നവരസായനം
- ലേഖനം
ജയ മേനോന്‍
ഓർമകളുടെ ഇരുണ്ട കലവറയിൽ വാ മൂടിക്കെട്ടി ഭദ്രമായി അടച്ചുവെച്ച ചീനഭരണികൾക്കുള്ളിലെ നവരസായനക്കൂട്ട് തേടി 47വർഷങ്ങൾക്കു ശേഷം ഞാനൊരു പൂർവ്വാശ്രമ യാത്രക്കൊരുങ്ങുകയാണ്. 4 പേജിൽ ഒതുക്കാൻ മോഹൻരാജിന്റെ കർശന നിർദേശം... നാലിലോ നാല്പത്തി ഏഴിലോ ഒതുക്കാൻ പറ്റുന്നതാണോ നാലു ദശാബ്ദങ്ങളിലായി ചിതറിക്കിടക്കുന്ന എന്റെ നാടക സ്മരണകൾ ?
അറ നിറയെ കുത്തി നിറച്ചു വെച്ചിരുന്ന ചെറുതും വലുതുമായ ഓർമ ഭരണികളിൽ ഏതാദ്യം തുറക്കും എന്ന് ശങ്കിച്ച് നിൽക്കെ ഹൃദയത്തിന്റെ ഇടത്തെ അറയിൽ ഏറ്റവും പിന്നിലിരുന്ന ഒരെണ്ണം സ്വയം നിറം മാറിക്കൊണ്ടിരുന്നത് ശ്രദ്ധയിൽ പെട്ടു. വർഷങ്ങളായി തുറക്കാത്ത ആ കലവറയിലോ അവിടിരുന്നു ഭരണികളിലോ മേധാക്ഷയത്തിന്റെ ഒരു പൊടി പോലുമില്ല എന്ന സത്യം എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. എല്ലാം സ്ഫടിക സമാനം സുവ്യക്തമായി ….. സുതാര്യമായി….. സമ്പൂർണമായിത്തന്നെ ഇരിക്കുന്നു.. കാലങ്ങളായി വരിഞ്ഞു കെട്ടിയിരുന്ന തിരക്കിൻറെ ചാക്കുനൂലുകൾ എന്റെ കരസ്പർശമേറ്റതോടെ ചരട് പൊട്ടിയ മുത്ത്മാലപോലെ ഭരണിക്കഴുത്തിൽ നിന്നൂർന്നു താഴെ വീണു. മൂടി തുറന്ന ഞാൻ പിന്നെ കണ്ടത് കാലിഡോസ്കോപ്പിലെന്നപോലെ വർണാഭമായ “നിറം മാറ്റങ്ങൾ “എന്ന എന്റെ ആദ്യ നാടകത്തിന്റെ ഓർമകളായിരുന്നു .
1973. തൃശൂർ ജില്ലയിലെ മങ്ങാട് എന്ന കുഗ്രാമത്തിൽ ജനിച്ചു വളർന്ന ജയലക്ഷ്മി എന്ന കുട്ടിക്ക് ജീവിതത്തിൽ ഒരേ ഒരാഗ്രഹം മാത്രമാണുണ്ടായിരുന്നത്. ഒരു സിനിമാ നടിയാകണം. അടുത്ത ബ ന്ധുവായ ഗുരു: ഗോപിനാഥിന്റെ സമപ്രായക്കാരായ രണ്ടു മക്കൾ സിനിമയിൽ ബാലതാരങ്ങളെയായി മിന്നിത്തിളങ്ങുന്നതു കണ്ടു കണ്ണ് മഞ്ഞളിച്ചതാകാം. കുശുമ്പ് തോന്നിയതാകാം.
കൊല്ലത്തിലൊരിക്കൽ സ്കൂൾ ആനിവേഴ്സറിക്കു കിട്ടിയിരുന്ന ഡാൻസിന്റെയോ പാട്ടിന്റെയോ ചാൻസ്കളല്ലാതെ CV യിൽ വെക്കാൻ വേറെ ഒന്നും ഇല്ലായിരുന്നു. പിന്നെ വല്ലപ്പോഴുമൊക്കെ കാണാൻ സാധിച്ചിരുന്നു സിനിമകളിലെ രംഗങ്ങൾ വീടിന്റെ പിന്നാമ്പുറത്തു അമ്മയുടെയും പണിക്കാരി പെൺകുട്ടിയുടെയും മുന്നിൽ അവതരിപ്പിച്ചു കിട്ടിയിരുന്ന കൈയ്യടികളും. അങ്ങനെ ഞാൻ പേർഷ്യ എന്ന പേരിൽ എന്റെ നാട്ടിൽ അറിയപ്പെട്ടിരുന്ന ബഹറിനിൽ എത്തുന്നു.
സത്യം പറയട്ടെ ബഹറിനിൽ എത്തുന്ന വരെ ഞാൻ ഒരു നാടകം കാണുക പോലുമുണ്ടായിട്ടില്ല. രംഗപ്രവേശനം കഴിഞ്ഞു അധികനാൾ കഴിയും മുൻപേ സമാജത്തിലെ ഒരു നാടകത്തിൽ അഭിനയിക്കാനുള്ള ഒരു request കിട്ടുന്നു. ഒരു സിനിമയിലേക്ക് ചാൻസ് കിട്ടിയ അതേ thrill ആയിരുന്നു എനിക്കപ്പോൾ. നടിയെ ഓഡിഷനായി രണ്ടുപേർ വൈകീട്ട് വരുന്നുണ്ടെന്നു കേട്ടതോടെ മനസ്സ് കിടന്ന് തുള്ളിച്ചാടാൻ തുടങ്ങി. ഈയൊരു സുവർണാവസരം ദൈവം കൈവെള്ളയിൽ കൊണ്ട് തന്നതാണെന്നും ഒരു കാരണവശാലും അത് നഷ്ടപ്പെടുത്താൻ പാടില്ലെന്നും ഞാൻ ഉറപ്പിച്ചു. Binaca powder ആവശ്യത്തിൽ കൂടുതൽ മുഖത്ത് വാരി പൂശി, കണ്മഷി വാലിട്ടു നീട്ടി എഴുതി, ഉള്ളതിൽ വെച്ച് ഏറ്റവും നല്ല dark violet പ്ലെയിൻ സാരി ഉടുത്ത് ഒരു കാരണവശാലും എന്നെ ഇഷ്ട പ്പെടാതെ വന്നവർ തിരിച്ചുപോകാതിരിക്കാനായി ശ്രദ്ധിച്ചു ഞാൻ കാത്തിരുന്നു. അവിടേക്കു കടന്നുവന്നു ബഹ്റൈനിലെ അന്നത്തെ പ്രേംനസീർ ശ്രീ നന്ദകുമാറും സമാജം പ്രസിഡന്റ് ശ്രീ രാജനും. ഓഡിഷൻ വെറും ലോഹ്യം ചെയ്യലായി പരിണമിച്ചപ്പോൾ ഒരുറപ്പിനുവേണ്ടി സ്കൂളിൽ ഒട്ടനവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ടെന്ന പച്ചക്കള്ളം ഞാനവരോട് തട്ടിവിട്ടു.
എന്തായാലും entrance exam പാസ്സായതായി confirmation കിട്ടുന്നതുവരെ ഈയുള്ളവൾ അനുഭവിച്ച മാനസിക വ്യഥ കുറച്ചൊന്നുമായിരുന്നില്ല. നായികാ വേഷമല്ലെന്നും അതൊരു വേലക്കാരിയുടെ കോമഡി വേഷമാണെന്നും അറിഞ്ഞപ്പോൾ സങ്കടം ഉണ്ടായി എന്ന സത്യം മറച്ചുവെക്കുന്നില്ല. എന്നാലും കിട്ടിയ chance കളയാൻ ഞാൻ തയ്യാറല്ലായിരുന്നു. അന്നുവരെ സിനിമകളിൽ കണ്ട് ഹൃദിസ്ഥ മാക്കിയിരുന്ന അഭിനയ ശൈലികൾ എല്ലാം ഒന്നൊന്നായി പുറത്തെടുക്കാനുള്ള തന്ത്രങ്ങൾ പഠിക്കുകയും പരിശീലിക്കുകയും പോരാത്തതിന് സകല ഡയലോഗുകളും കാണാപ്പാഠമായി പഠിക്കുകയും ചെയ്ത് ഞാൻ കേരള സമാജത്തിൽ എത്തുന്നു. ജീവിതത്തിൽ ആദ്യമായി കാണുന്ന ഒരു നാടക റിഹേഴ്സൽ ക്യാമ്പ് . നന്ദകുമാർ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുന്നു. പക്ഷെ കഥാപാത്രത്തെ ആവാഹിച്ച് ഉള്ളിൽ കുടിയിരുത്തിക്കഴിഞ്ഞിരുന്ന എനിക്കതൊന്നും കേൾക്കാനുള്ള ക്ഷമയില്ല. എനിക്ക് എന്റെ അഭിനയ പാടവം കാണിച്ച് അവരെ ഞെട്ടിക്കണം. കൂടെ നിന്ന നടൻ prompting നു ശേഷം ഡയലോഗ്പറയുന്നത് കേട്ടപ്പോൾ അരോചകത്വം തോന്നി. ശെ... ഇതെന്താ ഇങ്ങനെ..? ഇതാണോ നാടകം ? അയാളെ ഞാൻ പുച്ഛത്തോടെ നോക്കി. നന്ദകുമാർ അയാളെ വഴക്ക് പറയാത്തതിൽ എനിക്ക് പരിഭവം തോന്നി. എന്റെ ഊഴം വന്നപ്പോൾ കാണാതെ പഠിച്ച സകല ഡയലോഗ്സും മണി മണിയായി പറഞ്ഞും ആരാധനാമൂർത്തികളായ ഷീല ശാരദ ജയഭാരതിമാരുടെ അഭിനയ ശൈലികൾ മാറി മാറി പ്രദർശിപ്പിച്ചും ഞാൻ അവിടെ ഉത്ഘാടനത്തിന് എത്തിയ മുഴുവൻ പേരിലും മതിപ്പുണ്ടാക്കാൻ നോക്കി . ഇത് കഴിഞ്ഞാലുടനെ അവരൊക്കെ എന്നെ വാനോളം പൊക്കും എന്ന അമിതവിശ്വാസത്തിൽ ഞാനങ്ങനെ വിരാജിച്ചു നിൽക്കെ അതാ കേൾക്കുന്നു സംവിധായകന്റെ ഉറക്കെയുള്ള ശബ്ദം.... CUT !!!! അഭിനയത്തിന്റെ ഉത്തുംഗ ശ്റുംഘ ത്തിൽ നിന്നിരുന്ന ഞാൻ ചെറുതായി ഒന്ന് നിലം പതിക്കുന്നു. അപ്പോൾ കേൾക്കാം നന്ദകുമാറിന്റെ ശബ്ദം. “കുട്ടീ ദാ അവിടെയാണ് audience ഇരിക്കുന്നത്. അങ്ങോട്ട് face ചെയ്തു dialogue പറയണം.” എന്ത് ! ഓഡിയൻസോ? ഞാനെന്തിന് അവരെ നോക്കി പറയണം? ഞാൻ സംസാരിക്കുന്നത് കഥാ പാത്രത്തിനോടല്ലേ? അന്ന് എനിക്കാ നിർദേശം ഒട്ടും ഉൾക്കൊള്ളാ നായില്ല എന്ന സത്യം 47 വർഷങ്ങൾക്കു ശേഷം ഞാനിതാ ഇവിടെ കുമ്പസരിക്കുന്നു. അതോടെ ആവേശം കുറച്ചു കുറഞ്ഞു. അപ്പോഴതാ വരുന്നു അടുത്ത correction. “കുട്ടീ... മൈക്കിന്റെ മുൻപിൽ വന്നു dialogue പറയണം.” മൈക്കോ? സത്യം പറഞ്ഞാൽ അങ്ങനെയൊരു "prop " നെക്കുറിച്ചുള്ള ചിന്ത എന്റെ മനസ്സിനക്കരെ പോലും ഉണ്ടായിരുന്നില്ല. എന്റെ അഭിനയത്തിന്റെ ബൈബിളിൽ കഥാപാത്രങ്ങൾ മാത്രമാണുണ്ടായിരുന്നത്. ഉറക്കെ പറഞ്ഞില്ലെങ്കിൽ dialogues മൈക്ക് catch ചെയ്യില്ലത്രേ !!. സംഭാഷണങ്ങൾ ഉറക്കെ പറയേണ്ടി വന്നപ്പോൾ അതിന്റെ മൗലികത്വം നഷ്ടപ്പെടുന്നതായി എനിക്ക് തോന്നി.
മുറി മുഴുവൻ തോന്നിയ പോലെ നടന്ന് ഡയലോഗ് ഡെലിവറി നടത്തിയ എന്റെ ചലനങ്ങളും നിയന്ത്രിച്ചതോടെ സിനിമകൾ മാത്രം കണ്ട് അഭിനയം വിഭാവന ചെയ്ത എനിയ്ക്കു മതിയായി. അവിടെ കൂടിയിരുന്ന പ്രായം ചെന്ന കാരണവന്മാരെപ്പോലെയുള്ള വലിയ വലിയ ആൾക്കാരുടെ ദാക്ഷിണ്യമില്ലാത്ത നോട്ടത്തിനു മുൻപിൽ ഞാനൊരുതരം വളിച്ച കറി പോലെ നിന്ന് പുളിച്ചു.. അഭിനയം എനിക്ക് പറ്റിയ തൊഴിൽ അല്ലെന്നും നാടകം വേറൊരു സംഭവമാണെന്നും ഏറെ ഇച്ഛാഭംഗത്തോടെ മനസ്സിലാക്കിയ ഞാൻ പിറ്റേ ദിവസം തൊട്ട് റിഹേർസലിന് പോകുന്നില്ല എന്ന് തീരുമാനിച്ചു. പക്ഷെ ഒരുപാട് ക്ഷമയോടെ... ഒരുപാട് വാത്സല്യത്തോടെ... എന്നെ നാടകം എന്താണെന്നും stage എന്താണെന്നും അരങ്ങിലെ അഭിനയം എന്താണെന്നും നന്ദകുമാറെന്ന സംവിധായകൻ പഠിപ്പിച്ചു തന്നു. മാത്രമല്ല എന്റെ അഭിനയത്തോടുള്ള അതിരുകവിഞ്ഞ അഭിനിവേശവും ഭ്രമവും തിരിച്ചറിഞ്ഞു ആ നാടകത്തിൽ ഒരു പാട്ട് സീൻ add ചെയ്തു തരികയും ചെയ്തു. നാടകം ഗംഭീരവിജയമാകുകയും അന്നത്തെ newgen ഫേസിനെ പ്രേക്ഷകർ സഹർഷം സ്വീകരിക്കുകയും ചെയ്തു. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല എന്ന പതിവ് ഡയലോഗ് ഞാനിവിടെ ആവർത്തിക്കുന്നു.
എഴുപതുകളിൽ ഇവിടെ ആകെ ഒരേ ഒരു നടി മാത്രമാണുണ്ടായിരുന്നത്. അതുകൊണ്ടു തന്നെ രണ്ടാം സ്ഥാനത്തേക്ക് വലിയ ബുദ്ധിമുട്ടുകളോ കാലതാമസമോ ഇല്ലാതെ ഞാൻ അവരോധിക്കപ്പെട്ടു.
നൃത്തരംഗത്തും ഗാനരംഗത്തും വരുന്നതിൽ പൊതുവെ സ്ത്രീകൾക്ക് വിമുഖത ഉണ്ടായിരുന്നില്ല. പക്ഷെ നാടകനടി എന്ന ലേബലിന് എന്തോ ഒരു നിലവാരക്കുറവുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അത്ര rosy ആയിരുന്നില്ല കടന്നു വന്ന വഴികൾ. ആദ്യമൊക്കെ പുച്ഛത്തിലൊതുങ്ങിയിരുന്ന പ്രതികരണങ്ങൾ പോകെപ്പോകെ എതിർപ്പുകളിലേക്കും അകാരണമായ ശത്രുതയിലേക്കും മാറി. പക്ഷെ അപ്പോഴേക്കും ഒരു ശക്തിക്കും പറിച്ചു മാറ്റാനാവാത്ത വിധം ഞാൻ നാടകങ്ങളെ നെഞ്ചോടു ചേർത്ത് നിർത്താൻ തുടങ്ങിയിരുന്നു. അത് പണത്തിനോ പ്രശസ്തിക്കോ വേണ്ടിയുള്ള സ്നേഹമായിരുന്നില്ല. മറിച്ചു കലയോടുള്ള unconditional love അല്ലെങ്കിൽ അടങ്ങാത്ത തൃഷ്ണ. വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും അണയാതെയും ആളിക്കത്താതെയും, ഒരു ഇടവേള പോലും നൽകാതെയും, ഇന്നും ഞാനാ ജ്വാല എന്റെ മനസ്സിൽ സൂക്ഷിക്കുന്നു.
കഷ്ട്ടിച്ചു നൂറു പേർക്കിരിക്കാവുന്ന ഓഡിറ്റോറിയമായിരുന്നു മനാമയിൽ പ്രവർത്തിച്ചിരുന്ന സമാജത്തിന്റേത്. പക്ഷെ ശക്തവും ആവേശകരവും ആരോഗൃകരവുമായ അനേകം കലാപരിപാടികളും നാടക മത്സരങ്ങളും അവിടെ നടന്നിരുന്നു.
BKAC എന്ന സംഘടനയുടെ നാടകങ്ങളിൽ ഞാൻ പതിവായി അഭിനയിച്ചിരുന്ന കാലഘട്ടം. മൊയ്തു അഴിയൂരിന്റെ രചനയും കെപിഎം കുട്ടിയുടെ സംവിധാനവും എന്നിലെ നടിയെ ഒട്ടേറെ വളർത്തി. കുറ്റവാളികൾ, ശാപരശ്മി, അലയടങ്ങാത്ത ബഹ്ർ എന്നീ നാടകങ്ങളിലെ അഭിനയത്തിന് നല്ല നടിയുടെ അവാർഡ് മൂന്നു തവണ സമാജത്തിൽ നിന്ന് ലഭിക്കുകയുണ്ടായി. ആയിടക്കാണ് നാടകാചാര്യനായ ഇബ്രാഹിം വെങ്ങരയുടെ കടന്നു വരവ്. ഞാൻ ആദ്യമായി എഴുതിയ ഹിമാഗ്നി എന്ന നാടകമുൾപ്പടെ അദ്ദേഹത്തിന്റെ സംവിധാനത്തിന് കീഴിൽ 3 നാടകങ്ങളിൽ (ജഹന്ന പുഷ്പങ്ങൾ, സാക്ഷി) അഭിനയിക്കാൻ സാധിച്ചു. പരിമിതികൾ തിരിച്ചറിഞ്ഞു എന്നിലെ നടിയെ കൃത്യമായ ശിക്ഷണത്തിലൂടെയും മാർഗനിർദ്ദേശ്ശങ്ങളിലൂടെയും സ്ഫുടം ചെയ്തെടുക്കാൻ വെങ്ങര ഏറെ ശ്രദ്ധിച്ചിരുന്നു.
ഡി. ഫിലിപ്പ് എന്ന മഹാരഥന്റെ കൂടെ അക്കാലത്തഭിനയിച്ച “ശാന്തമാകാത്ത കടലും” മൊയ്തു അഴിയൂർ രചിച്ച “അലയടങ്ങാത്ത ബഹറും” പേരിൽ സാമ്യമുണ്ടെങ്കിലും ഇതിവൃത്തത്തിൽ തികച്ചും വ്യത്യസ്തമായ നാടകങ്ങളായിരുന്നു.
മറ്റുള്ളവരുടെ നാടകങ്ങളിൽ അഭിനയിക്കുമ്പോൾ പലപ്പോഴും തോന്നിയിരുന്ന, എന്നാൽ പറയാൻ ഭയന്നിരുന്ന, വിയോജിപ്പുകൾക്കു അന്ത്യം കുറിച്ച് കൊണ്ട് 1985 ൽ പ്രകാശ് സംവിധാന രംഗത്തേക്ക് കടന്നു വരികയും സമന്വയം എന്ന കെ സ് നമ്പൂതിരിയുടെ നാടകം വിജയകരമായി രണ്ടു ദിവസം അവതരിപ്പിക്കുകയും ചെയ്തതോടെ കലാജീവിതത്തിലെ മറ്റൊരു phase ലേക്ക് ഞാൻ കാലെടുത്തു വെയ്ക്കുകയായിരുന്നു.
ആവർത്തിച്ച വിജയഗാഥകൾക്കൊപ്പം അദൃശ്യരായ ശത്രുക്കളും അപ്രതീക്ഷിതമായ പ്രഹരങ്ങളും ഞങ്ങളെ തേടി എത്തിക്കൊണ്ടിരുന്നു. പക്ഷിശാത്രം എന്ന സുന്ദരൻ കല്ലായിയുടെ പ്രശസ്തമായ നാടകം അവതരിപ്പിക്കാനൊരുങ്ങിയ ഞങ്ങൾക്കു നേരിടേണ്ടി വന്നത് കടുത്ത പാരകളെയായിരുന്നു. ഇന്ത്യൻ എംബസിക്കു ആരോ കൊടുത്ത പരാതിയുടെ ഫലമായി സ്ക്രിപ്റ്റ് മുഴുവൻ ഇംഗ്ലീഷീലേക്ക് തർജമ ചെയ്യേണ്ടി വന്നു. ബഹ്റൈനിലെ മതിലുകൾ വൃത്തികേടാക്കുന്നു എന്ന് ministry ക്കു കൊടുത്ത പരാതി കാരണം ഒട്ടിച്ച മതിലുകളിലെ നോട്ടീസുകൾ മുഴുവനും പറിച്ചു മാറ്റേണ്ടി വന്നു. അവിടെയും തീർന്നില്ല. നാടകം തുടങ്ങി 5 മിനിട്ടു കഴിഞ്ഞപ്പോൾ മൈക്ക് കണക്ഷൻ ആരോ മനപ്പൂർവ്വം കട്ട് ചെയ്യുകയും അങ്ങനെ നാടകം നിർത്തി വെക്കേണ്ടി വരികയും ചെയ്തു. ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ഒരു തിക്താനുഭവമായിരുന്നു അത്. ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞ കാണികൾ അക്രമാസക്തരായതോടെ ബഹ്റൈനിലെ ആദ്യ ലാത്തിചാർജുണ്ടായി…… അന്നത്തെ ഇന്ത്യൻ ക്ലബ്ബിൽ. സങ്കടം കൊണ്ടും നാണക്കേടുകൊണ്ടും ഒരാഴ്ച ജോലിക്കു പോലും പോയില്ല. അടുത്ത ആഴ്ച അതേ നാടകം അതേ വേദിയിൽ അവതരിപ്പിക്കാൻ തീരുമാനിച്ചപ്പോൾ ചങ്കൂറ്റമല്ലാതെ മനസ്സിൽ പ്രതീക്ഷ ഒട്ടും ഉണ്ടായിരുന്നില്ല. എന്നാൽ ബഹ്റൈൻ നാടകചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടവും ഇന്നുവരെ ആർക്കും ഭേദിക്കാൻ പറ്റാത്ത കളക്ഷൻ റെക്കോർഡും സമ്മാനിച്ച് പക്ഷിശാസ്ത്രം ഞങ്ങൾക്കൊരു മൃതസഞ്ജീവനിയായി മാറി.
നടി ക്ഷാമം അപ്പോഴും രൂക്ഷമായിത്തന്നെ നിലനിന്നിരുന്നതുകൊണ്ട് നാടകത്തിൽ ഒന്നിൽ കൂടുതൽ സ്ത്രീ കഥാപാത്രങ്ങളുണ്ടായാൽ ഞങ്ങളുടെ tension ആരംഭിക്കുകയായി. കഥാപാത്രങ്ങൾക്ക് അനുയോജ്യരായ നടികളെക്കുറിച്ചു സ്വപ്നം കാണാൻ പോലും പറ്റില്ല. ഗതികേട് കൊണ്ട് പല compromise കളും ചെയ്യേണ്ടി വന്നിട്ടുണ്ട്. പലരും അവസാന നിമിഷത്തിൽ കാലുമാറി ഞങ്ങളെ കണ്ണീരു കുടിപ്പിച്ചിട്ടുണ്ട്. ക്ഷണിക്കപ്പെട്ട അതിഥികൾക്കും സുഹൃത്തുക്കൾക്കും മുൻപിൽ വരാമെന്നേറ്റിരുന്ന നടിമാർ വരാതെയായപ്പോൾ “ദീപം സന്ധ്യാദീപ” ത്തിന്റെ inauguration നീണ്ടു പോയതും ഒടുവിൽ കൊളുത്താൻ തുടങ്ങിയ കൈത്തിരി കണ്ണീർതുള്ളികൾ വീണു കെട്ടു പോകാതിരിക്കാൻ ഞാൻ പാട് പെട്ടതുമൊക്കെ ഇവിടെയുള്ള ഒരു ഭരണിയിൽ കയ്പേറിയ രസായനക്കൂട്ടായി ഇന്നും അവശേഷിക്കുന്നു.
കസ്തൂരിമാനിൽ ജഡ്ജിന്റെ വേഷമെടുക്കാൻ പറ്റിയ ഒരു നടിയെ കിട്ടാതെ വന്നപ്പോൾ നാട്ടിൽ നിന്നും കുട്ട്യേടത്തി വിലാസിനിയെ കൊണ്ടുവന്നും ഹാസ്യ കഥാപാത്രത്തിന്റെ പൂർണതക്കു വേണ്ടി നാട്ടിൽ നിന്നും രണ്ടു തവണ നമശ്ശിവായനെ കൊണ്ടുവന്നും ഞങ്ങൾ നാടകം അവതരിപ്പിച്ചിരുന്നു (തേവാരം, സമാവർത്തനം). കസ്തൂരിമാൻ പരാജയപെട്ടു. എന്നാൽ തേവാരവും സമാവർത്തനവും തൊപ്പിയിലെ പൊൻതൂവലുകൾ തന്നെയാണ്.
പിന്നീട് ചെയ്ത ഫ്രാസൻസിസ് ടി മാവേലിക്കരയുടെ ആതിരനിലാവ് 3 തവണ കളിച്ച ബഹ്റൈനിലെ ഏക നാടകമാണ്. ഡിസംബർ മാസത്തിലെ കൊടും തണുപ്പും ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത വിധം കോരിച്ചൊരിയുന്ന മഴയും. ഗുദേബിയയിലുണ്ടായിരുന്ന സമാജം കെട്ടിടത്തിന് ചുറ്റും മുട്ടറ്റം വന്നു വെള്ളം മൂടിയപ്പോഴും സ്റ്റേജും ബാക് സ്റ്റേജും ചോർന്നൊലിച്ചപ്പോഴും റിഹേഴ്സൽ ഒരു ദിവസം പോലും ഞങ്ങൾ നിർത്തി വെച്ചില്ല. കലാകാരന്മാരുടെ ഉള്ളിലെ തീയണക്കാൻ ഒരു തണുപ്പിനും മഴക്കും കഴിയില്ല എന്ന് മനസ്സിലാക്കിയ ദിവസങ്ങളായിരുന്നു അവ. കലാപരമായും സാമ്പത്തികമായും ഏറെ വിജയിച്ച ഈ നാടകത്തിലൂടെ സമാജം ബിൽഡിംഗ് ഫണ്ടിലേക്ക് ഒരു വലിയ തുക സംഭാവന ചെയ്യാൻ സാധിച്ചത് മനസ്സിന്ഏറെ കൃതാർത്ഥത തന്ന ഒരു കാര്യമാണ്.
പിന്നീട് വന്ന “ടിപ്പുവിന്റെ ആർച്ചയെ” ഒരു "മിനി ബാഹുബലി" ആയാണ് ഇന്നും പ്രേക്ഷകർ ഓർക്കുന്നത്. കണ്ണഞ്ചിക്കുന്ന വേഷവിധാനങ്ങളാലും സെറ്റുകളാലും നൃത്തങ്ങളാലും സമ്പുഷ്ടമായിരുന്നു ആ നാടകം. വെറും ഒരു മാസം കൊണ്ട് ഏകദേശം അമ്പതിൽ പരം കലാകാരന്മാരെയും കളരിപ്പയറ്റുകാരെയും ഏകോപിപ്പിച്ചു രംഗത്ത് കൊണ്ടുവരാനായി നന്നായി പ്രയത്നിക്കേണ്ടി വന്നു. വസ്ത്രങ്ങളും ആഭരണങ്ങളും തിരഞ്ഞെടുക്കാൻ ബോംബെ വരെ പോയ സാഹസികതകൂടി ടിപ്പുവിന്റെ ആർച്ചയുടെ ക്രെഡിറ്റിൽ പെടുത്താം. പക്ഷെ ഓരോ ബുദ്ധിമുട്ടുകളും വെല്ലുവിളികളും ആസ്വദിച്ചുകൊണ്ട് തരണം ചെയ്യുമ്പോഴുണ്ടാകുന്ന ആ thrill ഏറെ ആസ്വദിക്കുന്ന ഒരാളാണ് ഞാൻ.
എന്നാൽ ഞങ്ങളുടെ സർവകാല റെക്കോർഡുകളും ഭേദിച്ച ഒരു നാടകമായിരുന്നു ഹേമന്തകുമാറിന്റെ കുറിയേടത്തു താത്രി. നാട്ടുകാരി ആയതുകൊണ്ടോ കുട്ടിക്കാലം തൊട്ടേ താത്രിക്കഥകൾ ഏറെ പറഞ്ഞു കേട്ടിട്ടുള്ളതുകൊണ്ടോ രചനയുടെ ശക്തി കൊണ്ടോ എന്തോ ….ഞാനും പ്രേക്ഷകരും ഒരുപോലെ നെഞ്ചോടു ചേർത്ത് വെച്ച കഥാപാത്രമാണ് കുറിയേടത്തു താത്രി. ഇന്നും അഭിനയിച്ചു പൂതി തീരാത്ത എന്റെ ഏക കഥാപാത്രവും താത്രി തന്നെ. താത്രി ആയിരുന്നു അവസാനം ചെയ്ത നാടകം. കോവിഡ് കാലം കഴിഞ്ഞു ശക്തമായ ഒരു നാടകവുമായി അരങ്ങിൽ തിരിച്ചെത്താൻ അക്ഷമയോടെ കാത്തിരിക്കുകയാണ് ഞാൻ .
കാശ്മീരിൽ നിന്നൊരു കവിത, അത്തം പത്തിന് പൊന്നോണം, സ്വപ്നം കൊണ്ടൊരു ..., തുല്യ ദുഖിതർ, അണ്ടർവെയെർ, മുഖമില്ലാത്തവർ, ജലരേഖ...അങ്ങനെ ചെറുതും വലുതുമായ 50 ഓളം നാടകങ്ങളിൽ ഇതുവരെയായി അഭിനയിച്ചിട്ടുണ്ട്. 3 നാടകങ്ങൾ എഴുതി, അതിൽ ഹിമാഗ്നി ഒഴിച്ച് മറ്റു രണ്ടെണ്ണവും (ഒരു മുത്തശ്ശിക്കഥ , ഒരു മുത്തശ്ശിക്കഥ കൂടി) സംവിധാനം ചെയ്തു. ഡാൻസ്, പാട്ട്, mono act , mime , ഒപ്പന , fusion ballets, fashion shows..... അങ്ങനെ സമാജത്തിലെ ഒരു സർവവ്യാപിയായിരുന്നു കുറെ കാലം.
ഇതിനിടയിൽ കേരള സംഗീത നാടക അക്കാദമിയുടെ പ്രഥമ കലാശ്രീ പുരസ്കാരം എന്നെ തേടി എത്തിയത് എന്റെ കലാ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയും അഭിമാനവുമായി ഞാൻ കാണുന്നു.
കടന്നു വന്ന വഴികളിൽ മറക്കാനാവാത്ത വേറെയും ഒരു പാട് വ്യക്തിത്വങ്ങളുണ്ട്. വീവി, ജോസഫ് വി, രാജൻ ബ്രോസ്, TP അബ്ദുള്ള, Vincent Rodrigues, GA നായർ, PS മേനോൻ, മാരാര്, ബാഹുലേയൻ..... പേരുകളേറെയുണ്ടെങ്കിലും അവർ ഓരോരുത്തരുടെയും രൂപങ്ങൾ അല്പം പോലും മങ്ങാതെ.... മായാതെ മനസ്സിലുണ്ട് ഇപ്പോഴും.
ഇതുവരെ പറഞ്ഞത് എന്റെ നാടകാനുഭവങ്ങളെക്കുറിച്ചായിരുന്നു. ഇനി അല്പം സിനിമാക്കാര്യം.
നാടക തിരക്കുകൾക്കിടയിലെപ്പോഴോ സിനിമാമോഹം എന്നോ കണ്ട് മറന്ന സ്വപ്നം പോലെ എന്നിൽ നിന്നും പൂർണമായി മാഞ്ഞുപോയിരുന്നു. കാരണം നാടകാഭിനയം എനിക്ക് പൂർണ സംതൃപ്തി നൽകിയിരുന്നു.
അങ്ങനെയിരിക്കുമ്പോഴാണ് ബഹറിനിൽ ഒരു ഹൃസ്വ സന്ദർശനത്തിനെത്തിയ ലോക പ്രശസ്ത സംവിധായകൻ ശ്യാമപ്രസാദിനെ കണ്ട് മുട്ടുന്നത്. ആ പരിചയം ജീവിതത്തിലെ ഏറ്റവും വലിയ ഒരു turning point ആയി മാറുമെന്ന് എന്റെ വിദൂര സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല, ശുക്രനക്ഷത്രം തലയ്ക്കു നേരെ മുകളിൽ വന്നു നിന്ന 2009 ലെ ഒരു മെയ് മാസ നാളിൽ അനന്തപുരിയിൽ നിന്നൊരു call വന്നു. എന്റെയും പ്രകാശിന്റെയും photos ഉടനെ അയക്കു എന്ന് പറഞ്ഞപ്പോൾ എന്തിനാണെന്ന് ചോദിക്കാനുള്ള ധൈര്യം പോലുമുണ്ടായിരുന്നില്ല. വേണ്ടാതെ മനപ്രയാസം കുടിക്കേണ്ടെന്നു ഞാനും പ്രകാശും പരസ്പരം ഓർമക്കത്തുകൾ കൈമാറിക്കൊണ്ടിരുന്നെങ്കിലും സിനിമാഭ്രാന്തിന്റെ പഴയ ഭൂതം കുടം തുറന്നു പുറത്തു വരാൻ തുടങ്ങിയിരുന്നു. ആകാംക്ഷയുടെ ശരശയ്യയിൽ നിന്ന് second ഹീറോയിന്റെ പട്ടുമെത്തയിലേക്കു വീണ ആ വീഴ്ചയുടെ സുഖം പറഞ്ഞറിയിക്കാൻ തക്ക പദങ്ങളോ പ്രയോഗങ്ങളോ എന്റെ കൈയിൽ ഇല്ല. മനസ്സിൽ ഓടിയെത്തിയത് Paulo Coelho വിന്റെ പ്രഖ്യാതമായ വരികളാണ് “. When you want something the whole universe conspires in helping you to achieve it”.
അതെ… സംശുദ്ധമായും ദൃഢമായും ഒരു കാര്യം ആഗ്രഹിച്ചാൽ പ്രപഞ്ചശക്തി അത് നമുക്ക് നേടിത്തരിക തന്നെ ചെയ്യും. പടിഞ്ഞാറ്റിയുടെ ചുവരിൽ റാന്തൽ വിളക്കിന്റെ നാളം സൃഷ്ടിച്ചിരുന്ന സ്വന്തം നിഴലാട്ടങ്ങൾ ട്രോളി ഷോട്ടുകളായി സങ്കൽപ്പിച്ച് മനപ്പായസം കുടിച്ചിരുന്ന ഒരേഴു വയസ്സുകാരിയുടെ ഏറ്റവും വലിയ അഭിലാഷമായിരുന്നു അന്ന് “ഋതു” വിലൂടെ പൂവണിഞ്ഞത്.
അതേ പോലെത്തന്നെ ശക്തമായ ഒരാഗ്രഹമായിരുന്നു MT സാറിന്റെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുക എന്നുള്ളത്. ലാൽ ജോസിന്റെ മീശമാധവനും ചാന്തുപൊട്ടും കണ്ട് നിലത്തു വീണുരുണ്ടു ചിരിച്ചിരുന്നു. ആകാശത്തെ ആ രണ്ടു നക്ഷത്രങ്ങളെ അടുത്ത് കണ്ടതും നീലത്താമരയിലെ രത്നത്തെ അവതരിപ്പിക്കാൻ കഴിഞ്ഞതും ഒരു സുകൃതമായാണ് ഞാൻ കാണുന്നത്.
അവിടുന്നിങ്ങോട്ടു 8 സിനിമകളിൽ അഭിനയിച്ചു. മമ്മൂട്ടിയുടെ കൂടെ ഡബിൾസ്, ഫഹദ് ഫാസിലിന്റെ കൂടെ ഡയമണ്ട് നെക്ലേസ്, പൃഥ്വിരാജിന്റെ കൂടെ ആദം ജോൺ, ജോൺ ബ്രിട്ടാസിന്റെ കൂടെ വെള്ളി വെളിച്ചത്തിൽ, കുഞ്ചാക്കോ ബോബന്റെ കൂടെ കുട്ടനാടൻ മാർപ്പാപ്പ. The King Fish എന്ന അനൂപ് മേനോൻ രഞ്ജിത്ത് ചിത്രമാണ് ഇനി റിലീസാവാൻ ഉള്ളത്. ചെറുതെങ്കിലും കഥയിൽ ഏറെ പ്രാധാന്യമുള്ള ഒരു റോളായതുകൊണ്ടും ചെയ്യാനിഷ്ടപ്പെട്ട കഥാപാത്രമായതുകൊണ്ടും ഒരുപാടു പ്രതീക്ഷയോടെയും പ്രാർത്ഥനയോടെയുമാണ് ഞാനിതിന്റെ റിലീസിന് വേണ്ടി കാത്തിരിക്കുന്നത്.
3 വര്ഷം മുൻപ് ദുബായിൽ നിന്നൊരു കാൾ. സംവിധായകൻ നൗഷാദിൽ നിന്നായിരുന്നു . പൂർണമായും ജോർജിയയിൽ വെച്ചെടുക്കുന്ന “സാവന്നയിലെ മഴപ്പച്ചകൾ” എന്ന അവരുടെ ഷോർട്ഫിലിമിലേക്ക്ക്കുള്ള ക്ഷണമായിരുന്നു അത്. ആവർത്തനമാണെങ്കിലും പറയാതെ വയ്യ. ജീവിതത്തിലെ മറ്റൊരു അപൂർവ സൗഭാഗ്യം. ഇതുവരെയായി 48 ഓളം അവാർഡുകൾ വിവിധ ഇനങ്ങളിലായി നേടിയ ഈ ഹൃസ്വചിത്രം ഒട്ടേറെ തവണ എനിക്ക് Best Actress പുരസ്കാരം നേടിത്തരികയുണ്ടായി. കഴിഞ്ഞ വർഷത്തെ കേരള സ്റ്റേറ്റ് ഗവണ്മെന്റിന്റെ 3 അവാർഡുകൾ നേടിയ സാവന്ന ഇന്നും എന്റെയും പ്രേക്ഷരുടെയും മനസ്സിൽ മഴപ്പച്ചകൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു.
പിന്നെ ചെയ്തത് രാംഗോപാൽ മേനോന്റെ Death of So and So . ജീവിതത്തിൽ ഒരിക്കൽ മാത്രം എനിക്ക് ലഭിച്ച നെഗറ്റീവ് കഥാപാത്രം.
ശേഷം ചെയ്ത ഹരീഷ് മേനോന്റെ The Knock എനിക്ക് ഒരുപാട് പ്രതീക്ഷയുള്ള ഒരു സിനിമയാണ്. തികച്ചും വ്യത്യസ്തമായ ഒരു വേഷമാണ് ഞാനതിൽ ചെയ്തിരിക്കുന്നത്.
ക്ളാസ്സെന്നൊ മാസ്സെന്നോ വ്യത്യാസമില്ലാതെ..... കൊടിയിറങ്ങാത്ത ഉത്സവം പോലെ.... വരുംകാലങ്ങളിലും ഈ അഭിനയ സപര്യ തുടരാൻ നിങ്ങളുടെ സപ്പോർട്ടും സ്നേഹവും എനിക്ക് നൽകുമെന്ന് പ്രതീക്ഷിച്ചു കൊണ്ട്,
സസ്നേഹം, സവിനയം സ്വന്തം ജയചേച്ചി (Jaya Menon)