ഭാഷയില്ലാത്ത നാടകം
എ. സെബാസ്റ്റ്യൻ
ലിഖിത ഭാഷയില്ലാതെ എങ്ങനെ നാടകം സൃഷ്ടിക്കാമെന്ന് മാത്രമല്ല, അത് എങ്ങനെ കാണികൾക്ക് മനസ്സിലാക്കി കൊടുക്കാം. നാടകത്തിൻ്റെ നിലവിലുള്ള സങ്കേതം മറികടന്ന് എങ്ങനെ നാടകം ചെയ്യുവാൻ കഴിയുമെന്നതിന് ധൃഷ്ടാതമായി നിധീഷ് കരുവാക്കുണ്ട് സംവിധാനം ചെയ്ത ദ ട്രാജിക് കോമിക്സ്.
നാടകാരംഭത്തിൽ കോമിക് പറഞ്ഞു കൊണ്ട് വിഷയത്തിലേക്ക് വരുമെന്ന് തെറ്റിദ്ധരിപ്പിച്ചു കൊണ്ട് മുഴു നീളം അത് തന്നെ പിൻ തുടരുമ്പോൾ അഭിനയിക്കുന്നവർക്ക് യുക്തമെന്ന് തോന്നുന്നത് ഭാഷ ഒഴിവാക്കിക്കൊണ്ട് ആ സ്കെയിൽ പിടിക്കുമ്പോൾ എന്താണ് വിഷയമെന്ന് മറന്നു കൊണ്ട് കാണുന്നവൻ്റെ മൂഡ് അനുസരിച്ച് നാടകത്തെ കാണുമ്പോൾ, ഇത് തന്നെയല്ലേ എല്ലാ നാടകത്തിൻ്റെയും ദൗത്യമെന്ന് ഉയർന്ന് വരാം. എല്ലാ കാലത്തും ഇങ്ങനെ തന്നെയാണ് നാടകം ആസ്വദിക്കുന്നിടത്ത് നിന്നും ലിഖിത ഭാഷയില്ലാതെ നടിക്കുന്നവരുടെ ശരീരം ടൂളായി ഉപയോഗിച്ചു കൊണ്ട് നാടകത്തെ മുന്നോട്ട് കൊണ്ട് പോകുവാനാകുന്നുണ്ടെങ്കിൽ ഈ പരീക്ഷണം വിജയം തന്നെയാണ്. കാണാപാഠം പഠിച്ച ഡയലോഗുകൾക്കും ചലനങ്ങൾക്കുമപ്പുറം അപ്പോൾ തോന്നുന്നത് പറഞ്ഞ് അഭിനയിക്കുമ്പോൾ കൂടെ അഭിനയിക്കുന്നവരും ആ താളത്തിൽ വന്നില്ലെങ്കിൽ നാടകം പാളിപ്പോകും. കാലം ആവശ്യപ്പെടുന്നതെല്ലാം ഉപയോഗിച്ചു കൊണ്ട് സമകാലികമാക്കുവാനും കഴിയുമെന്നതാണ് ഗുണം.
ക്ലവുണിംഗ് നാടകമെന്ന പുതിയ രീതി നാടകത്തിൽ പരീക്ഷിച്ചു കൊണ്ട് മൈമിനും നാടകത്തിനുമപ്പുറമൊരു നാടകം ആസ്വദിക്കാൻ കഴിഞ്ഞിടത്താണ് മാറി ചിന്തിക്കുന്നവരുടെ കരുത്ത്. ശരീരം കൊണ്ട് എങ്ങനെ കൃത്യമായി പകർന്നാടാമെന്ന് അഭിനയിച്ചവർ തെളിയിച്ചു. സന്ദർഭത്തിനു അനുയോജ്യമായി സംഗീതവും വെട്ടവും നൽകിക്കൊണ്ട് മികവുറ്റതാക്കി. പരീക്ഷണങ്ങളെ അതായി കാണുവാൻ കഴിയുന്നത് രസിക്കുന്നത് കൊണ്ട് മാത്രമാണ്.