകൾ മാത്രമായപ്പോൾ എഴുത്തപ്പെടാത്ത ചരിത്രം തേടിയൊരു യാത്രയാണ് ജണ്ട പറയുന്നത്. തൻ്റെ കുലത്തിനും മണ്ണിനും പെണ്ണിനും വേണ്ടി പട നയിച്ച കോത റാണിയുടെയും കാളിപ്പുലയൻ്റെയും ചേർത്ത് നിൽപ്പിൻ്റെ കഥ പറയുമ്പോൾ എന്നും ഭൂമിയുടെ ജന്മാവകാശികളെ ചതിയിലുടെ പരാജയപ്പെടുത്തിയ ചരിത്രം മാത്രമെയുള്ളു. മനുഷ്യനെ പോലെ തന്നെ ഭൂമിയേയും സംരക്ഷിക്കണമെന്ന അടിസ്ഥാന തത്വത്തിൽ നിന്നും ഊർജം സ്വീകരിച്ച് പട നയിച്ചവരെ തകർക്കാൻ അടർത്തി മാറ്റൽ തന്ത്രം പ്രയോഗിച്ചാണ് എല്ലാക്കാലത്തും വിജയം വരിച്ചിട്ടുള്ളത്. കൂടെ നിൽക്കുന്നവരെ അടർത്തി മാറ്റി നീതി, ന്യായ വ്യവസ്ഥയെ അട്ടിമറിച്ച് കൊണ്ട് വിജയം വരിക്കുന്ന കഥ ഇന്നും തുടരുന്നു. നേർക്ക് നിന്ന് യുദ്ധം ചെയ്താൽ വിജയിക്കില്ലെന്ന ബോധ്യത്തിൽ നിന്നുമാണ് എല്ലാക്കാലത്തും ഉയർന്നവർ വിജയം വരിച്ചിട്ടുള്ളത് എന്ന് അടിവരയിടുന്നു ജണ്ട എന്ന നാടകം. സമരം ചെയ്യുന്നവരെ എത്ര തല്ലിക്കെടുത്തിയാലും അവർ ഉയിർത്തേഴുന്നേറ്റ് വരുന്നതാണ് ചരിത്രം. വിശന്നപ്പോൾ ഭക്ഷണത്തിനായി മോഷ്ടിച്ചുവെന്ന് പറഞ്ഞ് ജനക്കൂട്ടം തല്ലിക്കൊന്ന മധു ഉയർത്തിയ രാഷ്ട്രീയം പറയാതെ ജണ്ട പൂർത്തീകരിക്കുവാൻ കഴിയുമോ? പൊതു സമൂഹം എല്ലാം തട്ടിപ്പറച്ചിട്ടും പേരാടാതെ എല്ലാം ക്ഷമിക്കുന്ന അവസ്ഥയിലേക്ക് എങ്ങനെ എത്തിപ്പെടുന്നു എന്ന ചോദ്യം ഉയരുന്നുണ്ട്. എല്ലാക്കാലത്തും പറ്റിക്കപ്പെടുവാൻ വിധിക്കപ്പെട്ടവരുടെ ചരിത്രമാകുമ്പോൾ, കുടിയേറ്റക്കാരെ നല്ല പിള്ളയാക്കുവാൻ കാടും വേണ്ട ഭൂമിയും വേണ്ട മനുഷ്യൻ മാത്രം മതിയെന്ന വാദമുയർത്തുമ്പോൾ ഇതെല്ലാം ഉൾപ്പെട്ടാലെ പ്രകൃതിയാകു. ജീവനുള്ള ഭൂമിയാകു. വികസനത്തിനായി എല്ലാം തച്ച് തകർക്കാൻ ഇറങ്ങി പുറപ്പെടുമ്പോൾ വസ്തുതകളെ മൂടിവെച്ചു കൊണ്ട് കള്ളം ഉയർത്തിക്കൊണ്ട് വരേണ്ടി വരും. അന്നും ഇന്നും എന്നും ഉപയോഗിക്കാൻ മാത്രമുള്ളതാണ് ഭൂമിയുടെ അവകാശികളെയെന്ന് പറഞ്ഞ് ഉറപ്പിക്കുന്നതിനെ തട്ടി തകർത്തു കൊണ്ട് യഥാർത്ഥ ചരിത്രം ജണ്ട എന്ന നാടകത്തിലൂടെ ജീവിച്ച് കാണിക്കുന്നു. ഒരു സംഘം അഭിനേതാക്കളെ വേദിയിൽ കൊണ്ട് വന്ന് മികവുറ്റ രംഗസജീകരണത്തിലും വെളിച്ചത്തിലും ജീവിച്ചപ്പോൾ നാടകം പ്രേക്ഷകരുടെ ഉള്ളിലേക്ക് തറച്ചു കയറി. അഭിനയിച്ച് നടി നടന്മാർ അരങ്ങിൽ ജീവിച്ചു കൊണ്ട് പ്രശംസ നേടി. എഴുത്തപ്പെടാത്ത ചരിത്രത്തിന് നാടക ഭാഷയൊരുക്കി സംവിധാനം ചെയ്ത രഞ്ജിത്ത്.വി ചന്ദിന് ജണ്ടയിലൂടെ അഭിമാനിക്കാം