കാശ്മീർ ജനതയുടെ അതിജീവന പോരാട്ടത്തിൻ്റെ നേർക്കാഴ്ചയുമായി ബ്രോക്കൺ ക്യാമറ.
രാഷ്ട്രീയ ചൂതാട്ടത്തിന് വേണ്ടി സാധാരണ മനുഷ്യര്‍ പന്താടപ്പെടുന്നത് ലോകത്തില്‍ സര്‍വ്വ സാധാരണമായിക്കൊണ്ടിരിക്കുന്നു. സമകാലീന സാഹചര്യത്തില്‍ സാധാരണ പൗരന്റെ അതിജീവന സമരം അടിച്ചമര്‍ത്തപ്പെടുന്ന ലോകത്തിലെ എല്ലാ ജനതക്കുമുള്ള ഉണര്‍ത്ത് പാട്ടാണ്.
അത്തരമൊരു ഉണര്‍ത്ത് പാട്ട് തന്നെയാണ് മലയാളി ഡോക്യുമെന്ററി സംവിധായകന്‍ ഗോപാല്‍ മേനോന്റെ “ബ്രോക്കണ്‍ ക്യാമറ” എന്ന ഹ്രസ്വ ഡോക്യുമെന്ററി ചലച്ചിത്രം.
സംഘര്‍ഷ ഭൂമികളില്‍ ക്യാമറ ഒരു രാഷ്ട്രീയ ഉപകരണമായിക്കണ്ട ഗോപാല്‍ മേനോന്റെ ഹേ റാം : ജനസൈഡ് ഇന്‍ ദ ലാന്റ് ഓഫ് ഗാന്ധി (Hey Ram: Genocide in the Land of Gandhi’),നാഗാ സ്റ്റോറി-ദ അദര്‍ സൈഡ് ഓഫ് സൈലന്‍സ് [Naga Story-The other side of silence], ദ കില്ലിങ്ങ് ഫീ ല്ഡ് ഓഫ് മുസാഫിര്‍ നഗര്‍ [The Killing field of Musafir Nagar] തുടങ്ങിയ ഡോക്യുമെന്ററികള്‍ ദേശീയ അന്തര്‍ദേശീയ ശ്രദ്ധപിടിച്ചു പറ്റിയിട്ടുണ്ട്.
‘ദി ബ്രോക്കന്‍ ക്യാമറ’ (The Broken Camera )എന്ന ഹ്രസ്വ ഡോക്യുമെന്ററി ചലച്ചിത്രം മൈ റോഡ് റീല്‍ ( My Road Reel ) അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. കാശ്മീരി ജനതയുടെ അതിജീവന കഥയാണ് രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രം പറയുന്നത്.
സംഘര്‍ഷഭരിതമായ കാശ്മീരി താഴ്‌വരയില്‍ സ്വന്തം ശബ്ദവും- കാഴ്ചയും- ശരീരവും നഷ്ടപ്പെട്ട, അതുകൊണ്ട് മാത്രം തൊഴില്‍ സാധ്യതകള്‍ തേടിയ, ഒരു സാധാരണ പൗരന്റെ ജീവിതം എങ്ങനെ ഭരണകൂടം ചവിട്ടി മെതിക്കുന്നു എന്നു ഡോക്യുമെന്ററി ചര്‍ച്ച ചെയ്യുന്നു. രണ്ടര മിനിറ്റുള്ള ഡോക്യുമെന്ററി രണ്ടര പതിറ്റാണ്ടിന്റെ കാശ്മീര്‍ ചരിത്രം പറയുന്നു എന്നതാണ് വസ്തുത.
സുഹൈബ് മഖ്ബൂല് ഹംസ മികച്ച ഫോട്ടോ ജേര്‍ണലിസ്റ്റ് ആയിരുന്നു. നേച്ചര്‍ ഫോട്ടോഗ്രാഫറായും ഫാഷന്‍ ഫോട്ടോഗ്രാഫറായും റേഡിയോ ജോക്കിയായും ജോലിചെയ്തിട്ടുള്ള അദ്ദേഹം രണ്ട് ഫീച്ചര്‍ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
2016ല്‍ ഒരു ദിവസം സമാധാനപരമായിനടന്നിരുന്ന ഒരു പ്രതിഷേധ സമരത്തിന്റെചിത്രങ്ങള്‍ എടുക്കുന്നതിനിടെ സൈന്യം സമരക്കാര്‍ക്കെതിരെ നടത്തിയ പെല്ലറ്റ് ആക്രമണത്തില്‍ അദ്ദേഹത്തിന് ഭാഗികമായി കാഴ്ച നഷ്ടപ്പെട്ടു.
സംഘര്‍ഷഭരിതമായ കാശ്മീര് താഴ്‌വരയില്‍ ഭരണകൂടം വര്‍ഷിച്ച പെല്ലറ്റുകളാല്‍ കാഴ്ച നഷ്ടപ്പെട്ടിട്ടും തന്റെ ജീവിതം തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്ന സുഹൈബ് മഖ്ബൂല് ഹംസയുടെ സ്ഥൈര്യവും ഇച്ഛാശക്തിയുമാണ് ഈ ചിത്രത്തിന്റെ പ്രമേയം.
ചിത്രത്തില്‍ ഭാഗികമായി കാഴ്ച നഷ്ടപ്പെട്ട ഫോട്ടോഗ്രാഫറായ യുവാവ് ഒരു ക്യാമറ വാങ്ങുന്നതും അത് ഉപയോഗിച്ച് വീണ്ടും ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിക്കുന്നതുമാണ് സംവിധായകന് ദൃശ്യവല്‍ക്കരിക്കുന്നത്.
കണ്ണു നഷ്ടപ്പെട്ട സുഹൈബ് മഖ്ബൂല് ഹംസ കാശ്മീരി ജനതയുടെ പ്രതീകമാണ്. അവരുടെ അതിജീവന പ്രതീകം. ഡോക്യുമെന്റെറിയില്‍ സുഹൈബ് പറയുന്നുണ്ട് കാഴ്ചയെ തിരിച്ച് പിടിക്കാന്‍ ഒരുപാട് ശസ്ത്രക്രിയകള്‍ ചെയ്തെന്ന് ഒടുവില്‍ കാഴ്ച തിരിച്ച് കിട്ടില്ലെന്നറിഞ്ഞ് ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു എന്നും.
ഒട്ടും അപകടകരമല്ല എന്ന വാദത്തിന്റെ പുറത്ത് ഭരണകൂടം സിവില്‍ സമൂഹത്തിന്റെ മുകളില്‍ നടത്തുന്ന അതിക്രമങ്ങളുടെ നേര്‍ചിത്രമാണ് സുഹൈബ് മഖ്ബൂല് ഹംസയുടെ ജീവിതം. പ്രണയിനി അവനെ ജീവിതത്തിന്റെ അതിജീവനത്തിന്റെ പാത കാണിക്കുന്നു. ഇന്ന് സുഹൈബ് ആര്‍ജവത്തോടെ നിരവധി പ്രൊജക്ടുകള്‍ ചെയ്യുന്നുണ്ട് എന്ന് ഡോക്യുമെന്ററിയില്‍ പറയുന്നുണ്ട്.
പക്ഷേ കാഴ്ച നഷ്ടമായതോടെ കാശ്മീരില്‍ നിന്നുള്ള ഒരു മികച്ച നടനെ പ്രേക്ഷകര്‍ക്ക് നഷ്ടമാവുന്നുണ്ട്. ഇത്തരത്തില്‍ ഭരണകൂടം നടത്തി വരുന്ന എല്ലാ അതിക്രമങ്ങളും നമുക്ക് ഈ ഡോക്യുമെന്ററിയില്‍ കാണാന്‍ കഴിയും.
ഒരു ജനതയുടെ അതിജീവനം രേഖപ്പെടുത്തുന്ന ഈ ഹ്രസ്വ ഡോക്യുമെന്ററി മൈ റോഡ് റീല്‍ ( My Road Reel ) അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മത്സര വിഭാഗത്തിലാണ് കാണിക്കുന്നത്. പ്രേക്ഷകര്‍ക്ക് ചലച്ചിത്രമേളയിലെ ചിത്രങ്ങള്‍ ഓണ്‍ലൈനായി കാണാന്‍ കഴിയും. മേളയില്‍ ഈ ചിത്രത്തിന് മികച്ച വിജയം കൈവരിക്കാനാവട്ടെ എന്ന് പ്രത്യാശിക്കാം.